ബംഗാളിൽ ബി.ജെ.പി 100 കടക്കില്ല, ധൈര്യമുണ്ടെങ്കിൽ വിവാദ ഓഡിയോ ക്ലിപ്പ് മുഴുവൻ പുറത്തു വിടണം -പ്രശാന്ത് കിഷോർ
text_fieldsകൊൽക്കത്ത: ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പറയുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം ബി.ജെ.പി പുറത്തുവിട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മമതയെപോലെ തന്നെ ജനകീയനാണെന്നായിരുന്നു സാമൂഹിക മാധ്യമമായ ക്ലബ്ഹൗസിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ ചാറ്റിൽ പ്രശാന്ത് കിഷോർ പറഞ്ഞത്. ബി.ജെ.പി ഐ.ടി സെൽ മേധാവിയായ അമിത് മാളവ്യയാണ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്. എന്നാൽ വിവാദമായ ചാറ്റിന്‍റെ പൂർണ്ണരൂപം പുറത്തുവിടാൻ ബി.ജെ.പിയെ വെല്ലുവിളിച്ചിരിക്കുകയാണ് പ്രശാന്ത് കിഷോർ.
'എന്‍റെ ചാറ്റ് ബി.ജെ.പി അവരുടെ നേതാക്കളുടെ വാക്കുകളേക്കാള്‍ ഗൗരവമായി എടുക്കുന്നുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. അവര്‍ക്ക് താല്‍പര്യമുള്ള ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടത്. ചില ഭാഗങ്ങള്‍ മാത്രം പുറത്തുവിടാതെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിടാന്‍ വെല്ലുവിളിക്കുന്നു. ഞാൻ ഒരിക്കൽ കൂടി ആവർത്തിക്കുന്നു ബി.ജെ.പി ബംഗാളിൽ നൂറ് കടക്കില്ല' പ്രശാന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.
തൃണമൂൽ കോൺഗ്രസ് സര്‍ക്കാറിനെതിരെയുള്ള ധ്രുവീകരണം, രോഷം എന്നിവക്കൊപ്പം ദലിത് വോട്ടുകളും ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്നും കിഷോര്‍ ക്ലിപ്പിൽ പറയുന്നുണ്ട്. തൃണമൂൽ നടത്തിയ സർവേയിലും ബംഗാളിൽ ബി.ജെ.പി ഭരണത്തിലേറുമെന്നാണ് പ്രവചിക്കുന്നതെന്നാണ് ബി.ജെ.പി പറയുന്നത്.
ക്ലിപ്പിൽ കേന്ദ്ര സർക്കാറിനെതിരെയല്ല മറിച്ച് സംസ്ഥാന സർക്കാറിനെതിരെയാണ് ബംഗാളിൽ ജനവികാരമെന്ന് അദ്ദേഹം സമ്മതിക്കുന്നു. 'ആദ്ദേഹത്തെ രാജ്യമെമ്പാടും ആരാധിക്കുന്നുണ്ട്. നേതാക്കളുടെ ഒരു സർവേ എടുക്കുകയാണെങ്കിൽ മോദിയും മമതയും ഒരേ തരത്തിൽ ജനകീയരാണ്. അദ്ദേഹത്തെ ദൈവതുല്യനായി കാണുന്ന നിരവധിയാളുകളുണ്ട്. ബംഗാളിലെ ഹിന്ദി സംസാരിക്കുന്ന ജനവിഭാഗത്തിന്‍റെ പിന്തുണയും മോദിക്കാണ്' -മോദി ബംഗാളിൽ എങ്ങനെയാണ് ജനകീയനാകുന്നത് എന്ന ചോദ്യത്തിന് പ്രശാന്ത് കിഷോർ മറുപടി പറഞ്ഞു.
ബംഗാളിൽ ശനിയാഴ്ചയായിരുന്നു നാലാം ഘട്ട വോട്ടെടുപ്പ്. കൂച് ബിഹാറിൽ വോട്ടെടുപ്പിനിടെയുണ്ടായ വെടിവെപ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു. വോട്ടുചെയ്യാൻ കാത്തുനിന്നയാൾക്കു നേരെയുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചപ്പോൾ സംഘർഷ സ്ഥലത്ത് കേന്ദ്ര സേന നടത്തിയ വെടിവെപ്പിൽ നാലു പേരും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.