Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightസൂപ്പർ 'ഹിറ്റ്'ൻ്റെ ...

സൂപ്പർ 'ഹിറ്റ്'ൻ്റെ 20 വർ‍ഷങ്ങൾ

text_fields
bookmark_border
സൂപ്പർ ഹിറ്റ്ൻ്റെ  20 വർ‍ഷങ്ങൾ
cancel
camera_alt

ചിത്രം - എ.പി ഹിജ്​ലാൻ

ഹി​റ്റ്​ 96.7 എ​ഫ്.​എം പ്ര​വാ​സി മ​ല​യാ​ളി​യു​ടെ കാ​തു​ക​ളി​ൽ​ ആ​ന​ന്ദം നി​റ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്​ ര​ണ്ട്​ ദ​ശാ​ബ്​​ദം തി​ക​യു​ന്നു. യു.​എ.​ഇ​യി​ലെ മ​ല​യാ​ള ജീ​വി​ത​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ളി​ൽ സു​വ​ർ​ണ​രേ​ഖ​യാ​യി തി​ള​ങ്ങി​നി​ൽ​ക്കു​ന്ന ജൈ​ത്ര​യാ​ത്ര​യു​ടെ പേ​രാ​ണ​ത്. ഗൃ​ഹാ​തു​ര​ത​യാ​ൽ ഹൃ​ദ​യം വി​ങ്ങു​ന്ന പ്ര​ഭാ​ത​ങ്ങ​ളി​ൽ, വി​ഷാ​ദം നി​റ​യു​ന്ന ഉ​ച്ച​വെ​യി​ലി​ൽ, ഓ​ർ​മ​ക​ളെ താ​ലോ​ലി​ക്കു​ന്ന രാ​ത്രി​ക​ളി​ൽ..​അ​ങ്ങ​നെ പ്ര​വാ​സി​യു​ടെ ദൈ​നം​ദി​ന സ​ഞ്ചാ​ര പാ​ത​ക​ളി​ൽ ഓ​രോ​യി​ട​ത്തും ഒ​രി​റ്റ്​ ആ​ശ്വാ​സ​മാ​യി, അ​തി​ലു​പ​രി സ്​​നേ​ഹ​മാ​യി ആ ​ശ​ബ്​​ദ​മെ​ത്തു​ന്നു. ബോ​റ​ടി​പ്പി​ക്കു​ന്ന ട്രാ​ഫി​ക്കി​നി​ട​യി​ൽ പൊ​ട്ടി​ച്ചി​രി​ക്കാ​നും പാ​ട്ട്​​കേ​ട്ട്​ താ​ളം​പി​ടി​ക്കാ​നും അ​ത് നി​മി​ത്ത​മാ​കു​ന്നു. അ​ങ്ങ​ക​ലെ നൊ​മ്പ​ര​ക്ക​ട​ലി​ൽ മു​ങ്ങു​ന്ന സ​ഹ​ജീ​വി​യി​ലേ​ക്ക്​ കാ​രു​ണ്യ​പ്പാ​ലം പ​ണി​യാ​ൻ അ​ത്​ പ്രേ​രി​പ്പി​ക്കു​ന്നു. ആ​ഘോ​ഷ​ങ്ങ​ളി​ൽ ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു, ദു​രി​ത​ങ്ങ​ളി​ൽ കൈ​പി​ടി​ക്കു​ന്നു..​അ​ങ്ങ​നെ​യ​ങ്ങ​നെ​യ​ത്​ ഇ​വി​ടെ​യെ​ല്ലാം നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു.

