തമിഴകത്ത് കൂട്ടിയും കിഴിച്ചും പാർട്ടികൾ; ഡി.എം.കെ ക്യാമ്പിൽ ആത്മവിശ്വാസം
text_fieldsചെന്നൈ: ഇനി കാത്തിരിപ്പിെൻറ 24 ദിനങ്ങൾ. വോട്ടുയന്ത്രം തുറക്കുന്നത് മേയ് രണ്ടിനുമാത്രം. അതുവരെ കണക്കുകൂട്ടിയും കിഴിച്ചും രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിനേക്കാളും അൽപം കുറഞ്ഞുെവങ്കിലും മോശമല്ലാത്ത പോളിങ്ങാണ് ഉണ്ടായത്. 72.78 ശതമാനം പോളിങ് ആരെ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ പാർട്ടികൾ. ഗ്രാമീണ മേഖലയിലാണ് കൂടുതൽ പോളിങ്.
ചെന്നൈ ഉൾപ്പെടെ നഗരപ്രദേശങ്ങളിൽ വോട്ടിങ് ശതമാനം കുറഞ്ഞു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 74.81 ശതമാനമാണ് പോളിങ് ഉണ്ടായത്. അന്ന് ഒരു ശതമാനം വോട്ടിെൻറ വ്യത്യാസത്തിനാണ് ഡി.എം.കെക്ക് ഭരണം നഷ്ടപ്പെട്ടത്. മേയ് രണ്ടിന് 75 കേന്ദ്രങ്ങളിലായാണ് വോെട്ടണ്ണൽ.
പോളിങ് ശതമാനം അണ്ണാ ഡി.എം.കെ സർക്കാറിെൻറ ഭരണതുടർച്ചക്കുള്ള അംഗീകാരമായിരിക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സേലത്ത് പ്രസ്താവിച്ചു. കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരായ ജനവികാരം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിനും അഭിപ്രായപ്പെട്ടു. ഡി.എം.കെ കടുത്ത ആത്മവിശ്വാസത്തിലാണ്. പോളിങ് ശതമാന കണക്കുകൾ പുറത്തുവന്നശേഷം ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കൂടിയാലോചന നടത്തിയിരുന്നു. പരമാവധി ഘടകകക്ഷികളെ ഉൾപ്പെടുത്തി മുന്നണി രൂപവത്കരിച്ചതും ന്യൂനപക്ഷ വോട്ടുകൾ അനുകൂലമായതും ഡി.എം.കെക്ക് അനുകൂല ഘടകമാണെന്നാണ് വിലയിരുത്തൽ.
അതേസമയം, അണ്ണാ ഡി.എം.കെ ക്യാമ്പിൽ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ടി.ടി.വി ദിനകരൻ- ശശികല വിഭാഗത്തെക്കൂടി ഉൾപ്പെടുത്തി, വോട്ടുകൾ വിഘടിച്ചുപോകാതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നുവെന്നാണ് തെക്കൻ തമിഴകത്തുനിന്നുള്ള അണ്ണാ ഡി.എം.കെ മന്ത്രിമാരുടെ നിലപാട്.
പുതുച്ചേരിയിൽ 81.7 ശതമാനം
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച്, പുതുച്ചേരി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 81.70 ശതമാനം പോളിങ് രേഖപ്പെടുത്തി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 84.68 ശതമാനമാണ് രേഖപ്പെടുത്തിയത്. ഏനാം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടിങ് ശതമാനം- 91.28. ഏറ്റവും കുറവ് രാജ്ഭവൻ മണ്ഡലത്തിലും 72.68 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.