വടകരയിൽ വോട്ടുതേടി രാഹുലെത്തി; നന്ദി പറഞ്ഞ് കെ.കെ. രമ
text_fieldsവടകര: വടകരയിൽ യു.ഡി.എഫ് പിന്തുണക്കുന്ന ആർ.എം.പി(െഎ) സ്ഥാനാർഥി കെ.കെ. രമക്ക് വോട്ട് അഭ്യർഥിച്ച് കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധിയെത്തി. പുറമേരിയിലെ ആയിരങ്ങൾ തിങ്ങിനിറഞ്ഞ സ്വീകരണ കേന്ദ്രത്തിലാണ് രാഹുലെത്തിയത്. രമയോടൊപ്പം വേദിയിലിരിക്കുന്ന ചിത്രങ്ങൾ പിന്നീട് രാഹുൽ ഗാന്ധി സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളെ രൂക്ഷമായി വിമർശിച്ചാണ് രാഹുൽ സംസാരിച്ചത്. മോദിയും സി.പി.എമ്മും തമ്മിലെ ബന്ധം ശക്തമാണ്. അതുകൊണ്ടാണ് കോൺഗ്രസ് മുക്ത ഭാരതമെന്ന് പറയുന്ന മോദി സി.പി.എം മുക്ത ഭാരതമെന്ന് പറയാത്തത്. കോൺഗ്രസ് പ്രകടനപത്രികയിലെ ജനക്ഷേമ പദ്ധതികളും രാഹുൽ വിശദീകരിച്ചു.
രാഹുൽ ഗാന്ധിയുടെ പിന്തുണക്ക് കെ.കെ. രമ നന്ദി അറിയിച്ചു. മാറ്റത്തിനും മുന്നേറ്റത്തിനും സമാധാനത്തിനും സമഗ്രവികസനത്തിനുമായുള്ള നാടിന്‍റെ ജനാധിപത്യ പോരാട്ടത്തിന് ആവേശം പകർന്നിരിക്കുകയാണ് മതേതരഭാരതത്തിന്‍റെ ധീരനായകനെന്ന് രമ പറഞ്ഞു. നീതിക്കും നന്മയ്ക്കുമായുള്ള കടത്തനാടിന്‍റെ ജനകീയ പടയോട്ടത്തിന് ഊർജ്ജം പകർന്ന അങ്ങയുടെ ഉറച്ച വാക്കുകൾക്ക്, ഉജ്വലസാന്നിധ്യത്തിന്, നന്ദി അറിയിക്കുന്നതായും രമ പറഞ്ഞു.
കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ല, നാദാപുരത്തെ സ്ഥാനാർഥി അഡ്വ. കെ. പ്രവീൺകുമാർ എന്നിവരും കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.