Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_right'നിങ്ങളുടെ പിന്തുണക്ക്...

'നിങ്ങളുടെ പിന്തുണക്ക് നന്ദി; എന്നാൽ അത് മറ്റൊരാൾക്കെതിരായ വിദ്വേഷ പ്രചാരണമാകരുത്' -രമേശ് നാരായണൻ വിഷയത്തിൽ പ്രതികരിച്ച് ആസിഫ് അലി

text_fields
bookmark_border
Actor Asif Ali
cancel

കൊച്ചി: പുരസ്കാര വിതരണ വേദിയിൽ വെച്ച് സംഗീതസംവിധായകൻ രമേശ് നാരായണൻ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. തനിക്കുള്ള പിന്തുണ വിദ്വേഷപ്രചാരണത്തിനുള്ള അവസരമാക്കി മാറ്റരുതെന്നാണ് ആസിഫലി അഭ്യർഥിച്ചത്.

സാമൂഹിക മാധ്യമങ്ങളിൽ കിട്ടുന്ന പിന്തുണയിൽ സന്തോഷമുണ്ട്. എന്നാൽ തനിക്കുള്ള പിന്തുണ മറ്റൊരാൾക്കെതിരായ വിദ്വേഷ പ്രചാരണമാകരുത്. അദ്ദേഹം ഇപ്പോൾ അനുഭവിക്കുന്ന വേദന തനിക്ക് മനസ്സിലാകും. താനും സങ്കടപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ആളാണ്. എന്നാൽ തന്റെ വിഷമങ്ങളും പ്രശ്നങ്ങളും തന്റേത് മാത്രമാണ്. പരസ്യമായി ഒരിക്കലും അത് പ്രകടിപ്പിക്കാറില്ലെന്നും നടൻ സൂചിപ്പിച്ചു. കൊച്ചി സെന്റ് ആൽബേർട്സ് കോളജിലെ പരിപാടിയിൽ സിനിമ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. ആസിഫ് അലിക്കെതിരായ രമേശ് നാരായണന്റെ നടപടിയിൽ വലിയ വിമർശനമുയർന്നിരുന്നു. സിനിമ മേഖലയിൽ നിന്നുൾപ്പെടെ നിരവധി പേരാണ് ആസിഫ് അലിയെ പിന്തുണച്ചും രമേശ് നാരായണനെ വിമർശിച്ചും രംഗത്ത് വന്നത്.

രമേശ് നാരായണനുമായി ഫോണിൽ സംസാരിച്ചു. സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അദ്ദേഹം ഒരുപാട് പിരിമുറുക്കങ്ങളുടെ നടുവിലായിരുന്നുവെന്നും ആസിഫ് വ്യക്തമാക്കി. അദ്ദേഹത്തിൽ നിന്നുണ്ടായ സ്വാഭാവികമായ പ്രതികരണമായിരുന്നു അത്. അദ്ദേഹം ഒന്നും മനഃപൂർവം ചെയ്തതല്ല. മതപരമായി പോലും തെറ്റായ പ്രചാരണം നടന്നു. അതുമൂലം അദ്ദേഹത്തിനും അദ്ദേഹത്തിന് ചുറ്റിലുമുണ്ടാകുന്നവർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്താണെന്ന് നമുക്ക് മനസിലാക്കാൻ കഴിയില്ല. അദ്ദേഹത്തെ കൊണ്ട് മാപ്പു പറയിപ്പിക്കുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിക്കരുതായിരുന്നുവെന്നും ആസിഫ് പറഞ്ഞു. ഈ വിഷയത്തിൽ പ്രതികരിക്കുമ്പോൾ സൂക്ഷ്മത പുലർത്തണമെന്ന് നിർബന്ധമുണ്ടായിരുന്നു. അത്കൊണ്ടാണ് പ്രതികരിക്കാൻ വൈകിയതെന്നും നടൻ വ്യക്തമാക്കി.

''എനിക്ക് പിന്തുണയുമായി ഓൺലൈനിലും വാർത്താ ചാനലിലും സംസാരിക്കുന്നതിനൊപ്പം അദ്ദേഹത്തിനെതിരായ ഒരു വിദ്വേഷ കാമ്പയിനും നടക്കുന്നത് ശ്രദ്ധയിപ്പെട്ടു. അത് തുടർന്നുകൂടാ എന്ന് ബോധ്യമുള്ളതു കൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത്. വിഷയത്തിൽ പ്രതികരിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹം അഭിമുഖീകരിക്കുന്ന പ്രശ്നം എനിക്ക് മനസിലാകും. ഈ സംഭവത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ എന്നെ വളരെയധികം പിന്തുണച്ചു. വലിയ സന്തോഷവും അഭിമാനവുമുണ്ട് അതിൽ. എന്നെ ആളുകൾ ഇത്രയും ഇഷ്ടപ്പെടുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം. അതോടൊപ്പം അദ്ദേഹത്തിനെതിരെ ഒരു വിദ്വേഷ കാമ്പയിൽ നടക്കുന്നതിനോട് ഒട്ടും താൽപര്യമില്ല. അങ്ങനെയൊരു പ്രവൃത്തി അദ്ദേഹത്തിൽ നിന്ന് മനഃപൂർവം ഉണ്ടായതല്ല.

