'കുറുപ്പ്' കണ്ടവർ പറയുന്നു; 'ഇതാണ് കാസ്റ്റിങ്, ഇതാകണം കാസ്റ്റിങ്'
text_fieldsവില്ലന്‍റെ നായിക, എല്ലാവർക്കും ഇഷ്ടപ്പെടുന്ന എന്നാൽ ദുരൂഹത ഒളിപ്പിച്ചുവെക്കുന്ന കഥാപാത്രം. ശോഭിത ധുലിപാലയുടെ കൈകളിൽ ഭദ്രമായിരുന്നു കുറുപ്പിലെ ശാരദ. മലയാള സിനിമയിൽ കണ്ടുപരിചയിച്ചിട്ടില്ലാത്ത ശാരദയെപ്പോലെ, നിരവധി കഥാപാത്രങ്ങൾ കുറുപ്പിലുണ്ടായിരുന്നു. വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻമാരായി വേഷമിട്ട വർഗീസ് മാത്യുവും സത്യനാരായണനും ഭാസി പിള്ളയെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോ ഇവരെല്ലാം കഥാപാത്രങ്ങേളാട് ഇണങ്ങിനിന്നു. മറ്റു സിനിമകളിൽനിന്ന് കുറുപ്പിനെ വ്യത്യസ്തമാക്കുന്നതും ഇൗ നടീനടൻമാരുടെ തിരഞ്ഞെടുപ്പായിരുന്നു. ഇൗ തെരഞ്ഞെടുപ്പിൽ ചുക്കാൻ പിടിച്ചതാകട്ടെ യുവ കാസ്റ്റിങ് ഡയറക്ടർ ഷനീം സഈദും.
കാസ്റ്റിങ് ഡയറക്ടർ, കാസ്റ്റിങ് ഏജൻസികൾ എന്നീ വാക്കുകൾ പരിചിതമല്ലാത്ത മലയാള സിനിമയിലേക്ക് സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ, കുറുപ്പിലൂടെ ഷനീം സഈദിനെയും അവതരിപ്പിക്കുകയായിരുന്നു. ഷനീം സെയ്ദെന്ന കാസ്റ്റിങ് ഡയറക്ടർ വഴി ശോഭിത ധുലിപാലയും വർഗീസ് മാത്യുവും സത്യനാരായണനുമെല്ലാം മലയാള സിനിമയുടെ ഭാഗമായി. യു.എ.ഇയിൽ മൂവി അവാർഡ്സ്, സെലിബ്രിറ്റി രംഗത്ത് പ്രവർത്തിച്ചിരുന്ന മലയാളിയായ ഷനീം മലയാള സിനിമ മേഖലയിൽ പുതിയൊരു സാധ്യതകൂടിയാണ് തുറന്നിടുന്നത്.
സിനിമകളെ ഭാഷയുടെ അതിർവരമ്പുകളിൽ തളച്ചിടാൻ കഴിയില്ല. കോളിവുഡ്, ടോളിവുഡ് താരങ്ങളെ പോലെ നിരവധി ബോളിവുഡ്, ഹോളിവുഡ് താരങ്ങളും ഇപ്പോൾ മലയാള സിനിമയുടെ ഭാഗമാകാറുണ്ട്. കുറുപ്പിലും ആ കാഴ്ച കണ്ടു. മറ്റു സിനിമകളിൽനിന്ന് കുറുപ്പിനെ വ്യത്യസ്തമാക്കുന്ന ഇൗ ഘടകങ്ങളെക്കുറിച്ച് ഷനീം സഈദ് പറയുന്നു.
സസ്പെൻസ് എന്ന ചലഞ്ച്
യഥാർഥ സംഭവം സിനിമയാക്കുേമ്പാൾ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ചെറുതല്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള കഥയാകുേമ്പാൾ ആ കാലഘട്ടത്തെ പ്രതിനിധീകരിക്കാൻ കഴിയണം. പഴയ കഥയും കഥാപാത്രങ്ങളെയും പുതുമയോടെ സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കണം. കഥാപാത്രങ്ങളും അവരുടെ വേഷവിധാനങ്ങളും അക്കാലത്തോട് ചേർന്നു നിൽക്കണം. കണ്ടുപരിചയിച്ച മുഖങ്ങളെക്കാൾ അധികം ആരിലേക്കും പതിക്കാത്ത മുഖങ്ങളായിരിക്കണം പ്രധാനം. അതുകൊണ്ടുതന്നെ ചിത്രത്തിലെ നായിക കഥാപാത്രത്തിന് പറ്റിയ നടിയെ തെരഞ്ഞെടുക്കൽ ഉൾപ്പെടെ വലിയ ചലഞ്ചായിരുന്നു. അതിനായി ഓരോ കഥാപാത്രങ്ങളെയും കൃത്യമായ ലുക്ക് ടെസ്റ്റുകൾ നടത്തി തെരഞ്ഞെടുത്തു.
