കുഞ്ഞമ്പു കാത്തു, ഉദുമയുടെ പോരാട്ട ചരിത്രം
text_fieldsഉദുമ: ഉദുമയിലെ ഇടതു മേധാവിത്തത്തിെൻറ നാലുപതിറ്റാണ്ട് ചരിത്രമാണ് കുഞ്ഞമ്പു കാത്തത്. ഇത്തവണ കടുത്ത പോരാട്ടമാണ് നേരിട്ടത്. ഒരു ഘട്ടത്തിൽ പരാജയം വരെ മണത്തിരുന്നു. 2016ലെ തെരഞ്ഞെടുപ്പിലും തുടർന്നുവന്ന േലാക്സഭ പരാജയത്തിലും ഇടതുമുന്നണിക്ക് കുറഞ്ഞ വോട്ടിെൻറ തുടർച്ചയാകുമെന്ന് ഭയപ്പെട്ടിരുന്നു. സർവേ ഫലങ്ങളിൽ വരെ ഉദുമയെ യു.ഡി.എഫ് പക്ഷത്തേക്ക് എഴുതിക്കൊടുത്തു.
ഇത്തവണ പതിമൂവായിരത്തോളം വോട്ടുകൾക്ക് നിലനിർത്തുകയായിരുന്നു. പതിനായിരം വോട്ടിെൻറ വർധനയാണ് ഭൂരിപക്ഷത്തിൽ ഉണ്ടായത്. പിടിവിട്ട മണ്ഡലം പിടിച്ചെടുക്കാൻ യു.ഡി.എഫ് ഉദുമയിൽ പതിനെട്ടടവും പയറ്റിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പെരിയ ഇരട്ടക്കൊല ആയിരുന്നു യു.ഡി.എഫിന് പ്രധാന തെരഞ്ഞെടുപ്പ് ആയുധം. സി.പി.എമ്മിനെ ഈ ഇരട്ടക്കൊലപാതകം വളരെയധികം പ്രതിക്കൂട്ടിലാക്കിയിരുന്നു. എന്നാൽ, യു.ഡി.എഫിലെ ബാലകൃഷ്ണൻ പെരിയയെയും ബി.ജെ.പിയുടെ എ. വേലായുധനെയും മലർത്തിയടിച്ചാണ് സി.എച്ച്. കുഞ്ഞമ്പു മണ്ഡലം നിലനിർത്തിയത്.
കഴിഞ്ഞ ആറുതവണ ഇടതിനെ തുണച്ച ഉദുമ മണ്ഡലം ഓരോ പ്രാവശ്യവും ഭൂരിപക്ഷത്തിെൻറ വൻ ഇടിവോടെയാണ് സി.പി.എം ഏറ്റുവാങ്ങിക്കൊണ്ടിരുന്നത്. 1977ൽ ഈ മണ്ഡലം നിലവിൽ വരുമ്പോൾ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ചുവന്നത് കോൺഗ്രസിെൻറ എൻ.കെ. ബാലകൃഷ്ണനായിരുന്നു.1980ൽ കെ. പുരുഷോത്തമനിലൂടെ ഉദുമ മണ്ഡലം സി.പി.എം കൈയടക്കി. തുടർന്ന് കോൺഗ്രസിൽ നിന്നും കൂടുമാറിവന്ന എം. കുഞ്ഞിരാമൻ നമ്പ്യാർ ഇടതുപക്ഷത്തോട് ചേർന്ന് മത്സരിച്ച് മണ്ഡലം നിലനിർത്തി.
