നേതാക്കൾ ക്രൂരമായി പീഡിപ്പിച്ചു, ട്രാൻസ്ജെൻഡർ സ്ഥാനാർഥി അനന്യ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി
text_fieldsകോഴിക്കോട്: വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥി അനന്യ കുമാരി അലക്സ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ് അനന്യ.
പാർട്ടി നേതാക്കൾ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും അതിനാൽ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറുകയാണെന്നും അനന്യ പുറത്തുവിട്ട വിഡിയോയിൽ പറയുന്നു. നേതാക്കൾ മാനസികമായി പീഡിപ്പിക്കുന്നു. ഒരു നേതാവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. തന്‍റെ കരിയർ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി- അനന്യ വിഡിയോയിൽ പറഞ്ഞു.
ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപാണ് തന്നെ സ്പോൺസർ ചെയ്തത്. എന്നാൽ ഇതിനുപുറകിലുള്ള ചതിക്കുഴികളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. ഇനിയും വോട്ടർമാരേയും ജനങ്ങളേയും പറ്റിക്കാൻ താൽപര്യമില്ലെന്നും അനന്യ പറഞ്ഞു.
ട്രാൻസ്ജെൻഡറുടെ പ്രശ്നങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. എന്നാൽ ഈ പാർട്ടിയിലൂടെ അത് സാധ്യമാകില്ല എന്ന് ബോധ്യമായി. ജീവന് ഭീഷണിയുണ്ട്. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി തട്ടിക്കൂട്ട് പാര്‍ട്ടിയാണെന്നും വേങ്ങര മണ്ഡലം മത്സരത്തിനായി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും അനന്യ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിന്ന് സ്വമേധയാ പിൻമാറുന്നതായും ആരും തന്‍റെ പേരിൽ ഡി.എസ്.ജെ.പി പാർട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടു.
മേക്കപ്പ് ആർട്ടിസ്റ്റും വാർത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ റേഡിയോ ജോക്കിയും കൂടിയാണ് അനന്യ കുമാരി. കൊല്ലം പെരുമൺ സ്വദേശിനിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.