Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightഅമൽ നീരദ്, മമ്മൂട്ടിയെ...

അമൽ നീരദ്, മമ്മൂട്ടിയെ ഇനി ക്രൈം ഫ്രെയിമുകൾക്കായി ദുരുപയോഗം ചെയ്യരുത്

text_fields
bookmark_border
അമൽ നീരദ്, മമ്മൂട്ടിയെ ഇനി ക്രൈം ഫ്രെയിമുകൾക്കായി ദുരുപയോഗം ചെയ്യരുത്
cancel

'മലയാളഭാഷ ഊളമ്പാറയിലേക്കോ!?' എന്ന് പണ്ട് ചോദിച്ചത് പ്രമുഖ പത്രപ്രവർത്തകനും സാഹിത്യകാരനുമായ ഇ.വി. ശ്രീധരനാണ്. ഒരു പ്രമുഖ കവിയുടെ ഉത്തരാധുനിക കവിതയെക്കുറിച്ചുള്ള ലേഖനത്തിന്റെ പ്രതികരണമായാണ് ശ്രീധരൻ അന്ന് ഇങ്ങനെ കുറിച്ചത്. പതിറ്റാണ്ടുകൾക്കുശേഷം ചില മലയാള സിനിമകൾ കാണു​മ്പോൾ ഹൃദയവേദനയോടെ ഇങ്ങനെ കുറിക്കേണ്ടിവരുന്നു- 'മലയാള സിനിമ കമ്മട്ടിപ്പാടത്തേക്കോ!?'

അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം 'ഭീഷ്മപർവം' കണ്ടത് മുതൽക്കാണ് ഈ ചിന്ത രൂക്ഷമായത്. മികച്ച ക്രാഫ്ട്സ്മാനായ അമലിന്റെ മുൻകാല ചിത്രങ്ങളെക്കുറിച്ചു പരാമർശിക്കാതെ 'ഭീഷ്മപർവ'ത്തിലെത്താനാകില്ല. ആദ്യ സിനിമയായ 'ബിഗ്ബി' മുതൽ തന്നെ തട്ടുപൊളിപ്പനായി പ്രേക്ഷകഹൃദയം കീഴടക്കിയ സംവിധായകനാണ് അമൽ. എന്നാൽ, പുതുമകളിൽ നിന്നു പുതുമകളിലേക്ക് കുതിക്കുന്നതാണ് ഒരു യഥാർഥ ചലച്ചിത്ര പ്രതിഭയുടെ ലക്ഷണമെന്ന സത്യവും ഇവിടെ ഓർക്കണം. ലോകത്തെ ഏതൊരു വിഖ്യാത ചലച്ചിത്രകാരനെയും എടുത്തുനോക്കൂ, അവരുടെ ഓരോ സൃഷ്ടിയിലും പുതുമയാർന്ന കഥകളും പുതുമയാർന്ന ദൃശ്യഭാഷ്യങ്ങളും കാണാൻ കഴിയും.


സത്യജിത് റായ്, മൃണാൾ സെൻ, ഋത്വിക് ഘട്ടക്ക്‌ തുടങ്ങി കെ.എസ്. സേതുമാധവൻ, ഭരതൻ, പി. പദ്മരാജൻ, സത്യൻ അന്തിക്കാട് പോലുള്ള സ്വദേശി ചലച്ചിത്രകാരന്മാരുടെ സൃഷ്ടികളിലും കലാസൗന്ദര്യത്തിന്റെ ശോഭയാർന്ന ഈ സത്യം സീനുകളായി മിന്നിത്തിളങ്ങുന്നതു കാണാം. എന്നാൽ, അമൽ നീരദിനെപ്പോലെ പ്രതിഭാധനരായ ന്യൂജൻ സിനിമാക്കാരിൽ എത്തുമ്പോൾ മലയാള സിനിമയുടെ 'കഥ' ഏതെങ്കിലും ഇടക്കുതൊഴുത്തിൽ തള യ്ക്കപ്പെട്ടുകഴിഞ്ഞു എന്നു കാണാൻ കഴിയും. 15 വർഷം മുമ്പ് സംവിധാനം ചെയ്ത 'ബിഗ് ബി'യിൽ നിന്ന് എന്തു വളർച്ചയാണ് ഈ സംവിധായകൻ ആർജിച്ചിട്ടുള്ളതെന്ന് തോന്നിപ്പോയി 'ഭീഷ്മപർവം' കണ്ടപ്പോൾ.