2004ലെ ​ജൂ​ണി​ലെ ചൂ​ട്​ ക​ത്തി​നി​ൽ​ക്കു​ന്ന ഒ​രു ദി​വ​സ​ത്തി​ലാ​ണ​ത്​ പി​റ​വി​യെ​ടു​ക്കു​ന്ന​ത്. വാ​ർ​ത്ത​ക​ൾ​ക്കും വി​ശേ​ഷ​ങ്ങ​ൾ​ക്കും ഏ​റെ​യൊ​ന്നും വ​ഴി​ക​ള​ന്ന്​ മ​ല​യാ​ളി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. പൊ​ടു​ന്ന​നെ​യൊ​രു ശ​ബ്​​ദം അ​വ​രു​ടെ ജീ​വി​ത​ത്തി​ന്‍റെ പൂ​മു​ഖ​ത്ത്​ പു​ഞ്ചി​ച്ചു​കൊ​ണ്ട്​ വ​ന്നു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പി​ന്ന​യ​ത്​ അ​വ​രു​ടെ ഹൃ​ദ​യ​കോ​ണി​ലൊ​രു ക​സേ​ര​യി​ട്ടി​രു​ന്നു. ഇ​റ​ങ്ങി​പ്പോ​കാ​ൻ പ​റ​യാ​ൻ മ​ല​യാ​ളി​ക്ക്​ ഇ​ന്നേ​വ​രെ തോ​ന്നി​യി​ട്ടി​ല്ല. കാ​ര​ണം, അ​ന്യ​രാ​ണെ​ന്ന്​ അ​വ​ർ​ക്ക്​ ഒ​രി​ക്ക​ലും അ​നു​ഭ​വ​പ്പെ​ട്ടി​ല്ല. അ​ത്ര​ക്കാ​യി​രു​ന്നു ആ ​ചേ​ർ​ത്തു പി​ടി​ക്ക​ൽ. മി​ഥു​നും നൈ​ല​യും ഫ​സ്​​ലു​വും മാ​യ​യും അ​ഫ്​​റാ​സും ഷാ​ബു​വും നി​മ്മി​യും ജോ​ണും ഡോ​ണ​യു​മെ​ല്ലാം പ്ര​വാ​സി​യു​ടെ വീ​ട്ടു​കാ​രാ​യ​ത്​ അ​ങ്ങ​നെ​യാ​ണ്. ശ​ബ്​​ദം മാ​ത്ര​മാ​യി അ​നു​ഭ​വി​ക്കു​ന്ന ബ​ന്ധു​ക്ക​ൾ. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ തി​ര​മാ​ല​ക​ൾ തീ​ർ​ക്കു​ന്ന​തി​ന്​ മു​മ്പ്​ ത​ന്നെ സൂ​പ്പ​ർ സ്​​​റ്റാ​റു​ക​ളാ​യ ‘ആ​ർ.​ജെ’​മാ​രാ​ണ​വ​ർ. ഹി​റ്റ്​ എ​ഫ്.​എ​മ്മി​ന്‍റെ വ​ള​ർ​ച്ച മ​ല​യാ​ളി​ക്ക്​ ആ​ഹ്ലാ​ദം പ​ക​രു​ന്ന​താ​ണ്. കാ​ര​ണം അ​തൊ​രു റേ​ഡി​യോ സ്​​റ്റേ​ഷ​ന്‍റെ വ​ള​ർ​ച്ച​യ​ല്ല, മ​ല​യാ​ള​ത്തി​ന്‍റെ ത​ന്നെ വ​ള​ർ​ച്ച​യാ​യി​രു​ന്നു. മ​രു​ഭൂ​മി​യി​ലൂ​ടെ പ​ര​ന്നൊ​ഴു​കി​യ മ​ല​യാ​ള ശ​ബ്​​ദം ഉ​യ​ർ​ത്തി​യ​ത്​ മൊ​ത്തം പ്ര​വാ​സി​യു​ടെ​യും അ​ഭി​മാ​ന​മാ​ണ്. ദു​ബൈ സ​ർ​ക്കാ​റി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ഹി​റ്റ്​ എ​ഫ്.​എം പി​റ​വി​യെ​ടു​ത്ത​ത്​. അ​റ​ബി, ഇം​ഗ്ലീ​ഷ്​ ഭാ​ഷ​ക​ൾ​ക്ക്​ ശേ​ഷ​മാ​യി ഒ​രു റേ​ഡി​യോ ചാ​ന​ലി​നാ​യി ദു​ബൈ അ​ധി​കൃ​ത​ർ മ​ല​യാ​ളം പ​രി​ഗ​ണി​ച്ചെ​ങ്കി​ൽ അ​ത്​ ക​ട​ൽ​ക​ട​ന്ന മു​ഴു​വ​ൻ മ​ല​യാ​ളി​യു​ടെ​യും വി​ജ​യ​മാ​ണ്. 20വ​ർ​ഷ​മെ​ന്ന​ത്​ ചെ​റി​യ കാ​ല​മ​ല്ല, പ​ല ഋ​തു​ക്ക​ൾ ക​ട​ന്നു​പോ​യി. ഓ​ണ​വും വി​ഷു​വും ഈ​ദും ക്രി​സ്മ​സും മാ​റി​മാ​റി വ​ന്നു​പോ​യി. ത​ല​മു​റ​ക​ളു​ടെ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. സാ​​ങ്കേ​തി​ക​വി​ദ്യ കു​ത്ത​നെ വ​ള​ർ​ന്നു. എ​ന്നി​ട്ടും ഒ​രു റേ​ഡി​യോ ചാ​ന​ൽ മെ​ട്രോ ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കി​ട്ട ജീ​വി​ത​ത്തി​ലും ഒ​രു ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മെ​ങ്കി​ൽ അ​ത്​ സൂ​പ്പ​ർ ഹി​റ്റ​ല്ലെ​ങ്കി​ൽ പി​ന്നെ​ന്ത്!!!

മിഥുൻ രമേശ്

20വർഷത്തെ യാത്ര ചെറുതല്ല. 2004ൽ ദുബൈ സർക്കാർ മലയാളികൾക്ക്​ വേണ്ടി ഒരു റേഡിയോ തുടങ്ങിയത്​, അക്കാലത്ത്​ തന്നെ ജനസംഖ്യയിൽ അത്രയും കേരളീയരുണ്ടായിരുന്നു എന്നതിനാലാണ്​. ഈ നാടിനൊപ്പം വലിയ രീതിയിൽ മലയാളിയും വളർന്നുകഴിഞ്ഞു. കേരളീയ ഭക്ഷണം കഴിക്കാൻ രണ്ടോ മൂ​ന്നോ മികച്ച ഹോട്ടലുകൾ മാത്രമുണ്ടായിരുന്ന കാലമാണത്​. ഇപ്പോൾ കേരളത്തിലെ 14ജില്ലകളിലെയും ഭക്ഷണം ആസ്വദിക്കാൻ നിരവധി സ്ഥാപനങ്ങളുണ്ട്​. ഹിറ്റ്​ എഫ്​.എമ്മും ഗൾഫ്​ മാധ്യമവും അടക്കമുള്ള മാധ്യമങ്ങൾ വന്നതോടെ പരസ്യങ്ങൾ വരാൻ തുടങ്ങി. അതോടെ വിദൂരങ്ങളിലെ സ്ഥാപനങ്ങൾ പോലും മലയാളികൾ അറിയാൻ തുടങ്ങി. അങ്ങനെ എല്ലാവർക്കും വളരാനുള്ള സാഹചര്യമുണ്ടായി. രണ്ട്​ നല്ല സിനിമകൾ ചെയ്ത ശേഷം, വെള്ളിത്തിരയിൽ തുടരണമെന്ന പ്ലാനുമായി നടന്ന കാലത്താണ്​ ഹിറ്റിലേക്ക്​ ക്ഷണം ലഭിക്കുന്നത്​. മലയാള സിനിമാ മേഖലയിൽ ചില പ്രതിസന്ധികളുടെ കാലമായിരുന്നു അത്​. ഗൾഫിൽ നിന്ന്​ ഒരു ഓഫർ ലഭിച്ചപ്പോൾ കുടുംബത്തിന്​ വലിയ താൽപര്യമായിരുന്നു. അവസാനം ആറുമാസം അടിച്ചുപൊളിക്കാമെന്ന ആഗ്രഹവുമായാണ്​ ദുബൈക്ക്​ വിമാനം കയറുന്നത്​. ഇന്നിപ്പോൾ രണ്ട്​ പതിറ്റാണ്ടായ യാത്ര തുടങ്ങുന്നത്​ അങ്ങനെയാണ്​. ഇവിടെ എ.എം റേഡിയോ സ്​റ്റേഷനുകൾ അന്നുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ എഫ്​.എം തുടങ്ങിയപ്പോൾ ജനങ്ങൾ നൽകിയ പിന്തുണ വലുതാണ്​. റേഡിയോയുടെ വൺവേ സംസാരം എന്ന പതിവ്​ രീതിവിട്ട്​ എസ്​.എം.എസിലൂടെ കേൾവിക്കാർക്കും സംസാരിക്കാനുള്ള അവസരമൊരുക്കി. ഒരിക്കൽ ഒരാൾ വിമാനത്താവളത്തിലേക്ക്​ ടാക്സി ലഭിക്കാതെ വന്നപ്പോൾ റേഡിയോയിലേക്ക്​ എസ്​.എം.എസ്​ അയച്ചു. ഏറെ നേരം കാത്തിരുന്നിട്ടും ടാക്സി ലഭിക്കാത്ത ഇയാളുടെ വിഷയം ഓൺ എയറിൽ ഞങ്ങൾ പറഞ്ഞു. കുറച്ചു കഴിഞ്ഞ്​ അഞ്ചു വാഹനങ്ങൾ അയാളെ സഹായിക്കാൻ എത്തിയതായാണ്​ അറിഞ്ഞത്​. ഇത്തരത്തിൽ ഹോട്ട്​ലൈൻ നമ്പറുപോലെ റേഡിയോ മാറിയ കാലമുണ്ടായിരുന്നു. പ്രവാസികൾക്ക്​ കാര്യങ്ങൾ അറിയാനും അവരുടെ വിഷയങ്ങൾ ഉന്നയിക്കാനും മാധ്യമങ്ങൾ വലിയ രീതിയിൽ സഹായിച്ചു. അത്തരത്തിൽ അവരുമായി വൈകാരികമായ ഒരടുപ്പം സൃഷ്ടിക്കാൻ സാധിച്ചത്​.

