ഒരു രാജ്യം, ഏകകക്ഷി ഭരണം വേേണാ? പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഗതി നിർണയിക്കും- പ്രശാന്ത് കിഷോർ
text_fieldsകൊൽക്കത്ത: ഒരു രാജ്യമെന്ന നിലക്ക് നാം എങ്ങോട്ടുനീങ്ങണമെന്ന അതിനിർണായക നാഴികക്കല്ലാകും പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പെന്ന് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 'ബംഗാളിൽ ധ്രുവീകരണം പരമാവധിയിലാണ്. എന്നുവെച്ച് ബി.ജെ.പി ജയിക്കുമെന്ന് അർഥമില്ല. തൃണമൂൽ തകർന്നാൽ മാത്രമേ ബി.ജെ.പിക്ക് സാധ്യതയുള്ളൂ. അത് സംഭവിച്ചിട്ടില്ല. നിരവധി നേതാക്കൾ തൃണമൂൽവിട്ട് ബി.ജെ.പിയിൽ ചേക്കേറിയിട്ടുണ്ടെങ്കിലും ജനങ്ങളിൽ കാര്യമായ മാറ്റം വരുത്താനാവുന്നവരല്ല, അവരാരും. എന്നല്ല, എം.എൽ.എ ആയി ജനങ്ങളുടെ അപ്രീതി വാങ്ങിയവർ സ്വയം തലയിലേറ്റിയ ഭാരമാണ് ബി.ജെ.പി ഏറ്റെടുക്കുന്നത്. സുവേന്ദു അധികാരിയും മുകുൾ റോയിയും ഉൾപെടെ പോയിട്ടും ജനപ്രിയ നേതാവായി മമത തുടരുകയാണ്. ജനങ്ങളിൽ സ്വാഭാവികമായ അരിശം കാണാമെങ്കിലും അത് പ്രാദേശിക തലത്തിൽ മാത്രമാണ്. ബി.ജെ.പി ശ്രമം തുടരുകയാണ്. അവയൊക്കെയും പരാജയപ്പെടുകയും ചെയ്യുന്നു- ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ പറയുന്നു.
'ഇത്തവണ നടക്കുന്നത് രണ്ടു കക്ഷികൾ തമ്മിലെ തെരഞ്ഞെടുപ്പാണ്. സി.പി.എം- കോൺഗ്രസ് സഖ്യം എവിടെയുമില്ല. തൃണമൂൽ വോട്ടുകൾ ചിലത് അങ്ങോട്ട് മറിയും. അതേ അളവിൽ ബി.ജെ.പിയുടെതും അവർക്ക് ലഭിക്കും. മിക്ക മണ്ഡലങ്ങളിലും അവരുടെ സ്ഥാനാർഥികൾ പേരിനു പോലും ശ്രദ്ധിക്കപ്പെടാത്ത സ്ഥിതിയാണ്. ജനം അതിജീവനത്തിന്‍റെ പോരാട്ടമാണ് നടത്തുന്നത്. അത് നടത്തണമെന്ന് അവർക്ക് ബോധ്യമുണ്ട്. മോദി രാജ്യത്ത് ജനപ്രിയത നിലനിർത്തുന്ന നേതാവാണ്. പക്ഷേ, നിയമസഭ തെരഞ്ഞെടുപ്പായതിനാൽ മമത ബാനർജിയെ തോൽപിക്കാൻ അതുകൊണ്ടാകില്ല. 'ആശോൽ പരിബർത്തൻ' അഥവാ യഥാർഥ പരിവർത്തനത്തെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ആസാമിൽ ചെന്ന് പ്രളയ മുക്തമാക്കുമെന്നായിരുന്നു വാഗ്ദാനം. ഇപ്പോഴും അവിടെ ഭരണം ബി.ജെ.പിക്കാണ്. ജനത്തെ എളുപ്പം വഞ്ചിക്കാനാവില്ല. ദൂഷിതമായ നിഷേധാത്മകതയും കൈയിലുള്ള നിയമവിരുദ്ധ വിഭവങ്ങളുടെ ഉപയോഗവുമാണ് അവരുടെ വഴി. ഭരണകൂട ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ ഭീഷണിയുടെ മുനയിൽ നിർത്തുന്നതാണ് രീതി- അതുകൊണ്ട് ജയിക്കാനാവില്ലെന്നും പ്രശാന്ത് കിഷോർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.