മമ്മൂട്ടിയെപ്പോലുള്ള ഒരു മഹാനടനെ അമൽ നീരദ് വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളുടെ ഈജിയൻ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നു. കേരളത്തിലെ ഇന്നത്തെ അക്രമണോൽസുക-അധോലോക-രാഷ്ട്രീയ ബാന്ധവ സാഹചര്യത്തിൽ, കഴിവുള്ളൊരു സംവിധായകൻ ഇത്തരം ക്വട്ടേഷനധിഷ്‌ഠിത ഇടിപ്പടങ്ങൾ മാത്രം പടച്ചുവിട്ടുകൊണ്ടിരിക്കുന്നത് അപലപനീയമെന്നേ പറയാൻ കഴിയൂ. മലയാള സിനിമ കൊച്ചി കേന്ദ്രീകരിച്ച് ക്രിമിനൽവത്കരിക്കപ്പെടുകയാണെന്ന മുറവിളികൾ ഉയരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.


സത്യൻ, പ്രേംനസീർ, മധു, ശാരദ, ഷീല, ഫിലോമിന, കെ.പി. ഉമ്മർ, അടൂർ ഭവാനി, കെ.പി. കൊട്ടാരക്കര എന്നിവരൊക്കെ അണിനിരക്കുന്ന ശശികുമാറിന്റെയോ മറ്റോ ഒരു തട്ടുപൊളിപ്പൻ കത്തിക്കുത്ത് സിനിമയുടെ സ്ഥാനത്ത് മമ്മൂട്ടി, നെടുമുടി വേണു, കെ.പി.എ.സി ലളിത, സൗബിൻ ശാഹിർ, ശ്രീനാഥ്‌ ഭാസി, ദിലീഷ് പോത്തൻ, മാലാ പാർവതി, അനസൂയ ഭരദ്വാജ്, അനഘ, വീണാ നന്ദകുമാർ എന്നിവർ തങ്ങൾക്കു ലഭിച്ച വില്ലാത്മകവും അല്ലാത്തതുമായ റോളുകൾ കൃത്യതയോടെ അഭിനയിച്ചു ഫലിപ്പിച്ചു എന്നു ശ്ലാഘിക്കാം. അഭിനയം മാത്രമാണ് സിനിമയെങ്കിൽ ഇത് ഒരു ദൃശ്യവിസ്മയം തന്നെ! അക്രമത്തിലൂടെ എന്തും നേടാമെന്നത് ഒരു മഹനീയ ദർശനമാണെങ്കിൽ, ഈ ചിത്രം മുന്നോട്ടുവെക്കുന്ന ദർശനവും മഹനീയം തന്നെ!

അതായത്, ദർശനരാഹിത്യത്തിന്റെ ശൂന്യതയാലാണ് നല്ല സിനിമയുടെ ഭാവുകത്വം ഉള്ളിൽ സൂക്ഷിക്കുന്ന ഒരു പ്രേക്ഷകനിൽ 'ഭീഷ്മപർവം' ആഴത്തിൽ നിരാശ സൃഷ്ടിക്കുന്നത്. മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഇടിയും വെട്ടും തൊഴിയുമാണ് ഇതിലെ സമുജ്ജ്വലമായ പുരുഷ അഭിനയമുഹൂർത്തങ്ങൾ! ഓരോ ഇടിയെയും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് ശരാശരി മലയാളി പ്രേക്ഷകന്റെ ഭാവുകത്വപരമായ പാപ്പരത്വവും! മമ്മൂട്ടിയെ പോലുള്ള ഒരഭിനയ പ്രതിഭയെ ക്രൈം ഫ്രെയിമുകൾക്കായി ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവുമാണ് 'ഭീഷ്മപർവം'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amal neeradbheeshma parvam movie
News Summary - Bheeshma parvam- A review in different angle
Next Story