മതിലുകൾക്കപ്പുറം
text_fieldsപ്രമോദ് പയ്യന്നൂർ
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകൾ’ക്ക് സിനിമയായും നാടകമായും ധാരാളം ആഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോൾ അത് പുതുക്കിയ കാഴ്ചാനുഭൂതിയായി അമേരിക്കയിലും എത്തിയിരിക്കുന്നു. ഡോ. പ്രമോദ് പയ്യന്നൂരിന്റെ സംവിധാനത്തിലാണ് നൂതനത്വം കലർത്തി ‘മതിലുകൾക്കപ്പുറം’ എത്തുന്നത്. അലയുടെ (ALA -Art Lovers of America) കലാസാഹിത്യസമ്മേളനങ്ങളുടെ ഭാഗമായി ന്യൂ ജേഴ്സിയിലും സിയാറ്റിലിലും ‘മതിലുകളു’ടെ പുതിയ ആഖ്യാനം ശ്രദ്ധനേടുകയും ചെയ്തു. ഭാഗികമായി ഓൺലൈൻ പരിശീലനത്തിലൂടെയാണ് നാടകത്തിന്റെ ആവിഷ്കാരം സംവിധായകൻ സാധിച്ചെടുത്തത്. എങ്കിലും അവതരണ സവിശേഷതകൊണ്ടും സംവിധായക പ്രാഗല്ഭ്യംകൊണ്ടും അഭിനയചാതുര്യമുള്ള നടീനടന്മാരുടെ പ്രകടനങ്ങൾ പ്രേക്ഷകപ്രീതി നേടി.
കാലക്കടലിന്നക്കരെ
‘മതിലുകൾ’ ബഷീറിന്റെ ആത്മകഥയാണെങ്കിൽ നാരായണി അതിലെ അദൃശ്യകഥാപാത്രമാണ്. കഥാകാരൻ നാരായണിയെ കൈയൊഴിയുകയാണ് കഥയുടെ അവസാനമെങ്കിൽ ഈ നാടകാവിഷ്കാരം നാരായണിയുടെ കഥയെക്കൂടി ചേർത്തുവെച്ചാണ് അവസാനിക്കുന്നത്. ബഷീറിന്റെ ഓർമകളാണ് ‘മതിലുകൾ’. ഈ ഓർമകൾക്കും അപ്പുറത്ത് നാരായണി ഇല്ലെ? ഉണ്ടല്ലൊ? അവൾ എവിടെപ്പോയി? എവിടെപ്പോകാനാണ്? സംവിധായകന് ഇത് അന്വേഷിച്ചേതീരൂ.
കാലമെന്ന നേരിയ നീലനിചോളത്തിന്റെ ഒരു അഗ്രത്താണ് സൈഗാൾ സംഗീതം കേട്ട് ബീഡി വലിച്ച് പോയകാലത്തെ ഓർത്തെടുക്കുന്ന എഴുത്തുകാരനായ ബഷീർ എങ്കിൽ, ആ നീല കാലയവനികയുടെ മറ്റേ അഗ്രത്താണ് ജയിൽവാസം അനുഭവിക്കുന്ന ചെറുപ്പക്കാരൻ ബഷീർ. ഇത് ഒരു ഫാന്റസിയുടെ ആവിഷ്കാരമെന്ന പടി ദൃശ്യപ്പെടുത്തിയാണ് നാടകം തുടങ്ങുന്നത്.
അപ്പുറത്ത് നാരായണി ഇല്ലെങ്കിൽ മതിൽ ഇല്ല. ‘അപ്പുറം’ എന്നതും ഇല്ല. ബഷീറിന്റെ കഥയിൽ നാരായണി സ്ത്രീഗന്ധമേൽക്കാത്തവരുടെ മായാവിഭ്രമം ആണെങ്കിൽ മതിലുകൾക്കപ്പുറം എന്തു സംഭവിക്കുന്നു, എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമായിത്തീരുന്നു. നാടകാവിഷ്കാരത്തിന് ‘മതിലുകൾക്കപ്പുറം’ എന്ന് പേരിട്ടതിന്റെ സാംഗത്യം ഇവിടെ തെളിയുകയാണ്.
