ബംഗാളിൽ തെരഞ്ഞെടുപ്പ് തുടങ്ങിയതിനു പിറ്റേന്ന് തൃണമൂൽ നേതാവിനെ അറസ്റ്റ് ചെയ്ത് എൻ.ഐ.എ
text_fieldsകൊൽക്കത്ത: എട്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പിനെ നേരിടുന്ന പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടം കഴിഞ്ഞ പിറ്റേന്ന് േകന്ദ്ര ഇടപെടൽ ശക്തമാകുന്നതിന്റെ സൂചനകൾ നൽകി തൃണമൂൽ നേതാവിന്‍റെ അറസ്റ്റ്. തൃണമൂൽ സംസ്ഥാന സമിതി അംഗം ഛത്രാധർ മഹാതോവിനെയാണ് ഝർഗ്രാം ജില്ലയിലെ ലാൽഗഢിലെത്തി ദേശീയ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മഹാതോ ഉറങ്ങുന്ന സമയത്ത് 40 ഓളം പേരടങ്ങുന്ന സംഘമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കുടുംബം അറസ്റ്റ് വാറന്‍റ് കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന് വലിച്ചിഴച്ചാണ് വാഹനത്തിലെത്തിച്ചതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കൗശിക് സിൻഹ പറയുന്നു. ഉന്തും തള്ളലും നടന്നതിൽ ഒരു െപാലീസുകാരന് പരിക്കേറ്റു.
2009ൽ ലാൽഗഢിലെ മാവോവാദി കലാപത്തിനിടെ സി.പി.എം നേതാവ് പ്രബീർ ഘോഷ് കൊല്ലപ്പെട്ട സംഭവത്തിലുൾപെടെ നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടയാളാണ് മഹാതോ. അന്ന് അറസ്റ്റിലായ മഹാതോയെ വിട്ടയക്കാൻ മാവോയിസ്റ്റുകൾ ഭുവനേശ്വർ രാജ്ധാനി എക്സ്പ്രസ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു.
ആഴ്ചയിൽ മൂന്നു ദിവസം എൻ.ഐ.എക്കു മുമ്പാകെ ഹാജരാകണമെന്ന ഉത്തരവ് അടുത്തിടെ പാലിക്കാത്തതാണ് അറസ്റ്റിനു വഴിവെച്ചതെന്നാണ് സൂചന. യു.എ.പി.എ ചുമത്തപ്പെട്ടയാളാണ് മഹാതോ. ശനിയാഴ്ച അദ്ദേഹം വോട്ട് രേഖപ്പെടുത്തിയിരുന്നു.
2008ൽ ലാൽഗഢിൽ രൂപമെടുത്ത പീപിൾസ് കമ്മിറ്റി എഗെൻസ്റ്റ് പൊലീസ് അട്രോസിറ്റീസ് എന്ന സംഘടനയുടെ നേതാവാണ് മഹാതോ. മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധം മഹാതോയെ സംശയ മുനയിൽ നിർത്തിയിരുന്നു. നിരവധി സി.പി.എം നേതാക്കളുടെ മരണത്തിലും മഹാതോ സംശയത്തിന്‍റെ നിഴിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.