ചലച്ചിത്രമേള വൺ മാൻ ഷോ അല്ല
text_fieldsസിനിമാപ്രേമികൾക്ക് ചലച്ചിത്രമേളയെന്നാൽ ഒരു സ്വപ്നസാഫല്യമാണ്. ഡിസംബറിൽ ശബരിമലക്ക് പോകാൻ വ്രതമെടുത്ത് കാത്തിരിക്കും പോലെയാണ് ഓരോ സിനിമാപ്രേമിയും തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളക്കായി കാത്തിരിക്കുന്നത്. 15 തിയേറ്ററുകളിലായി എട്ട് ദിവസം കൊണ്ട് 168 രാജ്യങ്ങളിലെ 177 സിനിമകൾ പ്രദർശിപ്പിക്കുകയെന്നത് നിസാരമല്ല. ഓരോ സിനിമ തെരഞ്ഞെടുക്കുന്നതിലും സൂക്ഷ്മത രാഷ്ട്രീയവും കൃത്യമായി അറിഞ്ഞിരിക്കണം. അതാണ് ഗോൾഡ സെല്ലം എന്ന ഫെസ്റ്റിവൽ ക്യുറേറ്ററെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയാക്കുന്നത്. കഴിഞ്ഞവർഷം മേളയുടെ മുഖമായിരുന്ന ഫ്രെഞ്ചുകാരി സെല്ലം തന്നെയാണ് ഇത്തവണയും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് പിന്നിൽ. 29ാമത് മേളയെക്കുറിച്ച് ഗോൾഡ സെല്ലം 'മാധ്യമ'വുമായി സംസാരിക്കുന്നു
ഇത്തവണ സിനിമ തെരഞ്ഞെടുക്കുമ്പോൾ ഫോക്കസ് എന്തായിരുന്നു
സിനിമയുടെ മേന്മക്ക് തന്നെയാണ് പ്രഥമ പരിഗണന. അതിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല. ഉയർന്നുവരുന്ന പുതിയ കഴിവുകളെ പരമാവധി കണ്ടെത്താൻ ശ്രമിക്കാറുണ്ട്. പുതിയ ആശയങ്ങളെന്നാൽ തന്നെ പുതിയ വീക്ഷണകോണുകളാണ്. നമുക്കറിയുന്ന കാര്യങ്ങളായാലും മറ്റൊരു കോണിലൂടെ നോക്കിക്കാണുന്നത് നല്ലതല്ലേ. ഓരോ സിനിമയും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയവും കാഴ്ചപ്പാടുകളും ശ്രദ്ധിക്കും.
ഇക്കുറി നിരവധി വനിത സംവിധായകർ മികച്ച പ്രമേയങ്ങളുമായി എത്തുന്നുണ്ട്. ജീവിതത്തെ സ്ത്രീയുടെ കണ്ണിലൂടെ നോക്കിക്കാണുമ്പോഴുണ്ടാകുന്ന പ്രതിഫലനം വ്യത്യസ്തമാണ്. അധിനിവേശവും അടിച്ചമർത്തലും അന്വേഷണവും ലിംഗ വിവേചനവും അസമത്വവും സാമൂഹിക വിവേചനവും ഒക്കെ സിനിമകളുടെ ഇതിവൃത്തമാകുന്നുണ്ട്.