പ്രമോദ് പയ്യന്നൂർതന്നെ നേരത്തേ എം.ആർ. ഗോപകുമാറിനെയും കെ.പി.എ.സി ലളിതയെയും, ഇബ്രാഹിം വെങ്ങരയെയും കേരളത്തിലെ പ്രഗല്ഭ നാടക അഭിനേതാക്കളെയും ഉൾപ്പെടുത്തി ‘മതിലുകൾ’ രംഗത്തെത്തിച്ചിട്ടുണ്ട്. ‘മതിലുകൾക്കപ്പുറത്തിൽ’ അഭിനയിക്കുന്നവർക്കും ആ സിനിമയും മേൽപ്പറഞ്ഞ നാടകവും ഒരു ബാധയായേക്കാം, സ്വച്ഛന്ദമായ ഭാവനാവിലാസത്തിന് അതിരുകൾ വന്നു ഭവിച്ചേക്കാം. ഈ ബാധ്യതകൾ ഒന്നും അനുഭവപ്പെടാതെ നാടകം അവതരിക്കപ്പെട്ടു എന്നത് സാഹസികമായ ഒരു വിജയസാഫല്യം തന്നെയാണ്.
നാരായണിക്ക് പുനർജനി
കഥയിൽ നാരായണി അദൃശ്യയാണെങ്കിൽ ഇവിടെ സംവിധായകൻ നാരായണിയെ കണ്ടുപിടിക്കുകയാണ്. സ്വന്തം തനിമ തേടുന്ന നാരായണിയെ. ഒരു ഭാവന മാത്രമോ ഭ്രാന്തൻ ചിന്തയോ അശരീരിയോ ആകാവുന്ന നാരായണിയാണ് മൗലിക കഥയിൽ ഉള്ളതെങ്കിൽ, ബഷീർകഥയുടെ ആത്മാവ് ഉൾക്കൊണ്ട രംഗഭാഷയിൽ നാരായണി യാഥാർഥ്യമാകുന്നു.
ഇവിടെ സംവിധായകനു മാപ്പുസാക്ഷിയായേ തീരൂ. ബഷീറിനെ കാണണമെന്ന് കൂടുതൽ നിർബന്ധിക്കുന്നതും അതിനുവേണ്ടി ആശുപത്രിയിൽ എത്താനുള്ള വഴികൾ തേടുന്നതും അവളാണ്. അവൾക്ക് തന്റെ അനുരാഗവിവശഹൃദയത്തെ താലോലിക്കേണ്ടിയിരിക്കുന്നു. തന്നിൽ ഉൾക്കൊണ്ടിരിക്കുന്ന കാലമാകുന്ന കലം തല്ലിപ്പൊട്ടിച്ചാണ് അതിൽ ശുദ്ധാനുരാഗം എത്രമാത്രം ഉണ്ടെന്ന് അന്വേഷിക്കേണ്ടിവരുന്നത്.
പൊട്ടിച്ചിതറുന്ന കുടത്തിൽനിന്ന് എമ്പാടും പറന്നുപരക്കുന്നത് നിർമലപ്രേമത്തിന്റെ ചെമ്പനിനീർപ്പൂവിതളുകൾ മാത്രമാണെന്ന് ഒരു ഞെട്ടലോടെയാണ് അവൾ മനസ്സിലാക്കുന്നത് (നാടകത്തിലെ ഏറ്റവും ഉജ്ജ്വലമായ രംഗമാണിത്). അല്ലെങ്കിൽ അവൾ പ്രഖ്യാപിക്കുകയാണ്. ഇഷ്ട പുരുഷനായി നോമ്പുനോറ്റ് ഗ്രാമീണ കന്യകമാർ അനുഷ്ഠിക്കുന്ന മുടിയാട്ടത്തെ അനുസ്മരിപ്പിക്കുന്ന ഒരു കളംമായ്ക്കലിന്റെ ആചരണത്തോടെ ഒടുവിൽ സ്വയം വെളിവാകുന്ന നാരായണി മറ്റെല്ലാ കഥാപാത്രങ്ങളെക്കാളും ഔന്നത്യം നേടുകയാണ്.
നാരായണിയിലേക്ക് ആവാഹിക്കപ്പെട്ട കഥ ബഷീറിന്റെ ഓർമകളിലില്ല. ജയിലിൽനിന്ന് വിടുതലായതോടെ നാരായണിയെ ഒറ്റക്കുവിട്ട്, പുതിയ മുണ്ടും ജൂബയും ധരിച്ച് സ്വതന്ത്രലോകത്തേക്ക് നടന്നുനീങ്ങുന്ന ബഷീറിന് ഇനി നാരായണിയെ ആവശ്യമുണ്ടോ എന്നും സംശയിക്കണം. കെട്ടുപാടുകളിൽനിന്ന് പുറത്തുകടന്നിരിക്കുന്നു ബഷീർ. പക്ഷേ, അവൾ ഒറ്റപ്പെട്ടിരിക്കയാണ്. മതിലുകൾപ്പുറം എത്തി നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സംവിധായകൻ കാവ്യനീതി തേടുന്നിടത്താണ് നാടകാന്തം കവിത്വമായി അനുഭവപ്പെടുന്നത്.