ഒരുപാട് പ്രശ്നങ്ങൾ നേരിട്ടുകൊണ്ടാണ് അദ്ദേഹം ആ സ്റ്റേജിലിരുന്നത്. ആദ്യം അദ്ദേഹത്തെ വിളിക്കാൻ വിട്ടുപോയി. ഒടുവിൽ വിളിച്ചപ്പോൾ പേര് തെറ്റുകയും ചെയ്തു. ആ സമയത്ത് അദ്ദേഹത്തിന് വിഷമം വന്നിട്ടുണ്ടാകും. അങ്ങനെ വരുമ്പോൾ എല്ലാ മനുഷ്യരിലുമുണ്ടാകുന്ന പ്രതികരണമാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായത്. എന്നാൽ അത് കാമറയിലൂടെ പുറത്തുവന്നപ്പോൾ കാര്യങ്ങളുടെ സ്ഥിതി മാറി. ആ സംഭവത്തിൽ അദ്ദേഹത്തോട് ഒരുതരത്തിലുള്ള പരിഭവമോ വിഷമമോ ഇല്ല. അദ്ദേഹം അനുഭവിച്ച പിരിമുറുക്കത്തിലാണ് അങ്ങനെ ചെയ്തുപോയിട്ടുണ്ടാവുക. ഇന്നലെ ഉച്ചക്കാണ് വാർത്തകൾ ശ്രദ്ധിച്ചത്.​ അദ്ദേഹവുമായി ഇന്ന് രാവിലെ ഫോണിൽ സംസാരിച്ചു. സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അതിൽ വലിയ വിഷമം തോന്നി. അദ്ദേഹത്തെ പോലെ സീനിയർ ആയ ഒരാളെ കൊണ്ട് എന്നോട് മാപ്പു പറയുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചു. ''-ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു.

അസിഫലി എറണാകുളം സെന്റ് ആൽബർട്ട് കോളേജിൽ സിനിമയുടെ പ്രമോഷനായി എത്തി മടങ്ങുന്നു

ഫോട്ടോ: ബൈജു കൊടുവള്ളി

എം.ടി. വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന 'മനോരഥങ്ങൾ' ആന്തോളജി സീരിസിന്റെ ട്രെയിലർ കൊച്ചിയിൽ നടന്ന ചടങ്ങിൽ റിലീസ് ചെയ്യുന്നതിനിടെയായിരുന്നു വിവാദ സംഭവം. പരിപാടിയിൽ സംഗീത സംവിധായകന്‍ രമേശ് നാരായണന് നടൻ ആസിഫ് അലി ആയിരുന്നു പുരസ്കാരം നൽകുന്നത്. എന്നാൽ, ആസിഫ് അലിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ രമേശ് നാരായണൻ വിമുഖത കാണിച്ചു. ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ മുഖത്തുനോക്കുകപോലും ചെയ്യാതെ അദ്ദേഹത്തിൽനിന്ന് പുരസ്‌കാരം കൈപ്പറ്റിയ രമേശ്, പിന്നീട് വേദിയിൽ ഇല്ലാതിരുന്ന സംവിധായകൻ ജയരാജിനെ സദസ്സിൽ നിന്ന് വിളിപ്പിച്ച് തനിക്ക് പുരസ്കാരം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ജയരാജ് സ്റ്റേജിലെത്തി പുരസ്‌കാരം നൽകുകയും അത് ഏറ്റുവാങ്ങി രമേശ് നാരായണന്‍ ചിരിച്ചു​കൊണ്ട് ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു. ജയരാജിനെ കെട്ടിപ്പിടിക്കുകയും ഹസ്തദാനം ചെയ്യുകയും ചെയ്ത രമേശ്, ആസിഫ് അലിയോട് സംസാരിക്കുകയോ ഹസ്തദാനം നൽകുകയോ ചെയ്തില്ല. ഇതാണ് വിവാദമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asif AliRamesh Narayanan
News Summary - Asif ali reacts on Ramesh Narayanan​'s behaviour
Next Story