താങ്കൾ പരിചിതമല്ലാത്ത ഭാഷയിലും ദേശത്തും നടക്കുന്ന ചലച്ചിത്രമേളയിലേക്കാണ് ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. അനുഭവം എന്തായിരുന്നു
ശരിക്കും ആദ്യഘട്ടത്തിൽ ബുദ്ധിമുട്ടിയിരുന്നു. കാരണം, മേള എപ്പോഴാണ്, ഇവിടുത്തെ പ്രേക്ഷകർ എന്താണ്, മേളക്കായി ലഭിക്കുന്ന സമയം ഒക്കെ അറിയാം. പിന്നെ ഓർഗനൈസിങ് പഠിക്കാനും സമയമെടുത്തു. അതുകൊണ്ടുതന്നെ ഈ വർഷം കുറച്ചുകൂടി എളുപ്പമായിരുന്നു. ഇക്കുറി കുറച്ചധികം വിഭാഗങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞവർഷം തുടക്കമിട്ട സിനിമാലോകത്തെ സ്ത്രീ സാന്നിധ്യങ്ങൾക്ക് അംഗീകാരം നൽകുന്ന ‘ഫീമെയിൽ ഗെയ്സ്’ ഇക്കുറിയുമുണ്ട്. കഴിഞ്ഞതവണ ലഭിച്ച സ്വീകാര്യത തന്നെയാണ് ഇക്കുറിയും ആ വിഭാഗം തുടരാൻ പ്രേരണയായത്. ഇത്തവണത്തെ സ്ത്രീപക്ഷ മേളയായതും അഭിമാന നേട്ടമാണ്. പ്രദർശിപ്പിക്കുന്നതിൽ 52 സിനിമകൾ വനിത സംവിധായകരുടേതാണ്. അവയിൽ ഏറിയപങ്കും വിവിധ അന്താരാഷ്ട്രമേളകളിൽ പുരസ്കാരം സ്വന്തമാക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്തവ.
ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാര ജേതാവായ സംവിധായികയും തിരക്കഥാകൃത്തുമായ ആൻ ഹ്യൂ, സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരത്തിന് അർഹയായ പായൽ കപാഡിയ, ജൂറി അധ്യക്ഷ ആഗ്നസ് ഗൊദാർദ് തുടങ്ങിയവരെല്ലാം മേളയുടെ സ്ത്രീപക്ഷ നിലപാടിന്റെ ഉദാഹരണങ്ങളാണ്.
മേളക്കായി തയാറെടുക്കുമ്പോഴുള്ള വെല്ലുവിളികൾ
വെല്ലുവിളിയല്ല കൂടുതൽ ഉത്തരവാദിത്തം എന്ന് കരുതാനാണ് എനിക്കിഷ്ടം. ഡിസംബറിലാണ് നമ്മുടെ ചലച്ചിത്ര മേള നടക്കുക. ജനുവരി മുതൽ നവംബർ വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മേളകൾ അതിനകം നടന്നിട്ടുണ്ടാവും. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മേള ഒരുക്കുകയെന്നതു തന്നെയാണ് വലിയ ഉത്തരവാദിത്തം. ഒട്ടുമിക്ക മേളകളിലും നേരിൽ പങ്കെടുക്കും. സിനിമകൾ വിലയിരുത്തും.
മേള മികവുറ്റതാക്കാൻ സർക്കാറും ചലച്ചിത്ര അക്കാദമിയും സിനിമപ്രേമികളുമൊക്കെ നൽകുന്ന പിന്തുണ വലുതാണ്. മേള ഒരിക്കലും വൺമാൻ ഷോ അല്ല, കൂട്ടായ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സിനിമകൾ കണ്ടെത്തുക, അതിന്റെ അണിയറ പ്രവർത്തകർ ഉൾപ്പെടെയുള്ള ലോക സിനിമയിലെ പ്രഗല്ഭരെ പ്രേക്ഷകർക്കു മുന്നിലെത്തിക്കുക എല്ലാം നമുക്ക് മുന്നിലുള്ള ഉത്തരവാദിത്വങ്ങൾ തന്നെയാണ്.
ഡെലിഗേറ്റുകളുടെ പിന്തുണയെ എങ്ങനെ കാണുന്നു
എടുത്തു പറയേണ്ട ഒന്നാണ് ഇവിടത്തെ പ്രേക്ഷകരുടെ പിന്തുണ. സിനിമകളെ സ്വീകരിക്കുന്നതു തന്നെ വലിയ ആഹ്ലാദത്തോടെയാണ്. നിറഞ്ഞുകവിഞ്ഞ തിയേറ്റർ ഇരിപ്പിടങ്ങൾ നമുക്ക് നൽകുന്ന ഉത്തരമാണ് പ്രേക്ഷകർ മേളയെ എങ്ങനെ സ്വീകരിക്കുന്നു എന്നത്. സിനിമ കാണുക മാത്രമല്ല, സാംസ്കാരികമായി കൂടി മികച്ച ഇടപെടലുകൾ പ്രേക്ഷകർ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.