അതിരൂപതയുടെ തെരഞ്ഞെടുപ്പ് നിലപാട്: ആശ്വാസത്തോടെ യു.ഡി.എഫ്, ആശങ്കയിൽ എൽ.ഡി.എഫ്
text_fieldsതൃശൂർ: തെരഞ്ഞെടുപ്പിന് രണ്ട് നാൾ മാത്രം ശേഷിക്കെ അതിരൂപതയുടെ െതരഞ്ഞെടുപ്പ് നിലപാടിൽ ആശ്വാസത്തോടെ യു.ഡി.എഫ് ക്യാമ്പ്. ഇടത്, ബി.ജെ.പി ക്യാമ്പുകളെ ആശങ്കയിലാക്കുന്നതാണ് അതിരൂപതയുടെ പുതിയ തെരഞ്ഞെടുപ്പ് നിലപാട്. മുഖപത്രമായ പുതിയ ലക്കം 'കത്തോലിക്കാ സഭ'യിലാണ് അതിരൂപത തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കിയത്. ക്രൈസ്തവ സഭ ബി.ജെ.പിയുമായി അടുക്കുന്നുവെന്ന സൂചന സാധൂകരിക്കുംവിധം ഇതുവരെ ബി.ജെ.പിയെ പരാമർശിക്കാതിരുന്നിരുന്ന സഭ ഇപ്പോൾ രൂക്ഷവിമർശനമാണ് നടത്തിയിരിക്കുന്നത്. മതരാഷ്ട്രത്തിനായി വാദിക്കുന്നവരെ അകറ്റി നിർത്തണമെന്ന് മുഖപത്രത്തിൽ വ്യക്തമാക്കുന്നു.
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവരിൽ നിന്നും ഒന്നും ശരിയായില്ലെന്നും ശരിയായത് നേതാക്കൾക്കും ആശ്രിതർക്കും മാത്രമാണെന്നും വിമർശിക്കുന്ന മുഖലേഖനത്തിൽ പിൻവാതിൽ നിയമനവും ആഴക്കടൽ മൽസ്യബന്ധന കരാറുമുൾപ്പെടെയുള്ളവ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ലക്കങ്ങളിലടക്കം എൽ.ഡി.എഫിനെയും യു.ഡി.എഫിെനയും രൂക്ഷമായി വിമർശിച്ചിരുന്നു 'കത്തോലിക്കാ സഭ'.
തൃശൂർ, ഒല്ലൂർ, ഇരിങ്ങാലക്കുട, പുതുക്കാട്, മണലൂർ, വടക്കാഞ്ചേരി അടക്കം ക്രൈസ്തവ വോട്ടുകൾ നിർണായകമാകുന്ന മണ്ഡലങ്ങളിൽ സഭ നിലപാട് പ്രതിഫലിച്ചേക്കുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകൾ പറയുന്നത്. അഞ്ച് മണ്ഡലങ്ങളിലാണ് യു.ഡി.എഫ് വിജയപ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഇതിലുൾപ്പെടുന്നതാണ് ഈ മണ്ഡലങ്ങളും. അതേസമയം, ഇടത് ക്യാമ്പുകൾ സഭ നിലപാടിൽ ആശങ്കയിലാണ്.
നേരത്തെ, സർവേഫലങ്ങളിൽ ഇടത്പക്ഷത്തിന് മേൽക്കൈ നൽകിയതിെൻറ ആഹ്ലാദത്തിലായിരുന്നത് 'കത്തോലിക്കാ സഭ'ലേഖനം പുറത്തിറങ്ങിയതോടെ കടുത്ത സമ്മർദത്തിലായി. പ്രചാരണത്തിെൻറ മൂന്നാംഘട്ടത്തിലെത്തിയിരിക്കെ, വീടുകളിൽ കയറിയുള്ള പ്രവർത്തനങ്ങളിലാണ് മുന്നണികൾ. ദുഖവെള്ളിയിൽ ഇടത് വലത് മുന്നണികൾ വീടുകൾ കയറിയും വാഹന പ്രചാരണവും ഒഴിവാക്കിയിരുന്നു.
തൃശൂരിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ്ഗോപിയാവട്ടെ ദുഃഖവെള്ളിയിലും പ്രചാരണത്തിന് കുറവുണ്ടായില്ല. യു.ഡി.എഫ് സ്ഥാനാർഥി പത്മജ വേണുഗോപാൽ വെള്ളിയാഴ്ച ഹനഫി പള്ളിയിൽ ജുമാ നമസ്കാരത്തിനെത്തിയവരെ സന്ദർശിച്ചു. സ്വകാര്യ സന്ദർശനങ്ങളിലായിരുന്നു സ്ഥാനാർഥികൾ. ഇടത് സ്ഥാനാർഥി പി. ബാലചന്ദ്രനായി നഗരത്തിൽ യുവജന ബൈക്ക് റാലിയും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.