താര പ്രതിഫലം 100 കോടി, സഹായികൾക്ക് ഒരു ദിവസം 20 ലക്ഷം; പണം പാറുന്ന ബോളിവുഡ്
text_fieldsഎല്ലാ തടസ്സങ്ങളും അതിജീവിച്ച് ഒരു ബോളിവുഡ് നിർമാതാവ് പടം പൂർത്തിയാക്കുന്നു. റിലീസ് തലേന്ന് പ്രമോഷൻ അഭിമുഖങ്ങൾക്കായി താരങ്ങളെത്തുന്നു. ഒരു ദിവസത്തെ പരിപാടി കഴിഞ്ഞ്, പ്രധാന താരത്തിന്റെ സ്റ്റൈലിസ്റ്റ് നിർമാതാവിന് ഒരു ബിൽ നൽകി. താരത്തിന്റെ ഡ്രെസ് ചേഞ്ചിങ് ഫീസായി രണ്ടു ലക്ഷം! കരാർ പ്രകാരം ഒരു ലക്ഷമായിരുന്നു. ഒരു മാറ്റത്തിനാണ് ഒരു ലക്ഷമെന്നും താരം അന്ന് രണ്ടു ചേഞ്ച് നടത്തിയെന്നും സ്റ്റൈലിസ്റ്റ്. കൊടുക്കുകയല്ലാതെന്തു ചെയ്യാൻ....
കോടികൾ കിലുങ്ങുന്ന ബോളിവുഡിൽ താരങ്ങളുടെ പ്രതിഫലവും മറ്റു സൗകര്യങ്ങളുടെ ചെലവുകളുമെല്ലാം എല്ലാ പിടിയും വിട്ട് കുതിക്കുകയാണെന്നാണ് ഇൻഡസ്ട്രി സംസാരം.
താര പ്രതിഫലം നൂറു കോടി കടന്നുവത്രെ. അവർക്കും പരിവാരങ്ങൾക്കും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും വർക്കൗട്ട് ചെയ്യാനും സഹായികൾക്കായും വെവ്വേറെ വാനിറ്റി വാനുകൾ വേണം.
കോവിഡാനന്തരം താരപ്രതിഫലം കുത്തനെ വർധിച്ചുവെന്നാണ് കണക്കുകൾ. സിനിമ ചെയ്യാൻ താരം ഒപ്പിടുമ്പോൾ പറയുന്ന തുക അയാളുടെ മാത്രം ഫീസാണ്. സ്റ്റാഫിന്റെ ചെലവുകളെല്ലാം അതിനു പുറമെയാണ്. സ്റ്റൈലിസ്റ്റ്, ഹെയർ ആൻഡ് മേക്കപ്, മാനേജർ, സ്പോട്ട് ബോയ് (സെറ്റിലെ സഹായി), ബൗൺസർ (അംഗരക്ഷകൻ) തുടങ്ങിയ ഈ നീണ്ട ലിസ്റ്റിന്റെ ഒരു ദിവസത്തെ ചെലവ് 20 ലക്ഷം കവിയുമത്രെ.
അമ്പിളി മാമനെ പിടിച്ചു തരൂ...
ഷൂട്ടിനിടയിൽ താരങ്ങളെ കംഫർട്ടാക്കാൻ അവർ പറയുന്നതെന്തും കേൾക്കേണ്ടി വരുന്ന അവസ്ഥയാണ് പ്രൊഡക്ഷൻ കൺട്രോളർമാർക്ക്. ഇതേപ്പറ്റി ഒട്ടേറെ കഥകളും ഇറങ്ങുന്നുണ്ട്. കൊടുംകാട്ടിനുള്ളിലെ ലൊക്കേഷനിൽവെച്ച് പ്രശസ്ത ഔട്ട്ലെറ്റിലെ ബർഗർതന്നെ ആവശ്യപ്പെടുന്ന താരമുണ്ടത്രെ.
രാജ്യത്തിന്റെ ഏതോ കോണിലുള്ള അടുത്ത ലൊക്കേഷനിലേക്ക് താരം ഫ്ലൈറ്റിൽ എത്തുംമുമ്പേ തന്റെ ഇഷ്ട വാഹനവുമായി ഡ്രൈവർ അവിടെയെത്തിയിരിക്കണം. അതിന്റെ ചെലവ് സ്വാഭാവികമായും പ്രൊഡ്യൂസർക്ക്... ഇങ്ങനെ പോകുന്നു ചെലവിന്റെ കണക്കുകൾ.
ഇങ്ങനെ കുതിക്കുന്ന ചെലവുകൾ നിയന്ത്രിക്കാൻ അടിയന്തര സംവിധാനം വേണമെന്നും അല്ലെങ്കിൽ വ്യവസായം തകരുമെന്നും പല നിർമാതാക്കളും പറഞ്ഞുതുടങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.