ബംഗാളിൽ തൃണമൂൽ വിജയത്തിനു പിന്നാലെ വർഗീയ ആക്രമണ ആരോപണവുമായി ബി.ജെ.പി
text_fieldsകൊൽക്കത്ത: കേന്ദ്ര നേതൃത്വത്തെ മൊത്തമായി ഇറക്കുമതി ചെയ്തും പണമൊഴുക്കിയും നടത്തിയ പ്രചാരവേലകൾ ജനം സ്വീകരിക്കാതെ പശ്ചിമ ബംഗാളിൽ പരാജയപ്പെട്ട ബി.ജെ.പി മമതയെ പിടിച്ചുകെട്ടാൻ ആരോപിക്കുന്നത് കല്ലുവെച്ച നുണകൾ. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ പാർട്ടികൾക്കിടയിൽ നടന്ന അക്രമ സംഭവങ്ങളെ ഭൂരിപക്ഷത്തിനു മേൽ ന്യൂനപക്ഷമായ മുസ്ലിംകൾ നടത്തുന്ന വർഗീയ ആക്രമണമായാണ് ബി.ജെ.പി നേതാക്കൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്.
സ്വപൻ ദാസ് ഗുപ്ത, മീനാക്ഷി ലേഖി, ൈകലാശ് വിജയ്വർഗിയ, സമൂഹ മാധ്യമ വിഭാഗം ദേശീയ ഇൻ ചാർജ് പ്രീതി ഗാന്ധി തുടങ്ങിയ ബി.ജെ.പി നേതാക്കളും അവരുടെ ചുവടുപിടിച്ച് അണികളും വ്യാപകമായി നുണകൾ പ്രചരിപ്പിക്കുകയാണ്. കങ്കണ റണോട്ടിനെ പോലെ അവർക്ക് പിന്തുണ അർപ്പിച്ച് രംഗത്തുവരുന്നവർ വേറെ.
നന്ദിഗ്രാമിലെ ബീർഭൂമിൽ ആയിരം ഹിന്ദു കുടുംബങ്ങൾ തൃണമൂൽ അതിക്രമം സഹിക്കാനാവാതെ വയലിലേക്ക് ഒാടി രക്ഷപ്പെട്ടെന്നായിരുന്നു സ്വപൻദാസ് ഗുപ്തയുടെ ട്വിറ്ററിലെ നുണപ്രചാരണം. തൃണമൂൽ ജിന്നയുടെ മുസ്ലിംലീഗിന്റെ പുതിയ കാല രൂപമായി മാറിയെന്നായിരുന്നു മീനാക്ഷി ലേഖിയുടെ സമൂഹ മാധ്യമ പോസ്റ്റ്. നന്ദിഗ്രാമിലെ കെൻഡമറിയിൽ ബി.ജെ.പി വനിതകൾക്കെതിരെ തൃണമൂൽ മുസ്ലിം ഗുണ്ടകൾ അതിക്രമം നടത്തുകയാണെന്ന് കൈലാശ് വിജയ്വർഗിയ ട്വീറ്റ് ചെയ്തതിന് താഴെ ബോളിവുഡ് നടി കങ്കണയെത്തി ഇവരെ നേരിടാൻ സൂപർ ഗുണ്ടകളാണ് വേണ്ടതെന്ന് പ്രതികരിച്ചു. പഴയ കാലത്തെ ഏതോ അക്രമ സംഭവത്തിന്‍റെ ചിത്രം അടർത്തിയെടുത്ത് പശ്ചിമ ബംഗാളിലെ തൃണമൂൽ ആഘോഷം എന്ന പേരിൽ കൊടുത്തത് സമൂഹ മാധ്യമ വിഭാഗം ദേശീയ ചുമതലക്കാരി പ്രീതി ഗാന്ധി. പോളിങ് ഏജന്‍റുമാരായ ബി.ജെ.പി വനിതകൾ കൂട്ട മാനഭംഗത്തിനിരയായെന്നായിരുന്നു ദീപ് ഹാൾഡർ എന്ന ഹാൻഡ്ലിൽനിന്നുളള വ്യാജ പ്രചാരണം. കാടിളക്കി വ്യാജ പ്രചാരണം കൊഴുപ്പിച്ച് ബി.ജെ.പി സജീവമായതോടെ തൃണമൂലും രംഗത്തെത്തി. തങ്ങളുടെ നിരവധി പ്രവർത്തകരെ ബി.ജെ.പി കൊലപ്പെടുത്തിയെന്നായിരുന്നു തൃണമൂൽ ആരോപണം.
രാഷ്്ട്രീയ അക്രമങ്ങൾ തുടർക്കഥയായ ബംഗാളിൽ തെരഞ്ഞെടുപ്പ് വിജയത്തിന് മുമ്പും ശേഷവും ഇരു വിഭാഗങ്ങളും നടത്തിയ അക്രമങ്ങൾക്കാണ് വർഗീയ മുഖം കൈവന്നത്. രണ്ടു ദിവസത്തിനിടെ നടന്ന സംഘട്ടനങ്ങളിൽ ഇതുവരെ സംസ്ഥാനത്ത് 14 പേർ മരിച്ചിട്ടുണ്ട്. അക്രമ മരണങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്രം മമത സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്. മരിച്ച ഒമ്പതുപേർ തങ്ങളുടെ പ്രതിനിധികളാണെന്ന് ബി.ജെ.പിയും നാലുപേർ തങ്ങളുടെയാണെന്ന് തൃണമൂലും പറയുന്നു. ഒരു ഐ.എസ്.എഫ് നേതാവും തിങ്കളാഴ്ച കൊല്ലപ്പെട്ടിട്ടുണ്ട്. ആറു പേരാണ് െകാൽക്കത്തയിൽ മാത്രം കൊല്ലപ്പെട്ടത്. പാർട്ടികൾക്കിടയിലെ സംഘട്ടനങ്ങളാണ് വർഗീയതയായി പേരുമാറിയത്. അതേ സമയം, പ്രചരിപ്പിക്കപ്പെടുന്ന കൂട്ട മാനഭംഗ വാർത്തകൾ വ്യാജമാണെന്ന് ബീർഭൂം പൊലീസ് സൂപ്രണ്ട് എൻ.എൻ ത്രിപാഠി അറിയിച്ചു.
ബംഗാളിൽ സത്യപ്രതിജ്ഞ ചടങ്ങ് നീട്ടിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പരാതിയും നൽകി. പ്രധാനമന്ത്രി ഗവർണറെ വിളിച്ച് വിഷയത്തിൽ നിജസ്ഥിതി തേടിയിട്ടുണ്ട്. ഇവക്ക് കൂടുതൽ കരുത്തു പകർന്നാണ് വ്യാജ പ്രചാരണം.
ഇത്തവണ അധികാരം നഷ്ടമായതിനു പിന്നാലെ മുസ്ലിമിനും ഹിന്ദുവിനുമിടയിൽ അകലം കൂട്ടാന ചിലർ തിടുക്കം കൂട്ടുകയാണെന്ന് വ്യാജ വാർത്തകളുടെ ഉറവിടം കണ്ടെത്തുന്ന ആൾട്ട് ന്യൂസ് സ്ഥാപകൻ പ്രതീക് സിൻഹ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.