‘കുറേ നേരത്തേക്ക് ഷോക്ക് വിട്ടുമാറിയിരുന്നില്ല’; ഏഴാം ക്ലാസിൽ പഠിക്കുമ്പോഴടക്കം സിനിമയിൽനിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ദേവകി ഭാഗി
text_fieldsകോഴിക്കോട്: സിനിമയിൽനിന്ന് പലതവണ ദുരനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടിയും ഡബ്ലു.സി.സി അംഗവുമായ ദേവകി ഭാഗി. കോഴിക്കോട്ട് മാധ്യമം ജേണലിസ്റ്റ് യൂനിയന്റെ എൻ. രാജേഷ് പുരസ്കാരം ഡബ്ല്യു.സി.സിക്ക് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയിൽനിന്ന് അസി. ഡയറക്ടറിൽനിന്ന് ആദ്യ ദുരനുഭവം ഉണ്ടാകുന്നതെന്നും ചെറിയൊരു കുട്ടിക്ക് അത്തരമൊരു അനുഭവമുണ്ടാകുകയെന്ന് പറഞ്ഞാൽ നമ്മൾ മനസ്സിലാക്കേണ്ടത് സിനിമക്കകത്ത് അത്തരം ക്രിമിനൽ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ട് എന്നുതന്നെയാണെന്നും ദേവകി പറഞ്ഞു. പ്ലസ് വണ്ണിന് പഠിക്കുമ്പോൾ സിനിമയിൽ വീണ്ടും അവസരം ലഭിച്ചു. അന്ന് സംവിധായകനെ കണ്ടപ്പോൾ പറഞ്ഞത്, എല്ലാ സ്ത്രീകളും കാസ്റ്റിങ് കൗച്ചിലൂടെ കടന്നുവന്ന ശേഷമാണ് സിനിമയിൽ എത്തിയിട്ടുള്ളതെന്നും മോളുടെ പേടിയൊക്കെ സ്‍ക്രീൻ ടെസ്റ്റ് കഴിയുമ്പോൾ മാറ്റിത്തരാം എന്നുമൊക്കെയാണ്. കുറേ നേരത്തേക്ക് അതിന്റെ ഷോക്ക് വിട്ടുമാറിയിരുന്നില്ല, എന്നാൽ, ഞാനയളോട് താൽപര്യമില്ലെന്ന് പറഞ്ഞു. വീണ്ടും വീണ്ടും അച്ഛനെ വിളിച്ച് ശല്യം ചെയ്തപ്പോൾ മകളെ സിനിമയിലേക്ക് അയക്കുന്നില്ലെന്ന് ദേഷ്യത്തോടെ പറയുകയായിരുന്നു. ‘ആഭാസം’ എന്ന ആദ്യ സിനിമയിൽ ചെറിയൊരു റോളാണ് ചെയ്തത്. എന്നാൽ, ആ സിനിമയിൽ വർക്ക് ചെയ്യുന്ന സമയത്ത് കൂടെ വർക്ക് ചെയ്യുന്ന കുട്ടികളിൽനിന്നും ഓഡിഷന് പോകുമ്പോൾ പരിചയപ്പെടുന്ന കുട്ടികളിൽനിന്നും ഞാൻ മനസ്സിലാക്കിയത്, ഞാൻ കുട്ടിക്കാലത്ത് കണ്ട സിനിമയുടെ ഒരു ഭീകരവശം വളരെ ശക്തമായി അപ്പോഴും മുന്നോട്ടുപോകുന്നു എന്നാണെന്നും നടി കൂട്ടിച്ചേർത്തു.
