വോട്ട് ചെയ്യാൻ വിജയ് സൈക്കിളിൽ; എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് വിജയ് ടീം
text_fieldsചെന്നൈ: പ്രമുഖ താരങ്ങളും നേതാക്കളും പ്രശസ്തരും എല്ലാം വോട്ട് ചെയ്യാനെത്തിയത് വാർത്തയായെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലായത് തമിഴ്നടൻ വിജയിന്‍റെ പോളിങ് ബൂത്തിലേക്കുള്ള വരവായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിജയ്‍യുടെ നിലപാടാണെന്നും ഇന്ധന വിലവര്‍ധനവിനെതിരെയുള്ള പ്രതിഷേധമാണെന്നുമായിരുന്നു വാർത്ത.
ഊഹാപോഹങ്ങൾ പടരുന്നതിനിടെ താരം സൈക്കിളിലെത്താനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ വക്താവ്. ട്വിറ്ററിലാണ് വിജയ് ടീം നിലപാട് വ്യക്തമാക്കിയത്.
നീലങ്കരൈയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന് വീടിനു പിന്നിലായിരുന്നു ബൂത്തെന്നും കാറിലെത്തിയാല്‍ പാര്‍ക്ക് ചെയ്യാന്‍ അസൗകര്യം ഉണ്ടാവും എന്നതിനാലാണ് യാത്രക്ക് സൈക്കിള്‍ തിരഞ്ഞെടുത്തതെന്നുമാണ് വിശദീകരണം.
"അദ്ദേഹത്തിന്‍റെ വീടിനു പിന്നിലുള്ള തെരുവിനോട് ചേര്‍ന്നാണ് ഈ പോളിങ് ബൂത്ത്. അതൊരു ഇടുങ്ങിയ സ്ഥലമായതിനാല്‍ അദ്ദേഹത്തിന്‍റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്യുക ബുദ്ധിമുട്ടാവും. അതിനാലാണ് അദ്ദേഹം ബൂത്തിലേക്കെത്താന്‍ സൈക്കിള്‍ തിരഞ്ഞെടുത്തത്. അതല്ലാതെ മറ്റ് ഉദ്ദേശങ്ങളൊന്നും ഇതിനു പിന്നില്‍ ഇല്ല", താരത്തിന്‍റെ പബ്ലിസിറ്റി വിഭാഗം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
വിജയ് സാധാരണക്കാരനെപോലെ സൈക്കിളിൽ വരുന്നത് കണ്ട് ബൈക്കിലും കാറിലും മറ്റും യാത്രക്കാർ ഇദ്ദേഹത്തെ അനുഗമിച്ചിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. ഇതോടെ വോട്ട് ചെയ്ത ശേഷം വിജയ് ഓഫീസ് ജീവനക്കാരനൊപ്പം ബൈക്കിലാണ് തിരിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.