കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്ത്; വടകരയിൽ ജയിച്ചുകയറി രമ
text_fieldsവടകര: ഇടതുപക്ഷത്തിന്‍റെ ശക്തികേന്ദ്രമായ വടകരയിൽ ജയിച്ചുകയറി യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആർ.എം.പി.ഐ സ്ഥാനാർഥി കെ.കെ. രമ. കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകും വടകരയിലെ വിജയമെന്ന് രമ തെരഞ്ഞെടുപ്പിലൂടനീളം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇത് യാഥാർഥ്യമാകുന്ന കണക്കുകളാണ് വടകരയിലേത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ എൽ.ജെ.ഡിയുടെ മനയത്ത് ചന്ദ്രനെയാണ് 7491 വോട്ടുകൾക്ക് രമ പരാജയപ്പെടുത്തിയത്.
രമയുടെ വിജയം ഇടതുമുന്നണിയിൽ സി.പിഎം നേതൃത്വത്തിനു കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പ്. ടി.പി. ചന്ദ്രശേഖരൻ വധത്തിന് ഈ മെയ് നാലിനു ഒൻപതുവർഷം തികയുകയാണ്. 2012 മെയ് നാലിനാണ് ടി.പി. കൊല്ലപ്പെട്ടത്. 2008 ജൂണിലാണ് സി.പി.എം നേതൃത്വത്തിനെ വെല്ലുവിളിച്ച് െകാണ്ട് ടി.പി.യുടെ നേതൃത്വത്തിൽ ആർ.എം.പി രൂപവൽകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.പി.ഐ സ്ഥാനാർഥിയായ മത്സരിച്ച കെ.കെ. രമ 20,000ത്തിലേറെ വോട്ടുനേടിയിരുന്നു. ഇത്തവണ യു.ഡി.എഫ് പിൻതുണ കൂടിയായതോടെ വിജയം ഉറപ്പിക്കുകയായിരുന്നു.
ജില്ലയിൽ എൽ.ജെ.ഡിയുടെ ശക്തി കേന്ദ്രമായി അറിപ്പെടുന്ന വടകരയിലെ പരാജയം പാർട്ടിക്ക് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈ മേഖലയിൽ എൽ.ജെ.ഡിക്ക് തിരിച്ചടിയായിരുന്നു. വടകരയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പ്രഥമ തെരഞ്ഞെടുപ്പിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് പ്രതിനിധിയായ എം.കെ. കേളു വിജയിക്കുന്നത്. പിന്നീടിങ്ങോട്ട് സോഷ്യലിസ്റ്റുകൾ മാത്രമാണ് വടകരയിൽ നിന്നും കരകയറിയത്. ആദ്യത്തെ വനിത ജനപ്രതിനിധി കൂടിയാകും കെ.കെ. രമ.
ജെ.ഡി.എസ് നേതാവ് സി.കെ. നാണുവാണ് കഴിഞ്ഞ രണ്ടു തവണയായി ഇടതിന്‍റെ ഭാഗമായി വടകരയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. വടകര ഇത്തവണയും െജ.ഡി.എസിനു വേണമെന്ന് സി.കെ. നാണു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എൽ.ജെ.ഡിക്ക് വിട്ടുെകാടുക്കണമെന്ന് സി.പി.എം ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ജെ.ഡി.എസ്. പിൻമാറിയത്. വടകര സീറ്റ് നഷ്ടമായതിലുള്ള അമർഷം ജെ.ഡി.എസ് പ്രവർത്തകരിൽ ശക്തമായിരുന്നു. ഇതിനുപുറമെ, എൽ.ജെ.ഡിക്കകത്ത് ആഭ്യന്തര പ്രശ്നങ്ങൾ ഏറെയായിരുന്നു.
മുൻ എം.എൽ.എയായിരുന്നു അഡ്വ. എം.കെ. പ്രേംനാഥിന്‍റെ തോൽവിക്കിടയാക്കിയത് മനയത്ത് ചന്ദ്രന്റെ ഇടപെടലുകളാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ഇത്തരം വിഷയങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ എൽ.െജ.ഡി പ്രവർത്തകർക്കിടയിൽ സജീവമായിരുന്നു. ഇതിനുമുറമെ, കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന മനയത്ത് ചന്ദ്രൻ ഇത്തവണ ഇടത്, പാളയത്തിൽ സ്ഥാനാർഥിയായതുൾക്കൊള്ളാത്ത സി.പി.എം അനുഭാവികൾ ഏറെയുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഇടതുമുന്നണി നടത്തിയ വിലയിരുത്തലിൽ വടകരയിൽ മേൽക്കൈ നഷ്ടപ്പെട്ടതായി വിലയിരുത്തിയിരുന്നു. ആ വിലയിരുത്തൽ ശരിവെക്കുന്നതാണ് കെ.കെ. രമയുടെ മുന്നേറ്റം. ആർ.എം.പി.ഐ രാഷ്ട്രീയ ഭാവിക്കു തന്നെ വടകരയിലെ വിജയം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.