മരണത്തിൽ ദുരൂഹതയെന്ന പരാതി; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു
text_fieldsതിരൂരങ്ങാടി: മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യയുടെയും മക്കളുടെയും പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. താഴെ ചേളാരി ചോലക്കൽ വീട്ടിൽ തിരുത്തുമ്മൽ അബ്ദുൽ അസീസിെൻറ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
തിങ്കളാഴ്ച രാവിലെ 10ന് തിരൂർ ആർ.ഡി.ഒ സൂരജ് ഷാജിയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. താഴെ ചേളാരി വൈക്കത്ത്പാടം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽനിന്ന് പുറത്തെടുത്ത മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് അഞ്ചോടെ ഇതേ ഖബർസ്ഥാനിൽ മറവ്ചെയ്തു.
ട്രോമാകെയർ വളൻറിയർ താണിക്കൽ ഫൈസലാണ് മൃതദേഹം ഖബറിൽനിന്ന് എടുക്കാൻ നേതൃത്വം നൽകിയത്. ജൂലൈ 31ന് മരിച്ച അസീസിെൻറ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ഭാര്യയും മക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. അസീസിെൻറ സഹോദരനും മകനും മറ്റു ബന്ധുക്കളും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി. താനൂർ ഡിവൈ.എസ്.പി ഷാജി, തിരൂരങ്ങാടി എസ്.എച്ച്.ഒ സന്ദീപ് കുമാർ, തിരൂരങ്ങാടി എസ്.ഐ എസ്.കെ. പ്രിയൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി.
നടക്കാൻ വഴിയില്ല; അന്ത്യയാത്രയിലും ദുരിതംപേറി ദലിത് കുടുംബം
പരപ്പനങ്ങാടി: നഗരസഭ 15ാം ഡിവിഷനിലെ വടക്കേ എരഞ്ഞിപ്പുഴക്ക് സമീപം താമസിക്കുന്ന കുടുംബങ്ങൾ വഴിയില്ലാതെ ദുരിതം പേറുന്നു. ചളി നിറഞ്ഞ പറമ്പിലൂടെ പ്രദേശവാസിയുടെ അന്ത്യയാത്ര വേദനിക്കുന്ന കാഴ്ചയായി. നടന്നുപോകാനോ അസുഖബാധിതരെ റോഡിലെത്തിക്കാനോ സൗകര്യങ്ങളില്ല. കഴിഞ്ഞ ദിവസം രോഗബാധിതനായി മരിച്ച ചെറുമണ്ണിൽ വേലായുധനെ ആശുപത്രിയിൽ കൊണ്ടുപോകാനും വീട്ടിലേക്ക് കൊണ്ടുവരാനും സംസ്കാരത്തിന് കോട്ടത്തറയിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാനും നന്നെ പ്രയാസപ്പെട്ടു.
മഴ പെയ്ത് വഴിയിൽ ചളി നിറഞ്ഞതോടെ കടുത്ത പ്രയാസമാണ് നേരിട്ടത്. ഇവിടെയുള്ളവർക്ക് കിഴക്ക് ഭാഗത്തെ അയ്യപ്പൻതറ ഭാഗത്തെ റോഡിലേക്കോ പടിഞ്ഞാറ് ഭാഗത്തെ ഉള്ളണം റോഡിലേക്കോ എത്തിയാലേ അങ്ങാടികളിൽ പോകാൻ പറ്റുകയുള്ളൂ. മഴക്കാലമാവുന്നതോടെ തീർത്തും ഒറ്റപ്പെടുകയാണ്. എരഞ്ഞിപ്പുഴത്തറ കുടുംബങ്ങൾക്ക് നടന്നുപോകാൻ വഴിയൊരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.