1984 ൽ കോൺഗ്രസിലേക്ക് തിരിച്ചുപോയ കുഞ്ഞിരാമൻ നമ്പ്യാർ എം.എൽ.എ സ്ഥാനം രാജിെവച്ചു. 1985ൽ കെ. പുരുഷോത്തമനിലൂടെ സി.പി.എം വീണ്ടും തങ്ങളുടെ സ്വാധീനം തെളിയിച്ചു. എന്നാൽ, 1987ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിെൻറ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് 7845 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ. പുരുഷോത്തമനെ പരാജയപ്പെടുത്തി കോൺഗ്രസിെൻറ കെ.പി. കുഞ്ഞിക്കണ്ണൻ ജയിച്ചുകയറി. 1991ല്‍ പി. രാഘവനിലൂടെ സി.പി.എം ഉദുമ മണ്ഡലം കോൺഗ്രസിലെ കെ.പി. കുഞ്ഞിക്കണ്ണനിൽനിന്നും തിരിച്ചു പിടിച്ചതിനുശേഷം ഒരിക്കൽ പോലും സി.പി.എമ്മിനു മണ്ഡലത്തിൽ പരാജയം രുചിക്കേണ്ടിവന്നിട്ടില്ല. തുടർന്ന് 1996ൽ, പി. രാഘവൻ തന്നെ വീണ്ടും െതരഞ്ഞെടുക്കപ്പെട്ടു. 2001, 2006ൽ സി.പി.എമ്മിലെ തന്നെ കെ.വി. കുഞ്ഞിരാമനിലൂടെ മണ്ഡലം സി.പി.എം നിലനിർത്തിയപ്പോൾ 2011ലും '16ലും കെ. കുഞ്ഞിരാമനെ നിർത്തി സി.പി.എം വീണ്ടും കരുത്തുതെളിയിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെങ്കിലും ഉദുമയിൽ ബി.ജെ.പിക്ക് കാര്യമായ വോട്ടുബാങ്ക് അടുത്തകാലത്തായി രൂപപ്പെട്ടിരുന്നു.
ജില്ലയിൽ പൊതുവേയുള്ള ബി.ജെ.പി അനുകൂല ഒഴുക്കുകൾ ഇവിടെയും ദൃശ്യമാണ്. ഉദുമയിലെ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കുന്ന കെ. കുഞ്ഞിരാമനെ എതിരിട്ട് മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ. സുധാകരനെയാണ് കഴിഞ്ഞതവണ ഇറക്കിയത്. 3698 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞിരാമൻ ജയിച്ചു കയറിയത്. ഈ ഭൂരിപക്ഷം ഇനിയും കുറച്ച് മണ്ഡലം പിടിച്ചെടുക്കാനാണ് ഇത്തവണ യു.ഡി.എഫ് ശ്രമിച്ചത്. ഉദുമയിൽ ചാണക്യതന്ത്രങ്ങൾ പയറ്റിയിരുന്ന പി. ഗംഗാധരൻ നായരുടെ മരണത്തോടെ മുതിർന്ന ഒരു നേതാവ് ഇല്ലാതെയാണ് യു.ഡി.എഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉദുമ മണ്ഡലത്തിലാണ്. അതുകൊണ്ടുതന്നെ സഹതാപതരംഗവും യു.ഡി.എഫിന് തുണയാകുമെന്ന് കരുതിയിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉദുമ മണ്ഡലത്തിൽ 9000 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകാൻ താൽപര്യം പ്രകടിപ്പിക്കുന്ന നേതാക്കളുടെ എണ്ണവും കൂടിയിരുന്നു. ഉദുമയിലെ സ്ഥാനാർഥി നിർണയം യു.ഡി.എഫിനുതന്നെ ആശയക്കുഴപ്പമായിരുന്നു.
സ്ഥാനാർഥി നിർണയത്തിനുശേഷവും നേതാക്കൾ തമ്മിലുള്ള വിയോജിപ്പ് പ്രകടമായിരുന്നു. ഇതായിരിക്കാം വിജയത്തിലെത്താൻ എൽ.ഡി.എഫിനെ കൂടുതലായി സഹായിച്ചത്. വോട്ടെണ്ണലിെൻറ ആദ്യമണിക്കൂറുകളിൽ ബാലകൃഷ്ണൻ പെരിയ ആയിരുന്നു മുന്നിൽ. എന്നാൽ, ഉച്ച 12 മണിയോടെ ചിത്രം ആകെ മാറി. ചരിത്ര ഭൂരിപക്ഷത്തിൽ സി.എച്ച്. കുഞ്ഞമ്പു വിജയിച്ചുകയറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.