നൈല

20 വർഷം മുമ്പ്​ ഹിറ്റ്​ എഫ്.എം യാത്ര തുടുങ്ങുമ്പോഴുണ്ടായിരുന്ന ആദ്യ നാലു​പേരിൽ ഒരാളാണ്​. അന്നുമുതൽ എന്‍റെ രക്​തത്തിൽ ഹിറ്റ്​ എഫ്​.എം ഉണ്ട്​. സത്യത്തിൽ അതൊരു വികാരമാണ്​. ലോകത്തിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആദ്യ എഫ്​.എം സ്​റ്റേഷനായിരുന്നു ഹിറ്റ്​ എഫ്​.എം. അത്​ അന്ന്​ പുതിയൊരു പരീക്ഷണമായിരുന്നു. തുടക്കത്തിലെ അതിന്‍റെ ഭാഗമാവാൻ കഴിഞ്ഞത്​ വലിയ കാര്യമായി തോന്നുന്നു. ജീവിതത്തിൽ എല്ലാം നൽകിയത്​ ഹിറ്റ്​ എഫ്​.എം ആണ്​. ആളുകൾ തിരിച്ചറിഞ്ഞതും ഇതുവഴിയാണ്​. ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന ഒന്നാണിവിടത്തെ ജോലി​. എ​ന്നിലെ യുവത്വം നിലനിൽക്കുന്നത്​ ഈ ജോലിയിലൂടെയാണ്​. കുഞ്ഞുങ്ങൾക്ക്​ എന്‍റെ പേരിട്ടതായി ചില രക്ഷിതാക്കൾ പറഞ്ഞിട്ടുണ്ട്​. അത്​ അവർ നമ്മെ അത്രമേൽ ഇഷ്ടപ്പെട്ടതു കൊണ്ടാണ്​. അത്​ വലിയ സന്തോഷം നൽകുന്ന കാര്യമാണ്​. 12000 ആളുകളെ ഒരു മാളിൽ ഒരുമിച്ച്​ കൊണ്ടുവരാൻ ഹിറ്റ്​ എഫ്​.എമ്മിന്​ സാധിച്ചിട്ടുണ്ട്​​. ഒരു​ റേഡിയോയുടെ ശക്​തി പ്രകടിപ്പിച്ച ഇവന്‍റായിരുന്നു അത്​. ദുബൈയിൽ വളരെ ക്വാളിറ്റി ലിസനിങ്​ ആണ്​. നാട്ടിലുള്ളത്​ പോലെയല്ല. അവർക്ക്​ റോഡിൽ മറ്റൊന്നിനേയും കുറിച്ച്​ ശ്രദ്ധ തിരിക്കേണ്ടിവരാറില്ല. അവരാണ്​ നമ്മുടെ ടാർഗറ്റ്​. സിനിമ എന്നെ വളരെ എക്​സൈറ്റ്​ ചെയ്യിക്കുന്ന ഒന്നാണ്​​. ഒരുപാട്​ ആളുകൾ നോക്കി നിൽക്കെ അഭിനയിക്കാ​മെന്നത്​ വെല്ലുവിളിയാണ്​. സിനിമകൾ കൂടുതൽ എക്​സ്​പ്ലോർ ചെയ്യണമെന്നുണ്ട്​. അപ്പോഴും എന്‍റെ സുരക്ഷിതയിടം റേഡിയോ തന്നെ ആണ്​. അതുകൊണ്ട്​ തന്നെ ലീവിന്​ അനുസരിച്ചുള്ള സിനിമ മാത്രമേ ചെയ്യാറുണ്ട്​. റേഡിയോ ഇന്നും പാഷനാണ്​. സമൂഹ മാധ്യമങ്ങൾ വികസിച്ച കാലത്തും റേഡിയോയുടെ പ്രാധാന്യം നിലനിൽക്കുന്നുണ്ട്​. രണ്ടുമായും പരസ്പരം സഹകരിച്ചാണ്​ നമ്മൾ മുന്നോട്ട്​ പോകുന്നത്​. ഒന്നും മറ്റൊന്നിനെ ഇല്ലാതാക്കുന്നില്ലെന്നാണ്​ മനസിലാക്കുന്നത്​.

