തിരൂരിൽ കണക്കുകൂട്ടൽ പിഴക്കുമോ?
text_fieldsതിരൂർ: ഭാഷാപിതാവിെൻറ മണ്ണിൽ ഇത്തവണ ആവേശത്തിന് പതിവിലും ചൂടാണ്. രണ്ട് മുന്നണികളും ഇത്തവണ മണ്ഡലത്തിൽനിന്നുള്ളവരെ സ്ഥാനാർഥിയാക്കിയാണ് പോരാട്ടത്തിന് ആവേശം പകർന്നത്. നിലനിർത്താനായി മുസ്ലിം ലീഗ് കുറുക്കോളി മൊയ്തീനെയും മണ്ഡല ചരിത്രത്തിലെ രണ്ടാം അട്ടിമറി ലക്ഷ്യമിട്ട് എൽ.ഡി.എഫ് സി.പി.എമ്മിലെ ഗഫൂർ പി. ലില്ലീസിനെയുമാണ് കളത്തിലിറക്കിയിരിക്കുന്നത്. പരമാവധി വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പിയും എസ്.ഡി.പി.ഐയും രംഗത്തുണ്ട്. ബി.ജെ.പിക്കു വേണ്ടി മുൻ കാലിക്കറ്റ് വി.സി ഡോ. എം. അബ് ദുൽ സലാമും എസ്.ഡി.പി.ഐക്കായി അഷ്റഫ് പുത്തനത്താണിയുമാണ് മത്സരിക്കുന്നത്.
പുറമെ ആറ് സ്വതന്ത്ര സ്ഥാനാർഥികളുമുണ്ട് കളത്തിൽ. പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ യു.ഡി.എഫും എൽ.ഡി.എഫും ആത്മവിശ്വാസത്തിലാണ്. തിരൂരിൽ പണി പൂർത്തിയാവാത്ത മൂന്ന് പാലങ്ങളാണ് മുന്നണികളുടെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം. നിലവിലെ എം.എൽ.എയുടെ അനാസ്ഥയാണ് നഗര വികസന മുരടിപ്പിന് കാരണമെന്ന് എൽ.ഡി.എഫ് ആരോപിക്കുമ്പോൾ സംസ്ഥാന സർക്കാർ അവഗണനയാണ് പദ്ധതികൾ പൂർത്തിയാവാത്തതിന് കാരണമെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്ന വെൽഫെയർ പാർട്ടിയും പി.ഡി.പിയും ഇത്തവണ രംഗത്തില്ല. അവരുടെ വോട്ടുകൾ ആർക്കാണ് ലഭിക്കുക എന്നതും നിർണായകമാണ്.
നിയമസഭ തെരഞ്ഞെടുപ്പുകളില്‍ 15ല്‍ 14 തവണയും ലീഗ് സ്ഥാനാര്‍ഥികളാണ് മണ്ഡലത്തിൽ വിജയക്കൊടി നാട്ടിയത്. 2006ല്‍ മാത്രമാണ് ലീഗിന് തിരൂരില്‍ തിരിച്ചടി നേരിട്ടത്. 2006ലുണ്ടായ ലീഗ് വിരുദ്ധ തരംഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറിയായിരുന്ന പരേതനായ പി.പി. അബ്ദുല്ലക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീറിനെ 8,680 വോട്ടുകൾക്ക് അട്ടിമറിച്ചെങ്കിലും 2011ൽ പി.പി. അബ്ദുല്ലക്കുട്ടിയെ 23,566 വോട്ടുകൾക്ക് തോൽപിച്ച് സി. മമ്മുട്ടിയിലൂടെ ലീഗ് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു. 2016ൽ ഇത്തവണത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയായ ഗഫൂർ പി. ലില്ലീസ് മമ്മുട്ടിയുടെ ഭൂരിപക്ഷം 7,061 ആയി കുറച്ചു. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ഇ.ടിക്ക് 41,385 വോട്ടിെൻറ ലീഡാണ് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.