വേങ്ങര എന്ന നേതൃമണ്ഡലം
text_fieldsവേങ്ങര: ഉപതെരഞ്ഞെടുപ്പുകൾ കൊണ്ട് മാധ്യമശ്രദ്ധ നേടിയ മണ്ഡലമാണ് വേങ്ങര. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർഥിയായി. വീണ്ടും പാർലമെൻറ് അംഗത്വം രാജിവെച്ച് ഇപ്പോൾ നിയമസഭയിലേക്ക് അങ്കം കുറിക്കുകയാണ്. എന്നാൽ, ഇതൊന്നും മണ്ഡലത്തിൽ 'വലിയ ഇഷ്യൂ' ആയിട്ടില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. 2011ൽ നടന്ന പ്രഥമ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷത്തിൽ ക്രമാനുഗത വർധന സമ്മാനിച്ച മണ്ഡലമാണ് വേങ്ങര.
2016ൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 72,181 വോട്ടുകളായിരുന്നെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച കെ.എൻ.എ ഖാദറിന് 65,227 വോട്ടുകളായി കുറഞ്ഞു. 6954 വോട്ടിെൻറ കുറവ്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിെൻറ ഭൂരിപക്ഷം ലഭിച്ചു. 2011ൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം 38,237 വോട്ടാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇ. അഹമ്മദിനും കുഞ്ഞാലിക്കുട്ടിക്കും കൂടുതൽ ഭൂരിപക്ഷം നൽകിയ മണ്ഡലമാണ് വേങ്ങര. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണയും പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാണ് സ്ഥാനാർഥി.
ഡി.വൈ.എഫ്.ഐ നേതാവ് പി. ജിജിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. നിയമസഭയിലെയും മന്ത്രിസഭയിലെയും ഉന്നതസ്ഥാനങ്ങൾ മുസ്ലിം ലീഗ് നേതാവ് കൈകാര്യം ചെയ്തിട്ടും വേങ്ങരയുടെ അടിസ്ഥാന വികസനത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നതാണ് എൽ.ഡി.എഫും മറ്റ് ചെറുകക്ഷികളും പ്രചാരണത്തിൽ ഉയർത്തിക്കാണിക്കുന്ന പ്രധാന കാര്യം. വേങ്ങരയിലെ ഗതാഗതക്കുരുക്കിന് നടപടിയില്ലെന്നും കുടിവെള്ള പ്രശ്നം പരിഹരിക്കാനായില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. വികസന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ബി.ജെ.പി സ്ഥാനാർഥി പ്രേമൻ മാസ്റ്ററും രംഗത്തുണ്ട്. വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിട്ടും ഒരു കുടിൽ വ്യവസായം പോലും മണ്ഡലത്തിൽ തുടങ്ങാൻ താൽപര്യപ്പെടാത്തവർ തെരഞ്ഞെടുക്കപ്പെടരുതെന്ന് വെൽഫെയർ പാർട്ടി സ്ഥാനാർഥി ഇ.കെ. കുഞ്ഞഹമ്മദ് കുട്ടിയും പറയുന്നു. ഒരു ട്രാൻസ്ജെൻററുൾപ്പെടെ രണ്ട് സ്വതന്ത്ര സ്ഥാനർഥികളും ബി.എസ്.പി സ്ഥാനാർഥി കീരനും മത്സര രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.