ബംഗാൾ രാജ്യത്തെ രക്ഷിച്ചുവെന്ന് മമത, ''ഇത് ജനാധിപത്യത്തിന്‍റെ വിജയം''
text_fieldsകൊൽക്കത്ത: ബംഗാളിൽ ബി.ജെ.പിയെ തറപറ്റിച്ച് തകർപ്പൻ ജയം പിടിച്ച തന്‍റെ പാർട്ടി രാജ്യത്തെ രക്ഷിച്ചതായി മമത ബാനർജി. ''ബംഗാൾ ഇന്ത്യയെ രക്ഷിച്ചിരിക്കുന്നു. ഇത് ജനാധിപത്യത്തിന്‍റെ വിജയമാണ്. 200ലേറെ സീറ്റ് നേടുമെന്നായിരുന്നു അവരുടെ വാക്കുകൾ. അവർ പക്ഷേ, ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ബംഗാൾ ബി.ജെ.പിയുടെ അഹങ്കാരത്തെ തകർത്തിരിക്കുന്നു''- വീൽചെയറിലല്ലാതെ ആദ്യമായി എത്തിയ മമത പറഞ്ഞു.
നന്ദിഗ്രാമിൽ ആദ്യം വിജയിച്ചെന്ന പ്രഖ്യാപനം വന്നശേഷം പരാജയ വാർത്തയെത്തിയത് മമതയുടെ ആഘോഷങ്ങൾക്ക് മങ്ങലേൽപിച്ചിരുന്നു. 2011ൽ ആദ്യമായി മമതയെ അധികാരത്തിലെത്തിച്ച വിജയം സമ്മാനിച്ച മണ്ഡലമാണ് നന്ദിഗ്രാം. ഇവിെട മാറിയും മറിഞ്ഞും ലീഡ് നില ഇരുവരെയും തുണച്ച ശേഷമാണ് നാടകീയ പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് കമീഷൻ അന്തിമ വിജയിയെ പ്രഖ്യാപിച്ചത്.
50 ദിവസങ്ങൾക്കിടെ 51 തവണ പ്രധാന മന്ത്രിയും അമിത് ഷായും എത്തി പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയും റാലികളെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടും തകർന്നടിഞ്ഞത് ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. 'കളി തുടരുന്നു' എന്നായിരുന്നു ബി.ജെ.പിക്കെതിരെ മമത മുദ്രാവാക്യമായി ഉപയോഗിച്ചിരുന്നത്. തിരിച്ച് 'കളി തീർന്നു' എന്ന് ബി.ജെ.പിയും മുദ്രാവാക്യം മുഴക്കി. ഫലമെത്തിയതോടെ അത് സംഭവിച്ചുകഴിഞ്ഞതായി തൃണമൂൽ പരിഹസിക്കുന്നു.
മാസ്കും സാമൂഹിക അകലവും ഒട്ടും പാലിക്കാതെയായിരുന്നു പ്രധാനമന്ത്രി മോദി ഉൾപെടെ ബി.ജെ.പി നേതാക്കളും മമത ബാനർജിയും ഒരുപോലെ കൂറ്റൻ റാലികൾ സംഘടിപ്പിച്ചിരുന്നത്.
ഫലമെത്തിയതോടെ മമതയെ പ്രധാനമന്ത്രി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.