സീറ്റില്ല; രണ്ടു തവണ തൃണമൂൽ ടിക്കറ്റിൽ എം.എൽ.എയായ ദേബശ്രീ റോയ് പാർട്ടി വിട്ടു
text_fields
െകാൽക്കത്ത: അങ്കം കൊഴുത്ത പശ്ചിമ ബംഗാളിൽ ഭരണത്തുടർച്ച കൊതിക്കുന്ന തൃണമൂലിനും മുഖ്യമന്ത്രി മമതക്കും വീണ്ടും തിരിച്ചടി. പാർട്ടി ടിക്കറ്റിൽ തുടർച്ചയായി രണ്ടുവട്ടം നിയമസഭയിലെത്തിയ ദേബശ്രീ റോയ് ആണ് തൃണമൂൽ വിട്ടത്. സൗത് 24 പർഗാനാസ് ജില്ലയിലെ റായ്ഗിഡിയിൽനിന്ന് നിലവിലെ എം.എൽ.എയാണ് റോയ്. പാർട്ടിയുമായി എല്ലാ ബന്ധവും വിഛേദിക്കുകയാണെന്ന് പാർട്ടി നേതൃത്വത്തിന് അയച്ച രാജിക്കത്തിൽ പറയുന്നു. ഇത്തവണ അവർക്ക് തൃണമൂൽ അവസരം നൽകിയിരുന്നില്ല.
റോയ് 2019ൽ ബി.ജെ.പി പ്രവേശനത്തിന് ഒരുങ്ങിയിരുന്നുവെങ്കിലും നേതാക്കളുടെ കടുത്ത എതിർപ്പിൽ പദ്ധതി മുടങ്ങുകയായിരുന്നു. അന്ന് എതിർത്ത സോവൻ ചാറ്റർജി ഞായറാഴ്ച ബി.ജെ.പിയിൽനിന്ന് രാജിവെച്ചിരുന്നു.
സമീപകാലത്ത് പശ്ചിമ ബംഗാൾ സാക്ഷ്യം വഹിച്ച ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പുകളിലൊന്നായിട്ടും ടിക്കറ്റില്ലാത്തതിന്‍റെ പേരിൽ ടി.എം.സിയിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നത് പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് മുതിർന്ന നേതാക്കളായ ബച്ചു ഹൻസ്ഡ, ഗൗരി ശങ്കർ ദത്ത എന്നിവർ പാർട്ടി വിട്ടത്്. കഴിഞ്ഞ തിങ്കളാഴ്ച അഞ്ചു പാർട്ടി എം.എൽ.എമാരും പാർട്ടിവിട്ടു. ടിക്കറ്റില്ലാത്തതായിരുന്നു ഇവർക്കും പ്രശ്നം. മമതയുടെ ഇഷ്ടക്കാരിലൊരാളായ സോണാലി ഗുഹ, മുൻ ഫുട്ബാളർ ദീപേന്ദു ബിശ്വാസ്, നാലു തവണ എം.എൽ.എ ആയ രവീന്ദ്രനാഥ ഭട്ടാചാര്യ എന്നിവരും പട്ടികയിലുണ്ട്. രണ്ടു മാസം മുമ്പാണ് ടി.എം.സിയിൽ മമത കഴിഞ്ഞാൽ ഏറ്റവും വലിയ നേതാവ് സുവേന്ദു അധികാരി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.