ഫസ്​ലു

ഹിറ്റ്​ എഫ്​.എമ്മിലേക്കുള്ള യാത്ര ഓർക്കുമ്പോൾ, രണ്ട്​ പതിറ്റാണ്ട്​ മുമ്പ്​ ദുബൈ വിമാനത്താവളത്തിൽ നിന്ന്​ ഷെറാട്ടൺ ഹോട്ടലും അന്വേഷിച്ച് ബസിലും കാൽനടയായും അലഞ്ഞ ഓർമയാണ്​ ആർ.ജെ ഫസലുവിന്​ പറയാനുള്ളത്​. നാട്ടിൽ ന്യൂസ്​ ചാനലിൽ ജോലി ചെയ്യവെയാണ്​ ഹിറ്റിലേക്ക്​ സുഹൃത്തിന്‍റെ സ്​നേഹം നിറച്ച വിളിയെത്തുന്നത്​. ഒരു എഫ്​.എം റേഡിയോയിൽ ചേർന്നിട്ട്​ എന്തുചെയ്യാനാണ്​ എന്ന തോന്നലിൽ ആദ്യമൊക്കെ ഓഫർ നിരസിച്ചു. എന്നാൽ ദുബൈയിലേക്ക്​ പറക്കാനായിരുന്നു നിമിത്തം. ആ യാത്ര സാഹസികം തന്നെയായിരുന്നു. വിസയും ടിക്കറ്റുമെല്ലാം രണ്ടുദിവസത്തിൽ വന്നു. രണ്ടും കൽപിച്ച്​ ദുബൈ വിമാനത്താവളം ഒന്നാം പ്ലാറ്റ്​ഫോമിൽ വന്നിറങ്ങുന്നത്​ പോക്കറ്റിൽ സൂക്ഷിച്ച ഒരേയൊരു ഫോൺ നമ്പറിന്‍റെ ബലത്തിലായിരുന്നു. സ്വീകരിക്കാനുണ്ടാകുമെന്ന്​ അറിയിച്ചയാളുടേതായിരുന്നു അത്​. പക്ഷേ എയർപോർട്ടിൽ നിന്ന്​ പുറത്തിറങ്ങിയപ്പോൾ നമ്പർ കാണാനില്ല. ഓർമയിൽ ആകെയുണ്ടായിരുന്നത്​ ഷെറാട്ടൻ ഹോട്ടൽ എന്ന പേര്​. പിന്നീട്​ ഒരു അലച്ചിലായിരുന്നു. അവസാനം ലക്ഷ്യ സ്ഥാനത്തെത്തി. ഹിറ്റ്​ എഫ്​.എം ഉദ്​ഘാടനത്തിന്‍റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ ‘മിസിങ്​’ ആയ ആളെത്തിരഞ്ഞ്​ നടക്കുകയായിരുന്ന സംഘാടകർക്കും ശ്വാസം വീണത്​ അപ്പോഴായിരുന്നു.

രണ്ട്​ പതിറ്റാണ്ട്​ പിന്നിടുമ്പോൾ ​ഹിറ്റ്​ എഫ്​.എം വഴി നടത്തിയ ഇടപെടലുകളിലും പ്രവാസി സമൂഹത്തിന്​​ ചെയ്യാൻ സാധിച്ച കാര്യങ്ങളിലും കൃതാർഥനാണ്​. താനടക്കം ഹിറ്റിലെ ടീമംഗങ്ങളിൽ ആർക്കും റേഡിയോ അനുഭവമില്ലാതിരുന്നതാണ്​ ഒരേ സമയം പ്ലസും മൈനസുമായത്​. വ്യത്യസ്തയുള്ള, കൃത്രിമത്വമില്ലാത്ത റേഡിയോ അവതരണം അത്​ കാരണമുണ്ടായി. മാത്രമല്ല കേൾവിക്കാർ അവരുടെ കുടുംബാംഗത്തെ പോലെ ഹിറ്റിനെ സ്വീകരിച്ചു. അവർ തെറ്റുകൾ തിരുത്തുകയും കുടെ നിൽക്കുകയും ചെയ്തു.

