ഭർത്താവിന്‍റെ മരണത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമീഷൻ; പരാതിയുമായി കോവിഡ് ബാധിച്ച് മരിച്ച തൃണമൂൽ സ്ഥാനാർഥിയുടെ ഭാര്യ
text_fieldsകൊൽക്കത്ത: ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിനിടെ കോവിഡ് ബാധിച്ച് മരിച്ച തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭാര്യ തെരഞ്ഞെടുപ്പ് കമീഷനെതിരെ പരാതി നൽകി.
ഖർദയിലെ തൃണമൂൽ സ്ഥാനാർഥിയായിരുന്ന കാജൽ സിൻഹയാണ് ഏപ്രിൽ 25ന് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ നന്ദിത സിൻഹയാണ് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണർ സുദീപ് ജെയിനിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് നൽകിയത്. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവർത്തനവും അവഗണനയുമാണ് നിരവധി സ്ഥാനാർഥികളുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം.
കോവിഡ് മഹാമാരിക്കെതിരെ രാജ്യം പോരാടിക്കൊണ്ടിരിക്കുേമ്പാൾ ബംഗാളിൽ എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമീഷനാണ് തന്‍റെ ഭർത്താവിന്‍റെ മരണത്തിനുത്തരവാദിയെന്നാണ് അവർ പറയുന്നത്.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒരുഘട്ടമായി ഒറ്റ ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടന്നു. അസമിൽ അത് മൂന്ന് ദിവസം കൊണ്ട് മൂന്ന് ഘട്ടമായി നടത്തി. എന്നാൽ ബംഗാളിൽ അത് എട്ട് ഘട്ടങ്ങളിലായി നടത്താൻ തെരഞ്ഞെടുപ്പ് കമീഷൻ പിടിവാശി പിടിക്കുകയായിരുന്നുവെന്നും അവർ പരാതിയിൽ എഴുതി.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മദ്രാസ് ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷനെ വിമർശിച്ചതിന് പിന്നാലെയാണ് നന്ദിത സിൻഹയുടെ പരാതി.
സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല തെരഞ്ഞെടുപ്പ് കമീഷനായിരുന്നുവെന്നും കോവിഡ് ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അവർ ഉറപ്പ് വരുത്തേണ്ടിയിരുന്നുവെന്നും നന്ദിത പരാതിയിൽ പറയുന്നു.
ഏപ്രിൽ 16നും ഏപ്രിൽ 20നും ശേഷിക്കുന്ന വോട്ടെടുപ്പുകൾ ഒന്നിച്ച് നടത്തി കോവിഡ് വ്യാപിക്കുവാനുള്ള സാധ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതിയിരുന്നു. എന്നാൽ ഇത് ചെവികൊള്ളാൻ കമീഷൻ തയാറായിരുന്നില്ല.
സംസ്ഥാനത്ത് ഭരണത്തിലെത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന ബി.ജെ.പിയുടെ ചട്ടുകമായി കമീഷൻ പ്രവർത്തിക്കുകയാണെന്നാണ് തൃണമൂലിന്‍റെ ആരോപണം. തെരഞ്ഞെടുപ്പ് ഫലം വന്നാൽ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.