അമിത് ഷാ വിഡിയോ കാൾ ചെയ്തു; ഇടഞ്ഞുനിന്ന എൻ. രംഗസാമി വഴങ്ങി
text_fieldsചെന്നൈ: പുതുച്ചേരി എൻ.ഡി.എയിൽ ഇടഞ്ഞുനിന്ന എൻ.ആർ കോൺഗ്രസ് നേതാവ് എൻ. രംഗസാമി ഒടുവിൽ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് വഴങ്ങി. ഇൗയിടെ പുതുച്ചേരിയിൽ ബി.ജെ.പി നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചതാണ് രംഗസാമിയെ ചൊടിപ്പിച്ചിരുന്നത്.
കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന എ. നമശ്ശിവായത്തെ അമിത് ഷാ ഏറെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് എൻ.ആർ കോൺഗ്രസ് എൻ.ഡി.എ മുന്നണി ചർച്ചകളിൽനിന്ന് വിട്ടുനിന്നത്. എൻ.ഡി.എ വിടാനും തനിച്ച് മത്സരിക്കാനും ആലോചിച്ചു. അതിനിടെ ഡി.എം.കെ-കോൺഗ്രസ് മുന്നണിയും മക്കൾ നീതിമയ്യവും പിന്തുണ വാഗ്ദാനം ചെയ്ത് രംഗസാമിയെ സമീപിച്ചു. എന്നാൽ, രംഗസാമി മനസ്സ് തുറക്കാതെ മൗനത്തിലായിരുന്നു.
കഴിഞ്ഞദിവസമാണ് അമിത് ഷാ വിഡിയോ കാൾ വഴി രംഗസാമിയെ ബന്ധെപ്പട്ടത്. പുതുച്ചേരിയിൽ എൻ.ഡി.എക്ക് രംഗസാമി നേതൃത്വം നൽകുമെന്നും മൊത്തമുള്ള 30 സീറ്റിൽ 16 സീറ്റും എൻ.ആർ കോൺഗ്രസിന് വിട്ടുനൽകാമെന്നും അമിത് ഷാ അറിയിച്ചു. ബാക്കി 14 സീറ്റ് ബി.ജെ.പി-അണ്ണാ ഡി.എം.കെ കക്ഷികൾ വീതിച്ചെടുക്കും. അമിത് ഷായുടെ ഇൗ ഫോർമുല സ്വീകാര്യമായതോടെയാണ് രംഗസാമി നിലപാടിൽ അയവുവരുത്തിയത്. തെരഞ്ഞെടുപ്പിനുശേഷം എം.എൽ.എമാർ ചേർന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കും.
ചൊവ്വാഴ്ച എൻ.ആർ കോൺഗ്രസിന് 16 സീറ്റുകൾ അനുവദിച്ച് ധാരണപത്രം കൈമാറി. ധാരണപത്രത്തിൽ അണ്ണാ ഡി.എം.കെ പുതുച്ചേരി സെക്രട്ടറി അൻപഴകൻ ഒപ്പുവെക്കാതെ വിട്ടുനിന്നു. അതിനിടെ പുതുച്ചേരിയിലെ ഡി.എം.കെ- കോൺഗ്രസ് സഖ്യത്തിലും സീറ്റുവിഭജനം വഴിമുട്ടിയിരിക്കുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ ഒമ്പതു സീറ്റിലാണ് മത്സരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.