ഷാബു കിളിത്തട്ടിൽ

പത്ര​പ്ര​വ​ർ​ത്ത​ന​മാ​ണ്​ പ​ഠി​ച്ചി​രു​ന്ന​ത്. ആ​കാ​ശ​വാ​ണി​യി​ൽ ജോ​ലി ല​ഭി​ച്ച സ​മ​യ​ത്താ​യി​രു​ന്നു ഹി​റ്റ്​​ എ​ഫ്.​എ​മ്മി​ലേ​ക്കു​ള്ള അ​വ​സ​രം വ​രു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ ജീ​വി​തം തു​ട​ങ്ങി​യ​ത്​ ഇ​വി​ടെ​യെ​ത്തി​യ​തി​ന്​ ശേ​ഷ​മാ​ണെ​ന്ന്​ പ​റ​യാം. 20കൊ​ല്ലം കൊ​ണ്ട്​ ധാ​രാ​ളം മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. പ്ര​ത്യേ​കി​ച്ച്​ വ്യ​ക്​​തി​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ. പ്ര​വാ​സം എ​ന്നെ ന​ല്ല ഒ​രു മ​നു​ഷ്യ​നാ​ക്കി​യെ​ന്ന്​ പ​റ​യാം. അ​തി​ന്​ മു​മ്പ്​ ന​ല്ല​താ​യി​രു​ന്നി​ല്ലേ എ​ന്ന്​ ചോ​ദി​ച്ചാ​ൽ, ചി​ല​പ്പോ​ൾ ഇ​ത്ര​യും ന​ല്ല​താ​യി​രി​ക്കി​ല്ല എ​ന്ന​താ​കും ഉ​ത്ത​രം. പ്ര​വാ​സം ആ​ഗ്ര​ഹി​ക്കാ​ത്ത ഒ​രാ​ളാ​യി​രു​ന്നു ഞാ​ൻ. നാ​ട്ടി​ൽ ത​ന്നെ നി​ൽ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. പ​ത്ര പ്ര​വ​ർ​ത്ത​നം പ​ഠി​ക്കു​ന്ന​തി​ന്​ മു​മ്പ്​ ഇ​ല​ക്ട്രി​​ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ആ​യി​രു​ന്നു ചെ​യ്ത​ത്. അ​തു​വെ​ച്ച്​ നാ​ട്ടി​ൽ പോ​ളി ടെ​ക്നി​ക്കു​കാ​ർ​ക്ക്​ ട്യൂ​ഷ​നെ​ടു​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ പ​ത്ര​പ്ര​വ​ർ​ത്ത​നം ഒ​രു പാ​ഷ​നാ​യി​രു​ന്നു. അ​താ​ണ്​ ഈ ​ജോ​ലി​ക്ക്​ പ്രേ​രി​പ്പി​ച്ച​ത്. അ​ഞ്ചു​കൊ​ല്ല​ത്തെ പ്ര​വാ​സ​മാ​ണ്​​ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്. ഞ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന ട്യൂ​ഷ​ൻ സെ​ൻ​റ​ർ നി​ൽ​ക്കു​ന്ന സ്ഥ​ലം വാ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു സ്വ​പ്നം. എ​ന്നാ​ൽ പ്ര​വാ​സം 20കൊ​ല്ലം പി​ന്നി​ട്ടു. അ​തി​ന്​ ഹി​റ്റ്​ എ​ഫ്.​എ​മ്മി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം വ​ലി​യൊ​രു ഘ​ട​ക​മാ​ണ്. തു​ട​ക്ക​കാ​ലം മു​ത​ലു​ണ്ടാ​യി​രു​ന്ന ന​ല്ല ബ​ന്ധം ഇ​പ്പോ​ഴും ഓ​ൺ എ​യ​റി​ലും ഓ​ഫ്​ എ​യ​റി​ലും പോ​റ​ലേ​ൽ​ക്കാ​തെ തു​ട​രു​ന്നു.

ധാ​രാ​ളം ആ​ളു​ക​ൾ​ക്ക്​ സ​ഹാ​യം ചെ​യ്യാ​ൻ ഹി​റ്റ്​ എ​ഫ്.​എ​മ്മി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ സാ​ധി​ച്ചു. ഒ​രി​ക്ക​ൽ നാ​ട്ടി​ലെ ഒ​രു കൊ​ച്ചു​കു​ട്ടി​യു​ടെ ക​ണ്ണി​ന്‍റെ ശാ​സ്ത്ര​ക്രി​യ​യു​ടെ കാ​ര്യം പ​റ​ഞ്ഞ്​ മി​നു​റ്റു​ക​ൾ​ക്ക​കം അ​ഞ്ചു ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ത​യ്യാ​റാ​യി ഒ​രാ​ളെ​ത്തി​യ​ത്​ ഓ​ർ​ക്കു​ന്നു. കേ​ൾ​വി​ക്കാ​ൾ ന​മ്മെ വി​ല​മ​തി​ക്കു​ന്നു എ​ന്ന​ത്​ വ​ലി​യ കാ​ര്യ​മാ​ണ്. റേ​ഡി​യോ അ​തി​ജീ​വി​ക്കു​ന്ന​ത്​ കേ​ൾ​വി​ക്കാ​ർ​ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ർ.​ജെ​യു​ടെ സം​സാ​ര​മു​ള്ള​ത്​ കൊ​ണ്ടു​കൂ​ടി​യാ​ണ്. കേ​ൾ​വി​ക്കാ​രു​ടെ ക​രു​ത​ൽ വ​ള​രെ കൂ​ടു​ത​ലാ​ണ്. ഓ​ൺ എ​യ​റി​ൽ ചു​മ​ച്ചു​പ്ര​യാ​സ​പ്പെ​ട്ട ആ​ർ.​ജെ​ക്ക്​ മ​രു​ന്നു​മാ​യി കേ​ൾ​വി​ക്കാ​ര​ൻ ഓ​ഫീ​സി​ൽ വ​ന്ന സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ട്. ആ ​ക​രു​ത​ലാ​ണ്, പ​രി​ഗ​ണ​ന​യാ​ണ്​ ന​മ്മു​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം.

