കുഞ്ഞാപ്പാക്ക് വീണ്ടും വമ്പൻ ജയം സമ്മാനിച്ച് വേങ്ങര
text_fieldsവേങ്ങര: മുസ്‌ലിം ലീഗിെൻറ രാഷ്ട്രീയ ചാണക്യൻ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം തട്ടകത്തിൽ ഗംഭീര ജയം. വേങ്ങരക്കാരുടെ സ്വന്തം കുഞ്ഞാപ്പ 30,000ത്തോളം വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് വീണ്ടുമൊരിക്കൽ കൂടി തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫ് സ്ഥാനാർഥി പി. ജിജിയെ നിഷ്പ്രഭമാക്കിയാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം. ഭൂരിപക്ഷം നേരിയ തോതിൽ കുറഞ്ഞെങ്കിലും എം.പി സ്ഥാനം രാജിവെക്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾ കുഞ്ഞാലിക്കുട്ടിയെ ബാധിച്ചില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.
തളിപ്പറമ്പ് സർ സയ്യിദ് കോളജ് പഠനകാലത്ത് എം.എസ്.എഫിെൻറ സംസ്ഥാന ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ മുസ്‌ലിംലീഗ് രാഷ്ട്രീയത്തെ ബുദ്ധിപരമായി നിയന്ത്രിച്ച കുഞ്ഞാലിക്കുട്ടി ഇരുപത്തേഴാം വയസ്സിലാണ് മലപ്പുറം നഗരസഭ ചെയർമാനായി തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് കേരളത്തിെൻറ വ്യവസായ വകുപ്പ് മന്ത്രിയായും യു.ഡി.എഫിലെ ഉപനേതാവായും വളർന്ന കുഞ്ഞാലിക്കുട്ടി പക്ഷെ, 2006 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്തു നിന്ന് മത്സരിച്ചെങ്കിലും സ്വതന്ത്ര സ്ഥാനാർഥി കെ.ടി. ജലീലിനോട് 8781 വോട്ടുകൾക്ക് പരാജയപ്പെട്ടു.
കുറ്റിപ്പുറം പരാജയം മാറ്റി നിർത്തിയാൽ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ കുഞ്ഞാലിക്കുട്ടി ഇ. അഹമ്മദിെൻറ നിര്യാണത്തിന് ശേഷം പാർലമെൻറിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കേരള രാഷ്ട്രീയത്തിൽ യു.ഡി.എഫിെൻറ തിരിച്ചുവരവിനു കളമൊരുക്കാൻ എം.പി സ്ഥാനം രാജി വെച്ചാണ് ഇത്തവണ അസംബ്ലിയിലേക്ക് മത്സരിച്ചതും വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടതും. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നെങ്കിലും മണ്ഡലത്തിലെ വോട്ടർമാരിൽ ഇത് ഒരു പ്രതിഫലനുമുണ്ടാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫ് സ്വാതന്ത്രൻ പി.പി. ബഷീറിനെ 38057 വോട്ടുകൾക്കാണ് കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.