'ബീഗം അധികാരമേറിയാൽ സംസ്ഥാനം മിനി പാകിസ്താനാകും'- വർഗീയതയിലേക്ക് ചുരുങ്ങി നന്ദിഗ്രാമിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം
text_fields
കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവും കൂടുതൽ മുഴങ്ങിക്കേൾക്കുന്ന പദങ്ങളിലൊന്ന് പാകിസ്താൻ ആണ്. അതും മുഖ്യമന്ത്രി മമത ബാനർജി മത്സര രംഗത്തുള്ള നന്ദിഗ്രാമിൽ. ഇവിടെ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്ന മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരി വജ്രായുധം കണക്കെ പാകിസ്താൻ മാത്രമല്ല, 'ബീഗം', ഈദ്' തുടങ്ങിയ പദങ്ങളും നിരന്തരം പ്രയോഗിക്കുന്നു.
മാർച്ച് 29ന് നന്ദിഗ്രാമിൽ നടന്ന പൊതുപരിപാടിയിൽ സംസാരിച്ച സുവേന്ദു അധികാരി പറഞ്ഞത്, 'ബീഗം അധികാരത്തിൽ തിരിച്ചുവന്നാൽ, സംസ്ഥാനം മിനി പാകിസ്താനാമയി മാറും' എന്നായിരുന്നു. മുസ്ലിം വോട്ടർമാർക്കിടയിലെ ഇഷ്ടം സഹിക്കാഞ്ഞാണ് സുവേന്ദു തന്‍റെ പഴയ നേതാവിന് ബീഗം' എന്നു വിളിപ്പേര് നൽകിയത്. ഇവിടെ മാത്രമല്ല, നാളുകളേറെയായി മമതയെ 'ബീഗം' എന്നു മാത്രമാണ് സുവേന്ദു വിളിക്കുന്നത്.
''മമത എപ്പോഴും ഈദ് മുബാറക് പറയുന്നു. അത് അവരുടെ രീതിയായി മാറിയിരിക്കുന്നു. പറഞ്ഞു പറഞ്ഞ്, ഡോൽ (ബംഗാളിൽ ഹോളിക്കു തൊട്ടുമുമ്പായി വരുന്ന ആഘോഷം) ദിനത്തിൽ പോലും എല്ലാവരെയും 'ഹോളി മുബാറക്' എന്ന് ആശംസിക്കുന്നിടത്തെത്തി കാര്യങ്ങൾ''- സുവേന്ദുവിന്‍റെ വാക്കുകൾ. ''അവർ ''ഹിന്ദുവാകാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇരിപ്പിടത്തിനൊത്താണ് സംസാരം. ഇഗ്രയിൽ സംസാരിക്കുേമ്പാൾ കലിമ ചൊല്ലുന്നു. നന്ദിഗ്രാമിൽ ഹിന്ദുമന്ത്രം ചൊല്ലുേമ്പാൾ അത് പിഴക്കുകയുംചെയ്യുന്നു''- തിങ്കളാഴ്ചയിലെ വാക്കുകൾ.
വാക്കുകളിലെ വർഗീയത മാത്രമല്ല, തൃണമൂലിലെ മുസ്ലിം പേരുള്ള നേതാക്കളെ മാത്രം ഉദ്ധരിച്ചും സുവേന്ദു ധ്രുവീകരണം പരകോടിയിലെത്തിക്കാൻ ശ്രമിക്കുന്നു. ''മാഡം ഇവിടെ ജയിച്ചാൽ പിന്നെ അവരെ കാണാനുണ്ടാകില്ല. ആവശ്യങ്ങളുമായി സുഫിയാന്‍റെ (തൃണമൂൽ നന്ദിഗ്രാം നേതാവ്) വീട്ടിൽ ചെല്ലേണ്ടിവരും. സ്ത്രീകൾക്ക് സുഫിയാന്‍റെ വീട്ടിൽ ചെല്ലാനാകുമോ? അത് സുരക്ഷിതമാണോ''- ഈ പ്രചാരണം ജനങ്ങൾക്കിടയിൽ കാര്യമായി വേരു പിടിച്ചതായി മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രണ്ടു േബ്ലാക്കുകളിലായാണ് നന്ദിഗ്രാം മണ്ഡലം. നന്ദിഗ്രാം ഒന്ന്, നന്ദിഗ്രാം രണ്ട്. ഒന്നിൽ മുസ്ലിം ജനസംഖ്യ 35 ശതമാനത്തോളം വരും. രണ്ടിലാകട്ടെ, 10- 12 ശതമാനമേ വരൂ. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഈ മണ്ഡലത്തിൽനിന്ന് 62,000 വോട്ടുകൾ നേടിയതാണ്. അന്ന് തൃണമൂലിലായിരുന്ന സുവേന്ദുവിനോടുള്ള അനിഷ്ടമാണ് ബി.ജെ.പി വോട്ടായത് എന്ന് ഫലങ്ങളിൽനിന്ന് വ്യക്തമായിരുന്നു. ബി.ജെ.പി കൂടെകൂട്ടിയ വോട്ടുകൾ കണ്ട് മഞ്ഞളിച്ച സുവേന്ദു പാളയം മാറി പുതിയ ബാനറിൽ അങ്കത്തിനിറങ്ങുേമ്പാൾ പരസ്യമായി വർഗീയത പ്രകടിപ്പിക്കുന്നതാണ് ആശങ്കപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.