മായ

മ​ലയാളത്തിൽ ടെലിവിഷൻ ചാനലുകൾ കൂട്ടപ്പിറവിയെടുത്ത കാലം​. മാധ്യമ മേഖല​ ജീവിതത്തിന്‍റെ ഭാഗമായതിനാൽ ടി.വി പ്രസന്‍ററായാണ്​ കരിയറിന്‍റെ തുടക്കം. അതിൽ നിന്നാണ്​ തികച്ചും വിത്യസ്തമായ മറ്റൊരു മേഖലയിലേക്കുള്ള ചുവട്​ മാറ്റം. രണ്ട്​ പതിറ്റാണ്ട്​ മുമ്പ്​ റേഡിയോ മേഖലയിലേക്കുള്ള കടന്നുവരവ്​ തികച്ചും അവിചാരിതമായിരുന്നു. റേഡിയോ എന്നത് അതുവരെ പ്ലാനിങ്ങിൽ എവിടെയും ഉണ്ടായിരുന്നില്ല. അത്​ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. അതു കൊണ്ടു തന്നെ വലിയ പ്രതീക്ഷകളില്ലാതെയാണ്​ ഹിറ്റ്​ എഫ്​.എം ടീമിന്‍റെ ഭാഗമാവുന്നത്​​. പ്രസന്‍റർ ആയാണ്​ തുടക്കം. പിന്നീട്​ മ്യൂസിക്​ കം പ്രസന്‍ററായി പ്രമോഷൻ ലഭിച്ചു. ഒമ്പത്​ വർഷത്തിന്​ ശേഷം അസി. പ്രോഗ്രാമിങ്​ ഹെഡായി. ബിഗ്​ മോണിങ്​ ഷോയിലൂടെ ഒരുപാട്​ മനുഷ്യരെ അടുത്തറിയാനും അവരിൽ ഒരാളായി മാറാനും സാധിച്ചുവെന്നതിൽ ചാരിതാർഥ്യമുണ്ട്​. 20 വർഷം പിന്നിടുമ്പോൾ ദുബൈ നഗരത്തിന്‍റെ ഭാഗമായി ഹിറ്റ്​ എഫ്​.എം മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു പാട്​ നല്ല ഓർമകൾ മനസിലൂടെ കടന്നുപോകുന്നുണ്ട്​. സന്തോഷവും സങ്കടവും കൂടിക്കലർന്ന നിമിഷങ്ങൾ അതിലുണ്ട്​. പല മനുഷ്യരുടെയും സന്തോഷങ്ങളും സങ്കടങ്ങളും നേരിൽ കാണാനും അനുഭവിക്കാനും കഴിഞ്ഞു. അവരിൽ ചിലരു​ടെ സങ്കടങ്ങൾ ഇല്ലാതാക്കുന്നതിൽ ഒരു ഭാഗവാനും സാധിച്ചു. പരസ്​പരം കാണുന്നില്ലെങ്കിലും ശബ്​ദത്തിലൂടെ ശ്രോതാക്കളുമായി നല്ല ഇഴയടുപ്പമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്​. സോഷ്യൽ മീഡിയ വന്നതോടെ​ പ്രിന്‍റ്​ മീഡിയ, വിഷ്വൽ മീഡിയ എന്ന വിത്യാസം ഇല്ലാതായിരിക്കുന്നു. സെലിബ്രിറ്റിയെ കാണുന്നത്​ ആരാധനയോടെയാണെങ്കിൽ നമ്മളെ അവരുടെ കുടുംബാംഗത്തെ പോലെയാണ്​ കാണുന്നത്​. എ.ഐയുടെ കാലത്താണ്​ നമ്മൾ ജീവിക്കുന്നത്​. എന്നും അപ്​ഡേറ്റ്​ നടത്തിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ല.

അർഫാസ്

മ​ല​യാ​ളി അ​ല്ലാ​ത്ത ഒ​രാ​ൾ മ​ല​യാ​ളി​ക​ൾ​ക്കാ​യു​ള്ള റേ​ഡി​യോ​യി​ൽ ആ​ർ.​ജെ ആ​യി വ​രി​ക​യെ​ന്ന്​ പ​റ​ഞ്ഞാ​ൽ ത​ന്നെ എ​ന്നെ സം​ബ​ന്ധി​ച്ച്​ അ​തൊ​രു കൗ​തു​കം നി​റ​ഞ്ഞ​താ​യി​രു​ന്നു. ഗു​ജ​റാ​ത്തി​ലെ ക​ച്ചി​ൽ നി​ന്നാ​ണ്​ എ​ന്‍റെ കു​ടും​ബം കേ​ര​ള​ത്തി​​ലേ​ക്ക്​ കു​ടി​യേ​റി​യ​ത്. അ​തു കൊ​ണ്ടു ത​ന്നെ മ​ല​യാ​ള​ത്തേ​ക്കാ​ൾ ക​ച്ചി ഭാ​ഷ​യാ​ണ്​ കൂ​ടു​ത​ൽ അ​റി​യു​ന്ന​തും. 20 വ​ർ​ഷം മു​മ്പ്​ ഹി​റ്റ്​ എ​ഫ്.​എ​മ്മി​ന്‍റെ ഭാ​ഗ​മാ​കു​മ്പോ​ൾ കു​റ​ച്ചു മാ​ത്രം മ​ല​യാ​ളം പ​റ​യു​ന്ന ഒ​രു ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​ൻ എ​ന്ന നി​ല​യി​ലാ​ണ്​ എ​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. കൊ​ച്ചി​യി​ൽ വെ​ച്ചാ​യി​രു​ന്നു ഇ​ന്‍റ​ർ​വ്യൂ. അ​ന്ന്​ അ​ർ​ഫാ​സ്​ ഭാ​യ്​ എ​ന്നാ​യി​രു​ന്നു പേ​ര്. ​ബു​ർ​ജ്​ ഖ​ലീ​ഫ​യും മെ​ട്രോ​യും ഉ​ൾ​പ്പെ​ടെ ദു​ബൈ​യി​ലെ ഓ​രോ മാ​റ്റ​ങ്ങ​ൾ​ക്കും​ സാ​ക്ഷി​യാ​കാ​ൻ സാ​ധി​ച്ചു​വെ​ന്ന​താ​ണ്​ ഹി​റ്റ്​ എ​ഫ്.​എ​മ്മി​ലൂ​ടെ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അ​നു​ഭ​വം. ബു​ർ​ജ്​ ഖ​ലീ​ഫ​യു​ടെ ലോ​ഞ്ചി​ങ്​ ച​ട​ങ്ങ്​ ന​ട​ക്കു​ന്ന ദി​വ​സം ത​ന്നെ​ അ​തി​ന്‍റെ ഭാ​ഗ​മാ​വാ​നാ​യി. അ​തു​പോ​ലെ മെ​ട്രോ​യു​ടെ ആ​ദ്യ യാ​ത്ര​യി​ൽ ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​നൊ​പ്പം സ​ഞ്ച​രി​ക്കാ​നും മ്യൂ​സി​യം ഓ​ഫ്​ ഫ്യൂ​ച്ച​റി​ന്‍റെ ലോ​ഞ്ചി​ങ്ങി​ൽ ആ​ദ്യം ത​ന്നെ പ​​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചു. ഒ​ര​ർ​ഥ​ത്തി​ൽ ദു​ബൈ ഓ​രോ നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ടു​മ്പോ​ഴും അ​തി​ന്‍റെ ഭാ​ഗ​മാ​വാ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​ത്​ വ​ലി​യ കാ​ര്യ​മാ​യി ക​രു​തു​ന്നു. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സെ​ലി​ബ്രി​റ്റി സ്റ്റാ​റ്റ​സ്​ കി​ട്ടി​യ​ത്​ ഹി​റ്റ്​ എ​ഫ്.​എ​മ്മി​ലൂ​ടെ​യാ​ണ്. മീ​ഡി​യ എ​ത്ര​യൊ​ക്കെ വി​ക​സി​ച്ചാ​ലും റേ​ഡി​യോ​ക്ക്​ അ​തി​ന്‍റേ​താ​യ സ്​​പേ​സ്​ ഉ​ണ്ട്. റേ​ഡി​യോ വ​ള​രെ ലൈ​വാ​ണ്.

