വീട്ടിലെ വോട്ടിനെ ചൊല്ലി തുറന്ന പോര്; പരാതിപ്പെട്ടി നിറഞ്ഞ് 80 കഴിഞ്ഞവരുടെ വോട്ട്
text_fieldsകണ്ണൂർ, കാസർകോട് ഗ്രാമങ്ങളിലെ പോളിങ് ബൂത്തുകളിൽ ഓപ്പൺ വോട്ടുകൾ വൻതോതിൽ ചെയ്ത് പാർട്ടിക്കാർ ജയം ഉറപ്പിക്കുക പതിവാണ്. ഏതാണ്ട് 70 കഴിഞ്ഞവരെയും അംഗ പരിമിതരെയും തുറന്ന വോട്ട് ചെയ്യിച്ച് സ്വന്തം ചിഹ്നത്തിന് തന്നെ വോട്ടുറപ്പിക്കുകയാണ് പതിവ്. വരി നിന്ന് മടുക്കേണ്ട എന്നതിനാൽ പാർട്ടി നോക്കാതെ ഇതിന് വഴങ്ങിക്കൊടുക്കുന്നവരാണ് വയോധികരായ മിക്ക വോട്ടർമാരും. ഇതേ ചൊല്ലി ബൂത്തിനകത്ത് വാക്കേറ്റവും പതിവാണ്.
എന്നാൽ, തുറന്ന വോട്ടിന്‍റെ ആധിക്യം ഇക്കുറിയുണ്ടാവില്ല. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ 80 കഴിഞ്ഞവരെ മുഴുവൻ പോളിങ് ഉദ്യോഗസ്ഥർ വീടുകളിലെത്തി തപാൽ വോട്ടു ചെയ്യിക്കുന്നതാണ് കാരണം. അതേസമയം വീടുകളിലെ വോട്ടുകൾ തുടക്കത്തിൽ തന്നെ പരാതിപ്പെട്ടികളിൽ നിറഞ്ഞ് കവിയുകയാണ്. ഉേദ്യാഗസ്ഥർ ഓപ്പൺ വോട്ടിനോ സഹായിയെ വെക്കാനോ അനുവദിക്കുന്നില്ലെന്നാണ് സി.പി.എമ്മിന്‍റെ പരാതി. എന്നാൽ, വീട്ടിലെ വോട്ട് സി.പി.എമ്മുകാർ കൈയടക്കുന്നതായാണ് യു.ഡി.എഫിന്‍റെ ആരോപണം. ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനുവരെ പരാതി പോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കല്യാശ്ശേരി മണ്ഡലത്തിൽ ഉൾപ്പെടുന്ന കടന്നപ്പള്ളിയിലെത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് സി.പി.എം പരസ്യമായി രംഗത്തെത്തിയത്. അവശരും കണ്ണുകാണാത്തവരുമായവർ സ്വയം വോട്ടു ചെയ്യണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചുവെന്നാണ് പരാതി. വീട്ടുകാരെ സഹായികളാക്കാൻ പോലും അനുവദിക്കാതെ സ്വന്തമായി രേഖപ്പെടുത്താൻ നിർബന്ധിച്ചുവത്രെ. ഇത് വോട്ടുകൾ അസാധുവാകാനും മറ്റ് സ്ഥാനാർഥികളുടെ പെട്ടിയിൽ വീഴാനും കാരണമാകുമെന്നാണ് ഇവർ ആരോപിക്കുന്നത്. മാത്രമല്ല, ബൂത്തിൽ ഏജന്‍റുമാരുടെ സാന്നിധ്യമുണ്ടെങ്കിലും വീടുകളിൽ നിയന്ത്രണം ഉദ്യോഗസ്ഥർക്ക് മാത്രമാണ്. ഇതും സമ്മതിദാനം സ്വതന്ത്രമാകാതിരിക്കാൻ കാരണമാകുമെന്ന് പാർട്ടിക്കാർ പറയുന്നു. പലയിടത്തും വീട്ടുകാരെപോലും അറിയിക്കാതെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും സി.പി.എം നേതാക്കൾ കുറ്റപ്പെടുത്തുന്നു.
എന്നാൽ, വീട്ടിലെ വോട്ട് സി.പി.എം അടിമറിക്കുന്നുവെന്നാണ് യു.ഡി.എഫിന്‍റെ പരാതി. ഞായറാഴ്ച പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടെടുപ്പിജനെ കുറിച്ചാണ് പരാതി. 80 വയസ് കഴിഞ്ഞവര്‍ക്കുള്ള തപാല്‍വോട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ തിരിമറി കാട്ടിയതായാണ് പരാതി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും ബി.എല്‍.ഒവിന്‍റെയും സാന്നിധ്യത്തില്‍ പ്രായമായ യഥാര്‍ത്ഥ വോട്ടറെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ സിപിഎം പ്രവര്‍ത്തകര്‍ വോട്ട് ചെയ്തുവെന്നാണു പരാതി. യു.ഡി.എഫ് സ്ഥാനാര്‍ഥി എം. പ്രദീപ്കുമാറിന്‍റെ മുഖ്യതെരഞ്ഞെടുപ്പ് ഏജന്‍റായ കെ. ജയരാജാണു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു പരാതി നൽകിയത്.
പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ ഒരു വോട്ടറുടെ വോട്ട് സി.പി.എം പ്രവര്‍ത്തകര്‍ ചെയ്തതായാണ് പരാതി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചതായും പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് പോലൂം ധരിച്ചില്ലെന്നും പരാതിയുണ്ട്.
അതേ സമയം വയോധികരുടെ തപാൽ വോട്ട് വിവാദമായതോടെ വെട്ടിലായത് പോളിങ് ഓഫിസർമാരാണ്. രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയതോടെ അന്യനാട്ടിലെ വീടുകളിലെത്തി എങ്ങിനെ സുരക്ഷിതമായി വോട്ട് ചെയ്യിക്കും എന്നാണ് ഉദ്യോഗസ്ഥർ ചോദിക്കുന്നത്. നാട്ടുകാരായ ബി.എൽ.ഒമാരും ഇതോടെ ദുരിതത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.