എക്സിറ്റ് പോളുകളെയും തോൽപിച്ച് വംഗനാട്ടിൽ ദീദി വാഴ്ച
text_fieldsകൊൽക്കത്ത: വോട്ടെടുപ്പ് പൂർത്തിയായ ഉടൻ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിലേറെയും ഫോട്ടോ ഫിനിഷിൽ മമത അധികാരത്തിൽ തിരിച്ചുവരുമെന്ന് പ്രവചിച്ചപ്പോൾ അതിലേറെയൊന്നും പ്രതീക്ഷിച്ചവരുണ്ടായിരുന്നില്ല. ബി.ജെ.പിയെ ജയിപ്പിക്കാൻ തിടുക്കം കാട്ടിയ മാധ്യമങ്ങളുമുണ്ടായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിൽ അന്തിമ ഫലങ്ങളിലേക്ക് പശ്ചിമ ബംഗാൾ കണ്ണുതളർന്ന് കാത്തിരിക്കുേമ്പാൾ ഇനിയൊരു തിരിച്ചുവരവ് പോയിട്ട് മാന്യമായ ഫലം പോലും എത്തിപ്പിടിക്കാനാവാതെ വഴിയിൽ തളർന്നു നിൽക്കുകയാണ് ബി.ജെ.പി.
16 സീറ്റുകളിൽ വിജയിച്ച തൃണമൂൽ 194 സീറ്റുകളിൽ ലീഡ് പിടിച്ച് മുന്നേറുകയാണ്- മൊത്തം 210 സീറ്റുകൾ. മൂന്നിടത്ത് ജയിച്ച ബി.ജെ.പിക്ക് 77 ഇടത്ത് ലീഡുണ്ട്. കോൺഗ്രസ്- സി.പി.എം- ഐ.എസ്.എഫ് സഖ്യത്തിന് ആകെ രണ്ട് സീറ്റിലാണ് ലീഡ് പിടിക്കാനായത്.
അധികാരി കുടുംബം കാലങ്ങളായി കുത്തകയാക്കിവെച്ച നന്ദിഗ്രാമിൽ അങ്കം മുറുക്കിയ മമത ഇവിടെ എന്തും സംഭവിക്കാമെന്നിടത്തേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്. അരലക്ഷം വോട്ടിന് ഇവിടെ ജയിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടുമെന്ന് ബി.ജെ.പി സ്ഥാനാർഥിയായ മുൻ ടി.എം.സി നേതാവ് സുവേന്ദു അധികാരി പ്രഖ്യാപനം നടത്തിയിരുന്നു. ഇത് പുലരുമോയെന്നാണ് ഇനി രാജ്യം കാത്തിരിക്കുന്നത്. 15 റൗണ്ട് പൂർത്തിയാകുേമ്പാൾ 8,000 വോട്ടുകൾക്ക് മമത ഇവിടെ ലീഡ് ചെയ്യുകയാണ്.
സംസ്ഥാനത്ത് ഇതുവരെ തൃണമൂൽ 48.5 ശതമാനം വോട്ടുകൾ സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാമതുള്ള ബി.ജെ.പിക്ക് സമ്പാദ്യം 37.5 ശതമാനം മാത്രം. സി.പി.എം ശക്തികേന്ദ്രങ്ങളായിരുന്ന കൊൽക്കത്തയിൽ പോലും തൃണമൂൽ സർവാധിപത്യമാണ് ഇത്തവണയെന്നത് ശ്രദ്ധേയമാണ്. പുതുതായി തൃണമൂൽ ടിക്കറ്റിൽ അവസരം തേടിയ ബിദേഷ് ബോസ്, മനീഷ് തിവാരി പോലുള്ള കായിക താരങ്ങൾ വിജയം കണ്ടു. മറുവശത്ത് പാർട്ടി വിട്ട് ബി.ജെ.പിയിൽ കുടിയേറിയ പ്രമുഖരിലേറെയും വൻ മാർജിനിൽ പരാജയപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.