നിമ്മി

റേഡിയോയെ സംബന്ധിച്ച് ഏത്​ പുതിയ സമൂഹ മാധ്യമ പ്ലാറ്റ്​ഫോമും വെല്ലുവിളി തന്നെയാണ്​. മാറുന്ന കാലത്ത്​ അതിനെ ഒരിക്കലും മാറ്റിനിർത്താനാവില്ല. പക്ഷെ, റേഡിയോയെ നമുക്ക്​ ഒഴിവാക്കാനും കഴിയില്ല. അതിനെ രണ്ടിനെയും ഒരുമിച്ച്​ കൊണ്ടുപോകുകയെന്നതാണ്​ പോംവഴി. അത്തരം ആലോചനകളുടെ ഭാഗമായി ഇപ്പോൾ റേഡിയോയിൽ അവതരിപ്പിക്കുന്ന പ്രോഗ്രാമുകളെല്ലാം വ്യക്​തിപരമായും അല്ലാതെയും സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകളിലൂടെ പങ്കുവെക്കുന്നുണ്ട്. സാ​​ങ്കേതിക വിദ്യകളുടെ അതിവേഗമുള്ള മാറ്റത്തിന്‍റെ ഭാഗമായി റോഡിയോയുടെ സാധ്യതയും ഭാവിയിൽ കുറയാനുള്ള സാധ്യതയുണ്ട്​. അതിനെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ ​സമൂഹ മാധ്യമ പ്ലാറ്റ്​ഫോമുകളേയും ഒരുമിച്ച്​ കൊണ്ടുപോകുന്നത്​. ടെലിവിഷൻ അവതാരകയായിരുന്ന സമയത്താണ്​ 18 വർഷം മുമ്പാണ്​​ ഹിറ്റ്​ എഫ്​.എമ്മിന്‍റെ ഭാഗമാവുന്നത്​. തുടക്കത്തിൽ അതൊരു വെല്ലുവിളിയായിരുന്നു. കാരണം സംസാരിക്കുമ്പോൾ എക്​സ്​പ്രഷൻസ്​ ഉപയോഗിക്കുന്നയാളാണ്​ ഞാൻ. പക്ഷെ, ശബ്​ദത്തിൽ അത്​ ഉണ്ടായിരുന്നില്ല. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ്​ അത്​ നേടിയെടുത്തത്​. പുതിയ ശബ്​ദങ്ങൾ കടന്നുവരുന്നത്​ വെല്ലുവിളിയാണ്​. എഫ്​.എം റേഡിയോ ഒരു എന്‍റർടൈയ്​മെന്‍റ്​ എന്ന നിലയിൽ ​സ്രോതാക്കൾക്കിടയിൽ കൂടുതൽ സന്തോഷമുള്ള കാര്യങ്ങൾ നൽകാനാണ്​ ശ്രമം.