പുള്ളോർക്കുടത്തിന്റെ ഹൃദയം പറിച്ചെടുക്കുമ്പോഴുള്ള രൗദ്രതാളത്തിൽ ഒരു ദുരന്തം എന്നപോലെ അനുഷ്ഠാനത്തിൽ കാണപ്പെടുമെങ്കിലും സ്വന്തം തനിമയും അസ്തിത്വവും ഉള്ളിൽ വിങ്ങുന്ന പ്രോജ്വലിക്കപ്പെട്ട പ്രേമം താനേ അറിയുന്ന നാരായണി മതിലുകൾക്കും അപ്പുറത്തുള്ള പരമസത്യമാണ്. ഈ സത്യം വെളിപ്പെടുന്നതോടെ നാടകം തീരുകയാണ്. സ്റ്റേജിൽ എമ്പാടും നഷ്ടസ്വപ്നങ്ങളുടെ കളമെഴുത്തുപോലെ ചിതറുന്ന ചെമ്പനീർദലങ്ങൾ ബഷീർ എന്ന എഴുത്തുകാരന്റെ വരികൾക്കിടയിൽ വായിച്ചെടുക്കുന്ന തീഷ്ണമായ രംഗബിംബങ്ങളായി പ്രേക്ഷകരുടെ ഉള്ളം കരയിക്കുന്നു.
കനവും യാഥാർഥ്യവും
മതിൽ ഒരു ഫാന്റസി ആണെങ്കിൽ മറ്റ് പലതും അതിൽ ഉൾപ്പെടാമല്ലോ എന്ന വാദം മുന്നോട്ടുവെക്കുന്നുണ്ട് അവതരണം. തുടക്കത്തിൽത്തന്നെ രണ്ട് ബഷീർമാരെ ഒരുമിച്ച് അവതരിപ്പിച്ച് സൂചനകൾ നൽകുന്നു, കാലം എന്നത് ആപേക്ഷികമെന്ന് പ്രഖ്യാപിച്ചുകൊണ്ട്. ബഷീറിന്റെ ഹൃദയം തന്നെയായ പനിനീർപ്പൂവ് വളരെ വലുതാണ്. ചെറിയ ചെടിയിൽ ഇത് അനുപാതങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വിടർന്നു തുടങ്ങുകയാണ്. നാരായണിയുടെ ഉടയുന്ന കലത്തിനുള്ളിലും വലിയ ചെമ്പനീർ ദലങ്ങളാണ്. ബഷീറിന്റെ കനവിൽ മുന്തിരിവള്ളികളിൽ നിന്ന് ഞാന്നുകിടക്കുന്ന നേരിയ തുണിത്തൊട്ടിലിൽ, പ്രണയത്തിന്റെ വെളിച്ചപ്പാട്ടുകളുമായി ബഷീറിന്റെ പ്രിയഗാനമായ ‘സോജാ രാജകുമാരി’യുടെ ഹൃദയഹാരിയായ ദൃശ്യ ശ്രാവ്യാനുഭവമാണ് സൂഫി നർത്തകി സമർപ്പിക്കുന്നത്.
ജയിലിലെ കഠോരതയുടെ നടുവിൽ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുന്ന പശ്ചാത്തലം ചമക്കപ്പെടുന്ന വേളയിൽ, കൂട്ടുകാരൻ തൂക്കിക്കൊലക്ക് ഇരയാകുന്ന തീവ്രവേദനയുടെ ദൃശ്യങ്ങൾക്ക് നടുവിൽ ഇതിനെയെല്ലാം നിരാകരിച്ചുകൊണ്ടാണ് ഊഷ്മളമായ അനുരാഗവിവശമാം അന്തരീക്ഷം വന്നുഭവിക്കുന്നത്. പ്രക്ഷുബ്ധാത്മകമായ ദേശീയ സമര കാലഘട്ടം ആ സമരകാലത്തെ ഹിന്ദി, തമിഴ്, കന്നട, മലയാളം ഭാഷകളിലുണ്ടായ പടപ്പാട്ടുകളുടെ അലകളും സന്ദർഭോചിതമായി അരങ്ങുഭാഷയിലുണ്ട്. ഇതിനിടയിലാണ് സത്യമായ പ്രേമവും സ്നേഹവും ഉടലെടുക്കുന്നത് എന്ന വൈരുധ്യാത്മകതകൂടി ഈ നവ ഭാവുകത്വത്തിന്റെ രംഗ ഭാഷ പ്രകാശിപ്പിക്കുന്നുണ്ട്.
