ഉലകനായകൻ കളത്തിൽ: കോയമ്പത്തൂർ സൗത്ത് ദേശീയ ശ്രദ്ധയിൽ; ശക്തമായ ത്രികോണ മത്സരം
text_fieldsചെന്നൈ: ഉലകനായകൻ കമൽഹാസെൻറ സ്ഥാനാർഥിത്വത്തോടെ കോയമ്പത്തൂർ സൗത്ത് നിയമസഭ മണ്ഡലത്തിന് താരത്തിളക്കം. ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്ന നടനും മക്കൾ നീതി മയ്യം(എം.എൻ.എം) പ്രസിഡൻറുമായ കമൽഹാസൻ പാർട്ടിപ്രവർത്തകർ നടത്തിയ സർവേക്കൊടുവിലാണ് രണ്ടര ലക്ഷം വോട്ടർമാർ മാത്രമുള്ള മണ്ഡലത്തിൽ ജനവിധി തേടാൻ തീരുമാനിച്ചത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതിമയ്യത്തിന് മണ്ഡലത്തിൽനിന്ന് കാൽലക്ഷത്തോളം വോട്ടുകൾ ലഭിച്ചിരുന്നു. കോയമ്പത്തൂർ നഗരത്തിെൻറ ഹൃദയമായാണ് കോയമ്പത്തൂർ സൗത്ത് അറിയപ്പെടുന്നത്.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗങ്ങൾ ഉള്ള മണ്ഡലത്തിൽ 20 ശതമാനം മുസ്ലിം വോട്ടുകളുണ്ടെന്നതും നിർണായകമാണ്. ബി.ജെ.പി സ്ഥാനാർഥിയായി വാനതി ശ്രീനിവാസനും കോൺഗ്രസ് സ്ഥാനാർഥിയായി മയൂര ജയകുമാറുമാണ് കളത്തിലുള്ളത്. ശക്തമായ ത്രികോണമത്സരത്തിനാണ് മണ്ഡലം സാക്ഷ്യംവഹിക്കുക. അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ ചാലഞ്ചർ ദുരെയും നാം തമിഴർ കക്ഷിയുടെ അബ്ദുൽവഹാബും രംഗത്തുണ്ട്.
മൂന്നു വർഷമായി 'മക്കൾ സേവൈ മയ്യം'എന്ന സന്നദ്ധസംഘടനയുടെ ബാനറിൽ മണ്ഡലത്തിൽ സജീവസാന്നിധ്യമായ ബി.ജെ.പി മഹിള മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസന് ഇത്തവണ എളുപ്പം ജയിച്ചുകയറാനാവുമെന്നാണ് കരുതിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വാനതിക്ക് 33,113 വോട്ടുകൾ ലഭിച്ചിരുന്നു. അന്ന് ഒറ്റക്ക് മത്സരിച്ച ബി.ജെ.പി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ട് നേടിയ മണ്ഡലം ഇതായിരുന്നു. ഇൗ നിലയിലാണ് ബി.ജെ.പിയുടെ മീതെ ഇടിത്തീ കണക്കെ കമൽഹാസെൻറ സ്ഥാനാർഥിത്വം വന്നുപതിച്ചത്.
തമിഴ്നാട് കോൺഗ്രസ് ഉപാധ്യക്ഷൻ മയൂര ജയകുമാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഇതേ സീറ്റിൽ അണ്ണാ ഡി.എം.കെയുടെ അമ്മൻ അർജുനനോട് േതാറ്റു.
വാനതി ശ്രീനിവാസൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങി. സംസ്ഥാനതല പര്യടനം നടത്തുന്ന കമൽഹാസൻ സ്വന്തം മണ്ഡലത്തിലെത്താനും സമയം കണ്ടെത്തുന്നു. കോയമ്പത്തൂർ റേസ്കോഴ്സിൽ കമൽഹാസൻ രാവിെല നടക്കാനിറങ്ങുന്നതിെൻറയും ഒാേട്ടായിലും ടൗൺബസിലും യാത്ര ചെയ്യുന്നതും മത്സ്യ-പച്ചക്കറി മാർക്കറ്റുകൾ സന്ദർശിച്ച് ജനസമ്പർക്ക പരിപാടി നടത്തുന്നതിെൻറയും ചിത്രവും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ ൈവറലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.