ജോൺ

ഹി​റ്റ്​ എ​ഫ്.​എ​മ്മി​ന്‍റെ 20 വ​ർ​ഷ​ത്തെ ജീ​വി​തം എ​ന്ന​തി​നേ​ക്കാ​ൾ ത​ന്‍റെ 20 വ​ർ​ഷ​ത്തെ ജീ​വി​ത​മാ​ണി​ത്. ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ല​ഭി​ച്ച ജോ​ലി. 20 വ​ർ​ഷം മു​മ്പ്​ ആ​രം​ഭി​ച്ച മ​നോ​ഹ​ര​മാ​യ യാ​ത്ര​യാ​ണ്. അ​ത്​ തു​ട​ർ​ന്നു പോ​ക​ണ​മെ​ന്ന്​ മാ​ത്ര​മാ​ണ്​ ആ​ഗ്ര​ഹം. കൊ​ച്ചി​യി​ൽ ബി​രു​ദ പ​ഠ​ന​ത്തി​നി​ടെ​യാ​ണ് ഹി​റ്റ്​ എ​ഫ്.​എ​മ്മി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. പ​ര​സ്പ​രം കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ലും സ്രോ​താ​ക്ക​ളു​ടെ വി​ചാ​ര വി​കാ​ര​ങ്ങ​ളെ അ​ടു​ത്ത​റി​യാ​ൻ ആ​ർ.​ജെ​ക്ക്​ ക​ഴി​യു​ന്നി​ട​ത്താ​ണ്​ അ​യാ​ളു​ടെ​യും അ​യാ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ​യും വി​ജ​യം. ദു​ബൈ ഉ​ണ​ർ​ന്നെ​ണീ​ക്കു​ന്ന സ​മ​യ​ത്താ​ണ്​ എ​ന്‍റെ പ്രോ​ഗ്രാം. മ​നു​ഷ്യ​ർ പ​ല വി​ധ വ്യാ​കു​ല​ത​ക​ളു​മാ​യി ജോ​ലി​ക്ക്​ പോ​കു​ന്ന സ​മ​യം. പ​ല ചി​ന്ത​ക​ളി​ലാ​യി​രി​ക്കും ആ​ളു​ക​ൾ. അ​വ​രെ മ​നോ​ഹ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യെ​ന്ന​ത്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. ര​ണ്ട്​ രീ​തി​യി​ൽ ആ​ളു​ക​ളെ മ​ന​സി​ലാ​ക്കാം. ഒ​ന്ന്​ അ​വ​രെ അ​റി​ഞ്ഞു​കൊ​ണ്ട്​ പ്ര​വ​ർ​ത്തി​ക്കാം. മ​റ്റൊ​ന്ന്​ അ​വ​രോ​ട്​ നേ​രി​ട്ട്​ ചോ​ദി​ച്ച്​ മ​ന​സി​ലാ​ക്കാം. ഇ​തി​ൽ ര​ണ്ടാ​മ​ത്തേ​ത്​ പ്ര​യാ​സ​ക​ര​മാ​യ കാ​ര്യ​മാ​ണ്. സ്രോ​താ​ക്ക​ളെ അ​റി​ഞ്ഞു കൊ​ണ്ട്​ സം​സാ​രി​ക്കു​ക​യെ​ന്ന​താ​ണ്​ അ​ഭി​കാ​മ്യം. റേ​ഡി​യോ​യി​ൽ മ​നോ​ഹ​ര​മാ​യ ശ​ബ്​​ദം വേ​ണ​മെ​ന്ന സ​ങ്ക​ൽ​പ​ങ്ങ​ൾ​ മാ​റി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ശ​ബ്​​ദം ഒ​രു വി​ഷ​യ​മ​ല്ല. സി​നി​മ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ര​ണ്ട്​ സി​നി​മ​ക​ളാ​ണ്​ ഇ​തു​വ​രെ സം​വി​ധാ​നം ചെ​യ്യാ​നാ​യ​ത്. ആ​ർ.​ജെ ആ​യി​ല്ലെ​ങ്കി​ൽ സി​നി​മ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കു​മാ​യി​രു​ന്നു.

ഡോണ സെബാസ്റ്റ്യൻ

2013ലാണ്​ ഹിറ്റ്​ എഫ്​.എമ്മിന്‍റെ ഭാഗമാകുന്നത്​. അന്ന്​ ദുബൈയിൽ ബിരുദ വിദ്യാർഥിയായിരുന്നു. ജോയിൻ ചെയ്യുന്നതിന്​ മുമ്പ്​ തന്നെ ഹിറ്റിലെ ടീമംഗങ്ങളുമായി ബന്ധമുണ്ടായിരുന്നു. പഠിച്ചുകൊണ്ടിരിക്കെ വോയ്​സ് ഓവർ ചെയ്യാനും മറ്റുമായി ഹിറ്റിൽ വന്നിട്ടുണ്ട്​. അതിനിടയിൽ ഒരു ഓപണിങ്​ വരികയും സെലക്ടഡ്​ ആവുകയുമായിരുന്നു. ഈ വർഷം ജൂൺ ഒമ്പതിന്​ ഹിറ്റിലെ യാത്ര 11വർഷമാകും. രാത്രി എട്ടുമുതൽ 11മണി വരെയുള്ള ‘ഹിറ്റ്​ ഓൺ റിക്വസ്റ്റ്​’ ഷോയാണ്​ ചെയ്യുന്നത്​. ആർ.ജെയെന്ന നിലയിൽ നമ്മൾ എപ്പോഴും ജോളിയായിരിക്കണം. കാരണം കേൾക്കുന്നവർ പല മാനസികാവസ്ഥയിലായിരിക്കും. അവർക്ക്​ സന്തോഷം നൽകാൻ നമുക്ക്​ കഴിയുമോ എന്നതാണ്​ പ്രധാനം. രാത്രി എല്ലാവരും കിടന്നുറങ്ങാൻ ഒരുങ്ങുന്ന സമയത്താണ്​ ഷോ​. കേൾവിക്കാരെ ഹാപ്പിയാക്കി ഉറക്കാൻ കഴിയുന്നു എന്നതാണ്​ സന്തോഷം. ജോലിക്കിടയിൽ ധാരാളം ഹാർട്​ ടെച്ചിങ്ങായുള്ള കാര്യങ്ങളുണ്ടായിട്ടുണ്ട്​. ധാരാളം മലയാളികളെ പരിചയപ്പെടുത്താൻ ഷോയിലൂടെ സാധിച്ചിട്ടുമുണ്ട്​. ലോകത്ത്​ തന്നെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാത്ത മലയാളികളെ നമ്മുടെ കമ്മ്യൂണിറ്റിക്ക്​ പരിചയപ്പെടുത്താൻ സാധിച്ചത്​ മറക്കാനാവാത്തതാണ്​. ഹിറ്റിന്‍റെ തുടക്കംമുതൽ ഓരോ മാസവും ഓരോ കാമ്പയിനുകളുണ്ടായിരുന്നു. റേറ്റിങിനായി ഒരിക്കലും പ്രത്യേകമായി ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല. ഹിറ്റ്​ എപ്പോഴും മുന്നിൽ തന്നെയായിരുന്നു. ദുബൈ ഓഡിയൻസിലും ധാരാളം മാറ്റം ഉണ്ടായിട്ടുണ്ട്​. ഞങ്ങൾ മനസിലാക്കിയ കാര്യങ്ങൾ ഓഡിയൻസിനും പഠിപ്പിക്കാൻ ശ്രമിക്കാറുണ്ട്​. അത്തരത്തിൽ ഹിറ്റിലെ ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നു.

തയാറാക്കിയത് - ടി.കെ. മനാഫ്, ടി.എം. സാലിഹ്

ഡിസൈൻ - എ.കെ. ദർവാസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Entertainment NewsHit FM Radio
News Summary - 20 years of super hit
Next Story