നടൻ സിദ്ദീഖ് 'അമ്മ' ജനറൽ സെക്രട്ടറി
text_fieldsകൊച്ചി: നടൻ സിദ്ദീഖിനെ ചലച്ചിത്ര താര സംഘടനയായ ‘അമ്മ’യുടെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കൊച്ചിയിൽ നടന്ന സംഘടനയുടെ വാർഷിക യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. നീണ്ട കാലം ഇടവേള ബാബു വഹിച്ച പദവിയിലാണ് കഴിഞ്ഞ ഭരണസമിതിയിൽ ട്രഷററായിരുന്ന സിദ്ദീഖ് എത്തുന്നത്.
157 വോട്ടുകൾ ഇദ്ദേഹത്തിന് ലഭിച്ചു. പ്രസിഡൻറായി നടൻ മോഹൻലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡൻറായി തുടരുന്നത്.
കലൂർ ഗോകുലം കൺവെൻഷൻ സെന്ററിലായിരുന്നു വാർഷിക ജനറൽ ബോഡി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖിനെ കൂടാതെ കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരിച്ചത്.
അനൂപ് ചന്ദ്രനെ തോൽപിച്ച് 198 വോട്ടുകളോടെ ബാബുരാജ് ജോയൻറ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജഗദീഷ് (245 വോട്ട്), ജയൻ ആർ. (ജയൻ ചേർത്തല -215 വോട്ട്) എന്നിവർ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ള പരാജയപ്പെട്ടു.
അനന്യ, കലാഭവൻ ഷാജോൺ, സരയു, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്‌ണ, ടിനി ടോം, ടൊവിനോ തോമസ്, അൻസിബ ഹസൻ, ജോയ് മാത്യു, വിനു മോഹൻ എന്നിവരാണ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. സരയു, അൻസിബ ഹസൻ എന്നിവരുടെ വോട്ടുകളുടെ എണ്ണം പ്രഖ്യാപിച്ചില്ല.
11 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് 12 പേരാണ് മത്സരിച്ചത്. രമേഷ് പിഷാരടി, റോണി ഡേവിഡ് എന്നിവർ പരാജയപ്പെട്ടു. തുടർന്ന് അമ്മയുടെ ഭരണഘടന അനുസരിച്ച് ആകെയുള്ള 17 ഭാരവാഹികൾ നാലുപേർ സ്‌ത്രീകളായിരിക്കണമെന്ന ചട്ടം മുൻനിർത്തി ഒരു നടിയെക്കൂടി എക്സിക്യൂട്ടിവിലേക്ക് തെരഞ്ഞെടുക്കാൻ തീരുമാനിച്ചു.
വൈസ് പ്രസിഡൻറ് മത്സരത്തിൽ പരാജയപ്പെട്ട മഞ്ജു പിള്ളയുടെയും ജന.സെക്രട്ടറിയായി മത്സരിച്ച കുക്കു പരമേശ്വരന്‍റെയും പേരുകൾ ഉയർന്നതോടെ തർക്കമായി. തുടർന്ന് പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന് ഇവരിലൊരാളെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
നടൻ ഇന്ദ്രൻസ്, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ എന്നിവർക്ക് സ്വീകരണം നൽകി. മമ്മൂട്ടി യു.കെയിലായതിനാൽ യോഗത്തിന് എത്തിയില്ല. 506 അംഗങ്ങളുള്ള അമ്മയിൽ 336 പേർ വോട്ട് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.