വനിത,യുവത; തുടർഭരണം വിളക്കിച്ചേർത്തവർ
text_fieldsതിരുവനന്തപുരം: സ്ത്രീകൾ, യുവതലമുറ തുടങ്ങി വ്യത്യസ്ത സാമൂഹികഘടകങ്ങളെ വിളക്കിച്ചേർത്ത സമവാക്യമാണ് എൽ.ഡി.എഫിെൻറ തുടർഭരണത്തിെൻറ അടിത്തറ. സ്ത്രീകളുടെയും യുവജനങ്ങളുടെയും വോട്ടുകൾ ധാരാളമായി ലഭിെച്ചന്ന വിലയിരുത്തലാണ് സി.പി.എമ്മിന്.
2018, 2019 ലെ പ്രളയകാലത്തും നിപ, കോവിഡ് മഹാമാരി കാലത്തും ക്ഷേമ-ആശ്വാസ പദ്ധതികളുമായി വീട്ടകങ്ങളിലേക്ക് എത്തിയത് സ്ത്രീകളെയും ദുരന്തനിവാരണപ്രവർത്തനങ്ങളിൽ പങ്കാളികളാക്കിയത് യുവാക്കളെയും എൽ.ഡി.എഫുമായി അടുപ്പിച്ചു. വികസനപദ്ധതികളിൽ ചെറുപ്പക്കാരുടെ ഭാവനയെക്കൂടി ഉൾക്കൊള്ളിക്കാൻ കഴിഞ്ഞതും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും നേതാക്കൾ കണക്ക് കൂട്ടുന്നു. എൽ.ഡി.എഫിനും സി.പി.എമ്മിനും വലിയ വെല്ലുവിളി ഉയർത്തിയ ശബരിമല വിഷയത്തിൽ നാമജപ ഘോഷയാത്രയിലെ വലിയ സ്ത്രീപങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയും യു.ഡി.എഫും നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കരുക്കൾ നീക്കിയത്.
എന്നാൽ, യു.ഡി.എഫ്, ബി.ജെ.പി നേതാക്കളിൽ ചിലരിൽനിന്ന് മന്ത്രി കെ.കെ. ശൈലജക്ക് ഉൾപ്പെടെ എതിരെ ഉയർന്ന പ്രസ്താവന സ്ത്രീസമൂഹത്തിൽ ഉണ്ടാക്കിയ നിശ്ശബ്ദപ്രതിഷേധവും വോെട്ടടുപ്പിൽ പ്രതിഫലിച്ചു. കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ് ഫ്രാേങ്കാക്കും ചലച്ചിത്രനടിയുടെ പരാതിയിൽ നടനും എതിരെ സ്വീകരിച്ച നടപടികളും സ്ത്രീകളെ സ്വാധീനിച്ചു. വി.എസ്. അച്യുതാനന്ദന് സമാനമായി സ്ത്രീകളുടെ വിശ്വാസം മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ നേടിയതോടെ രാഷ്ട്രീയ എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റി.
ഒപ്പമാണ് സോഷ്യൽ എൻജിനീയറിങ്ങിലൂടെ യു.ഡി.എഫിെൻറ സാമൂഹിക അടിത്തറയിൽ സി.പി.എം വരുത്തിയ ചോർച്ചയും. എൽ.ഡി.എഫിനെ രാഷ്ട്രീയമായി എതിർക്കുന്ന സമുദായസംഘടനാ നേതൃത്വത്തെ പോലും നിഷ്പ്രഭമാക്കുന്ന നടപടികളാണ് പിണറായി വിജയനിൽ നിന്നുണ്ടായത്. മുന്നാക്കസമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണം മുതൽ നാടാർ സമുദായസംവരണം വരെ വിഷയങ്ങൾ യു.ഡി.എഫിനോട് ചാഞ്ഞുനിന്ന സമുദായങ്ങളിൽ വലിയ വിഭാഗത്തെ ഇടത്പക്ഷത്ത് എത്തിച്ചു.
ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ദലിത്, പിന്നാക്കവിഭാഗങ്ങളെ പൂജാരിമാരായി നിയമിച്ചത് മറ്റൊരു നടപടിയായിരുന്നു. പൗരത്വ ബില്ലിനും ഹിന്ദുത്വവർഗീയതക്കും എതിരായ നടപടികൾ സി.പി.എമ്മിന് എതിരായ വിവിധ മുസ്ലിംസമുദായ സംഘടനകളുടെ എതിർപ്പിനെ മറികടന്ന് ജനങ്ങളിൽ സ്വാധീനം ചെലുത്തിയെന്നതും ഗുണകരമായി. കേരള കോൺഗ്രസ് ബാന്ധവവും സഭാതർക്കത്തിലെ ഇടപെടലും ക്രിസ്ത്യൻ ന്യൂനപക്ഷവിഭാഗങ്ങളെയും എൽ.ഡി.എഫിനോട് അടുപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.