‘മതിലുകൾക്കപ്പുറം’ എന്ന പേര് അന്വർഥമാക്കപ്പെടുന്നു, ഇപ്രകാരം ഈ അരങ്ങവതരണം. ‘മതിലുകൾ’ എന്ന കഥയുടെ ആവിഷ്കാരം എന്നതിൽനിന്നുമാറി രണ്ട് സ്ത്രീകളുടെയുംകൂടി കഥ സാർഥകമായി കൂട്ടിയിണക്കാനും; ജയിൽപ്പുള്ളിയുടെ ചിത്രം, ബഷീറിയൻ സൂഫിചിന്തകൾ, പ്രേമലേഖനത്തിലെ സമഭാവനയുടെ പ്രണയകൽപനകൾ എന്നിവയിലൂടെ രംഗഭാഷയുടെ സാധ്യതകളെ ചിന്തയും ഹൃദയവും തൊടുംവിധം പുനർനിർമിച്ചെടുക്കാനും ബഷീറിയൻ കഥകളുടെ ഈ ദൃശ്യാവതരണത്തിന് സാധിച്ചെന്ന് പറയാതെ വയ്യ.
അതിജീവനത്തിന്റെ രംഗഭാഷ
സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് സംവിധാന വിഷയത്തിൽ ഒന്നാം റാങ്കോടെ പഠിച്ചിറങ്ങി പെർഫോമിങ് ആർട്സിൽ പി.ജിയും കൊൽക്കത്തയിലെ വിശ്വഭാരതിയിൽനിന്ന് ഡോക്ടറേറ്റും നേടിയ അനുഭവ പരിചയത്തിനൊപ്പം കെ.പി.എ.സിയുടെ 50, 51 വർഷ നാടകങ്ങൾ, ബാല്യകാലസഖി എന്ന സിനിമ, ദൃശ്യ മാധ്യമരംഗത്തെ വേറിട്ട സൃഷ്ടികൾ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾക്ക് അർഹനായ പ്രമോദ് പയ്യന്നൂരിന് ഈ രംഗഭാഷാനിർമിതി ഒരു വെല്ലുവിളിയായിരുന്നിരിക്കാം.
ബഷീറിന്റെ വേഷം ഏറ്റെടുത്ത കിരൺ ജെയിംസ് അനന്യചാതുരിയോടെ ഏകാഗ്രത ഉൾക്കൊള്ളിച്ച് ഗൗരവതരമായിത്തന്നെ നാടകത്തെ ഉയർത്തി നിലനിർത്തിയിട്ടുണ്ട്. നാരായണിയായി പരകായപ്രവേശം ചെയ്ത ലീസാ മാത്യുവിന് തന്റെ ഭരതനാട്യപരിചയം രംഗപാഠങ്ങളെ ഉൾക്കൊള്ളാൻ ഏറെ തുണച്ചിടുണ്ടാവണം. ഒപ്പം നിന്ന സുഹൃത്തും കുശാണ്ട വാർഡനും അനിയൻ ജയിലറും ഉമ്മയും രാഷ്ട്രീയ തടവുകാരും ആരാച്ചാരുമടക്കം കഥാപാത്രങ്ങളെ സംവിധായകന്റെ അടുക്കും ചിട്ടയുമുള്ള ശൈലി മുറുകെപ്പിടിച്ച് മുന്നോട്ടു കൊണ്ടുപോകുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ വൃത്തിയായി രംഗശിൽപം നിർമിച്ചെടുത്ത സുഹൃത്തുക്കളും പണ്ഡിറ്റ് രമേശ് നാരായണന്റെ സംഗീതവും സൂര്യ ശ്രീകുമാറിന്റെ വസ്ത്രാലങ്കാരവും മധുബാലചന്ദ്രൻ, സുനിൽ പുനത്തിൽ, സായ് ശ്രീലക്ഷ്മി എന്നിവരുടെ സാങ്കേതിക സാന്നിധ്യവും നിലവാരം പുലർത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.