വട്ടിയൂർക്കാവിൽ തീപാറുന്ന പോരാട്ടം
text_fieldsവട്ടിയൂർക്കാവ്: ചൂണ്ടുവിരലിൽ മഷി പുരളാൻ നാളുകൾമാത്രം ബാക്കിനിൽക്കെ വട്ടിയൂർക്കാവിൽ മുന്നണികൾ പ്രചാരണത്തിെൻറ അവസാന ലാപ്പിലേക്ക് കടന്നു.
പ്രവർത്തകർക്കിടയിൽ വി.കെ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇടതുപക്ഷ സ്ഥാനാർഥി വി.കെ. പ്രശാന്ത്, യു.ഡി.എഫ് സ്ഥാനാർഥി വീണ എസ്.നായർ, അണികളും സഹപ്രവർത്തകരും വി.വിയെന്ന് സ്നേഹത്തോടെ വിളിക്കുന്ന എൻ.ഡി.എ സ്ഥാനാർഥി വി.വി. രാജേഷ് എന്നിവർ തമ്മിലുള്ള വാശിയേറിയ ത്രികോണ മത്സരത്തിൽ തീപാറുകയാണ്.
നഗരപിതാവിെൻറ അധികാര കുപ്പായം അഴിച്ചുവച്ച് വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് നിയമസഭയിലെത്തിയ വി.കെ. പ്രശാന്തും സ്ഥാനാർഥി നിർണയത്തിലെ കാലതാമസം പ്രചാരണത്തെ പ്രതികൂലമായി ബാധിക്കാത്ത വീണ എസ്.നായരും ഒട്ടേറെ പ്രതീക്ഷകളോടെ വി.വി. രാജേഷും അവസാന ഘട്ടത്തിൽ പോർമുഖത്തിൽ നേർക്കുനേരാണ്.
വി.കെ. പ്രശാന്ത് വഞ്ചിയൂർ കോടതിയിലെത്തി അഭിഭാഷകരായ സഹപ്രവർത്തകരെ സന്ദർശിച്ചു. ഉച്ചക്കുശേഷം വലിയവിള, കണ്ണമ്മൂല, തുരുത്തുമൂല വാർഡുകൾ, പി.ടി.പി നഗർ വാർഡിലെ വിവിധ കുടുംബയോഗങ്ങളിൽ വി.കെ. പ്രശാന്ത് പങ്കെടുത്തു. തലസ്ഥാനത്തിെൻറ സ്വന്തം എം.പി ഡോ. ശശി തരൂരിനൊപ്പം തുറന്ന ജീപ്പിൽ ഒരു റോഡ് ഷോയോടെയായിരുന്നു വീണ എസ്. നായരുടെ കഴിഞ്ഞ ദിവസത്തെ പ്രചാരണ പരിപാടികൾ തുടക്കമായത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ കാച്ചാണി, മുക്കോല, നെട്ടയം തുടങ്ങി വട്ടിയൂർക്കാവിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. വട്ടിയൂർക്കാവ് ജങ്ഷനിലെത്തിയ പൈലറ്റ് വാഹനത്തിന് വഴി തെറ്റിയപ്പോൾ ശശി തരൂർതന്നെ ഇടപെട്ട് വാഹനവ്യൂഹത്തെ തോപ്പുമുക്ക് ഭാഗത്തേക്ക് നയിച്ചതും കൗതുകമായി.
തുടർന്ന് ഉച്ചക്ക് മുന്നോടെ ഇന്ദിരാ നഗറിലെത്തിയ വീണ പര്യടനപരിപാടി ആരംഭിച്ചു. പൗരസ്വീകരണങ്ങൾ ഏറ്റുവാങ്ങി. വി.വി. രാജേഷിനും തിരക്കിട്ട പരിപാടികളായിരുന്നു കഴിഞ്ഞദിവസം.
മണ്ഡലത്തിലെ ഏതാനും ചിലരെ നേരിൽക്കണ്ട് വോട്ടുകൾ ഒന്നുകൂടി ഉറപ്പിച്ചശേഷം നേരെ വട്ടിയൂർക്കാവിലേക്ക്. അണികൾക്കും സഹപ്രവർത്തകർക്കുമൊപ്പം ചില കുടുംബ സന്ദർശനങ്ങൾ. വൈകുന്നേരം നാലോടെ കൊടുങ്ങനൂർ പ്ലാവോടുനിന്ന് ആരംഭിച്ച സ്വീകരണ ഘോഷയാത്രയിൽ മണ്ഡലം പ്രസിഡൻറ് ഗിരികുമാർ, വാർഡ് കൗൺസിലർ പത്മ, ജില്ല കമ്മിറ്റി അംഗം കൊടുങ്ങാനൂർ ഹരി എന്നിവരെയും ഒപ്പം കൂട്ടി. കൊടുങ്ങാനൂർ വാഴോട്ടുകോണം വാർഡുകളിലെ സ്വീകരണ പരിപാടി തോപ്പുമുക്ക് ജങ്ഷനിൽ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.