പൊള്ളാച്ചി പീഡനക്കേസ് ഓർമയില്ലേ?; മോദിയെ കടന്നാക്രമിച്ച് സ്റ്റാലിൻ
text_fieldsചെെന്നെ: സ്ത്രീത്വത്തെ അപമാനിക്കുന്നത് ഡി.എം.കെയുടെയും കോൺഗ്രസിന്‍റെയും സംസ്കാരമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷമായി പ്രതികരിച്ചി ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.
ഡി.എം.കെ നേതാക്കളായ എ.രാജയുടെയും ദിണ്ടിഗൽ ലിയോണിയുടെയും വിവാദ പരാമർശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഡി.എം.കെ-കോൺഗ്രസ് നേതാക്കളെ നിയന്ത്രിച്ച് നിർത്താൻ മോദി ആവശ്യപ്പെട്ടത്. ധർമപുരത്ത് ചൊവ്വാഴ്ച നടന്ന റാലിയിലായിരുന്നു മോദിയുടെ പ്രതികരണം.
പൊള്ളാച്ചി ബലാത്സംഗക്കേസും ഐ.പി.എസ് ഓഫിസറെ ഡി.ജി.പി ലൈംഗികാതിക്രമത്തിനിരയാക്കിയ കേസും ഉയർത്തിക്കാട്ടിയാണ് സ്റ്റാലിൻ മോദിക്കെതിരെ ആഞ്ഞടിച്ചത്.
'ഡി.എം.കെ-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ വനിതകൾക്ക് യാതൊരു സുരക്ഷയുമുണ്ടാകില്ലെന്നാണ് പ്രധാനമന്ത്രി ആരോപിക്കുന്നത്. നിങ്ങളോട് ഒരു ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ സംസാരിച്ച ധർമപുരത്ത് നിന്ന് 70 കിലോമീറ്റർ മാത്രം അകലെയാണ് പൊള്ളാച്ചി. അവിടെയെന്താണ് സംഭവിച്ചതെന്ന് അറിയാമോ? അറിയില്ലെങ്കിൽ പ്രധാനമന്ത്രിയായി തുടരാൻ നിങ്ങൾക്ക് യോഗ്യതയില്ല' -സ്റ്റാലിൻ പറഞ്ഞു.
'വനിത എസ്.പിയെ അപമാനിച്ചതാരാണ്? അത് ഒരു റൗഡിയോ ഗുണ്ടയോ ആയിരുന്നില്ല. ക്രമസമാധന ചുമതലയുള്ള സ്പെഷ്യൽ ഡി.ജി.പിയായിരുന്നു. മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായിരുന്നു ആ ഉദ്യോഗസ്ഥൻ. ഈ വിവരങ്ങളൊന്നും ലഭിച്ചില്ലായിരുന്നോ? എന്നിട്ട് നിങ്ങൾ ഡി.എം.കെക്കും കോൺഗ്രസിനുമെതിരെ ആരോപണം ഉന്നയിക്കുകയാണ്' -സ്റ്റാലിൻ പറഞ്ഞു.
സ്ത്രീകളെ അപമാനിക്കുന്നത് കോൺഗ്രസിന്‍റെയും ഡി.എം.കെയുടെയും സംസ്കാരമാണെന്നും ദിണ്ടിഗൽ ലിയോണിയും യുവ കിരീടാവകാശിയും (ഉദയനിധി സ്റ്റാലിൻ) സ്ത്രീകൾക്കെതിരെ ഭയാനകമായ പരാമർശങ്ങൾ നടത്തിയപ്പോൾ അവരെ തടയാൻ ഡി.എം.കെ ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.