തൃണമൂൽ മുക്ത ഭാരതം എന്ന മുദ്രാവാക്യം ബി.ജെ.പി ഒരിക്കലും മുഴക്കിയിട്ടില്ല -രാഹുൽ
text_fieldsകൊൽക്കത്ത: കോൺഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്ന് പറയുന്ന ബി.ജെ.പി, ബംഗാളിൽ തൃണമൂൽ മുക്ത ഭാരതമെന്ന മുദ്രാവാക്യം ഉയർത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മമത ബാനർജിയുടെ പാർട്ടി ബി.ജെ.പിയുടെ നേരത്തെയുള്ള സഖ്യകക്ഷിയായിരുന്നു. മമതക്ക് ഇതൊരു രാഷ്ട്രീയ പോരാട്ടം മാത്രമാണ്. എന്നാൽ കോൺഗ്രസിന് ഇത് രാഷ്ട്രീയപരമായും ആശയപരമായുമുള്ള പോരാട്ടമാണ് -രാഹുൽ പറഞ്ഞു.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലെ തന്‍റെ ആദ്യത്തെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. എട്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ നാല് ഘട്ടം പിന്നിട്ടുകഴിഞ്ഞു. ഇതുവരെ രാഹുൽ ബംഗാളിലെത്താത്തത് അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
ബംഗാളിലെ ജനങ്ങൾ തൃണമൂലിന് അവസരം നൽകി. പക്ഷേ പരാജയപ്പെട്ടു. മമത റോഡുകൾ നിർമിച്ചോ, കോളജുകൾ നിർമിച്ചോ, തൊഴിലവസരങ്ങൾ സൃഷ്ടിച്ചോ. ജോലിക്കായി കൈക്കൂലി നൽകേണ്ടിവരുന്ന ഒരേയൊരു സംസ്ഥാനമാണ് ബംഗാൾ -രാഹുൽ പറഞ്ഞു.
ബംഗാളിന്‍റെ സംസ്കാരവും പാരമ്പര്യവും തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബംഗാളിനെ സുവർണ ബംഗാൾ ആക്കിമാറ്റുമെന്നാണ് അവർ പറയുന്നത്. എന്നാൽ, ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ വിഭജിക്കാൻ മാത്രമാണ് അവർക്ക് കഴിയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.