‘ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയിൽനിന്ന് മോശം അനുഭവം ഉണ്ടാകുന്നത്. ചെറിയൊരു കുട്ടിക്ക് ഒരു അസി. ഡയറക്ടറുടെ ഭാഗത്തുനിന്ന് അത്തരമൊരു അനുഭവമുണ്ടാകുകയെന്ന് പറഞ്ഞാൽ നമ്മൾ മനസ്സിലാക്കേണ്ടത് സിനിമക്കകത്ത് അത്തരം ക്രിമിനൽ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ട് എന്നുതന്നെയാണ്. കുറേ നാളത്തേക്ക് ആ ഭീതിയിൽ അച്ഛനോ അമ്മയോ ആരും സിനിമയെ കുറിച്ച് ഓർമിപ്പിച്ചില്ല. പിന്നീട് പ്ലസ് വണ്ണിന് പഠിക്കുമ്പോൾ വീണ്ടും സിനിമയിൽ അവസരം ലഭിച്ചു. അന്ന് സംവിധായകനെ കണ്ടപ്പോൾ പറഞ്ഞത്, എല്ലാ സ്ത്രീകളും കാസ്റ്റിങ് കൗച്ചിലൂടെ കടന്നുവന്ന ശേഷമാണ് സിനിമയിൽ എത്തിയിട്ടുള്ളതെന്നും അവരെല്ലാം ഇപ്പോൾ ഒരുപാട് വലിയതുക ശമ്പളമായി വാങ്ങിക്കുന്നുണ്ടെന്നുമാണ്. ഇതിങ്ങനെയൊക്കെ തന്നെയാണ് ഇവിടെ നടക്കുന്നത്, മോള് പേടിക്കുകയൊന്നും വേണ്ട, മോളുടെ പേടിയൊക്കെ സ്‍ക്രീൻ ടെസ്റ്റ് കഴിയുമ്പോൾ മാറ്റിത്തരാം എന്നും അയാൾ പറഞ്ഞു. കുറേ നേരത്തേക്ക് അതിന്റെ ഷോക്ക് വിട്ടുമാറിയിരുന്നില്ല, എന്നാൽ ഞാനയളോട് താൽപര്യമില്ലെന്ന് പറഞ്ഞു. അവർ പിന്നെയും അച്ഛനെ രണ്ടുമൂന്നുതവണ വിളിച്ചു. അവസാനം അച്ഛൻ അവരോട് ദേഷ്യപ്പെട്ട് കുട്ടിയെ സിനിമയിലേക്ക് വിടുന്നില്ലെന്ന് പറഞ്ഞു. അതോടെ സിനിമയിലേക്കുള്ള പ്രയത്നം അവസാനിച്ചു. പിന്നീട് കുട്ടിയുണ്ടായ ശേഷം ഉണ്ടായ ഡിപ്രഷനെ മറികടക്കാൻ ഡോക്ടർ നിർദേശിച്ചത് ഏറ്റവും ഇഷ്ടമുള്ളതെന്തോ അത് ചെയ്യാനായിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് സിനിമയിൽ അഭിനയിക്കാനും നൃത്തം ചെയ്യാനുമായിരുന്നു. ഞാൻ വീണ്ടും ശ്രമിച്ചുതുടങ്ങി. നൃത്തം പുനരാരംഭിച്ചു, ഓഡിഷനിൽ പങ്കെടുക്കാൻ തുടങ്ങി. അപ്പോൾ എനിക്ക് 28 വയസ്സുണ്ട്. ‘ആഭാസം’ എന്ന എന്റെ ആദ്യ സിനിമയിൽ ചെറിയൊരു റോളാണ് ചെയ്തത്. ആ സിനിമയിൽ വർക്ക് ചെയ്യുന്ന സമയത്ത് കൂടെ വർക്ക് ചെയ്യുന്ന കുട്ടികളിൽനിന്നും ഓഡിഷന് പോകുമ്പോൾ പരിചയപ്പെടുന്ന കുട്ടികളിൽനിന്നും ഞാൻ മനസ്സിലാക്കിയത്, ഞാൻ കുട്ടിക്കാലത്ത് കണ്ട സിനിമയുടെ ഒരു ഭീകരവശം വളരെ ശക്തമായി അപ്പോഴും മുന്നോട്ടുപോകുന്നു എന്നാണ്’ -എന്നിങ്ങനെയായിരുന്നു ദേവകി ഭാഗിയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.