കുറുപ്പിെൻറ തിരക്കഥ തയാറാക്കുേമ്പാൾ മുതൽ ഞാൻ ആ സിനിമയുടെ ഭാഗമായിരുന്നു. കഥാപാത്രങ്ങളിലും തിരക്കഥയിലും എത്രേത്താളം സാധ്യതകുണ്ടെന്ന് തുടക്കം മുതൽ അറിയാം. സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായി വർഷങ്ങളുടെ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ സിനിമയിൽ സംവിധായകന് ആവശ്യമുള്ളത് എന്താണെന്ന് കൃത്യമായി മനസിലാക്കാനായി. അതാണ് ഏറ്റവും പ്രധാനകാര്യവും. കാരണം, സംവിധായകനുമായുള്ള ആശയവിനിമയം എളുപ്പമായാൽ കാസ്റ്റിങ് പ്രോസസ് ലളിതമായിരിക്കും. ദുൽഖർ സൽമാൻ ഒഴികെയുള്ള കഥാപാത്രങ്ങൾക്ക് വേണ്ടിയായിരുന്നു തിരച്ചിൽ. നായിക കഥാപാത്രമായിരുന്നു അതിലെ ചലഞ്ചും.
വില്ലനും നായകനും ഒരാളാകുേമ്പാൾ!
വിേൻറജ് ലുക്കിനൊപ്പം വില്ലെൻറ നായിക എന്ന പരിവേഷവും വേണം. എല്ലാവർക്കും അതിനെ ഏറ്റെടുക്കാൻ കഴിയില്ല. വില്ലെൻറ നായികയാകുേമ്പാഴും ആദ്യ കാഴ്ചയിൽ തന്നെ പ്രേക്ഷകർക്ക് ഇഷ്ടമാകുകയും വേണം. ഒരു മികച്ച അഭിനേത്രി എന്നതിന് പുറമെ കുറുപ്പിനെ പൂർണമായും മനസിലാക്കാനും കഥാപാത്രത്തിന് കഴിയണം. അതിനായി ശാലിനി എെൻറ കൂട്ടുകാരിയിലെ ശേഭായെ പോലെ ഒരാളെയായിരുന്നു ആവശ്യം. അത്തരം ഒരു അന്വേഷണം ആദ്യം ചെന്നെത്തിയത് ശോഭിതയിലായിരുന്നു. ശോക ഭാവത്തിനൊപ്പം മിസ്റ്റീരിയസ് കൂടിയാണ് അവരുടെ മുഖം. ശോഭിതയുടെ രാമൻ രാഘവ എന്ന ചിത്രം ഞാനും ശ്രീനാഥും ഒരുമിച്ചായിരുന്നു കണ്ടത്. അന്നുമുതൽ ശോഭിതയുടെ മുഖം മനസിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുറുപ്പിെൻറ തിരക്കഥ പൂർത്തിയാക്കിയപ്പോൾ ശോഭിതയായിരുന്നു ആദ്യ ഓപ്ഷൻ.
കൃഷ്ണദാസ് എന്ന കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് ഇന്ദ്രജിത്തിനെ തന്നെയായിരുന്നു. എന്നാൽ ഇന്ദ്രജിത്തിന് മറ്റു സിനിമകളുടെ ഷൂട്ടിങ് കാരണം കൃഷ്ണദാസായി അരവിന്ദ് സ്വാമിയെ ആലോചിച്ചു. എന്നാൽ അദ്ദേഹത്തിനും ഡേറ്റ് സംബന്ധമായ പ്രശ്നങ്ങൾ വന്നു. പിന്നീട് കെ.കെ. മേനോനെ സമീപിച്ചു. എന്നാൽ നേരത്തേ തീരുമാനിച്ച ചിത്രം നീട്ടിവെച്ചതോടെ ഇന്ദ്രജിത്തിലേക്ക് തന്നെ ആ കഥാപാത്രമെത്തി.
ദുൽഖർ സൽമാെൻറ മുതിർന്ന ഓഫിസർമാരായി എത്തിയ സത്യനാരായണൻ, വർഗീസ് മാത്യു തുടങ്ങിയവരും അത്തരത്തിൽ സിനിമയുടെ ഭാഗമായവരായിരുന്നു. സത്യനാരയണൻ തമിഴിൽ അജിത്ത്, വിജയ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ്. മലയാളവും തമിഴും ഇംഗ്ലീഷും കൂട്ടികലർത്തി സംസാരിക്കുന്ന കഥാപാത്രത്തിനായുള്ള തിരച്ചിലിലാണ് സത്യനാരായണനിലേക്ക് എത്തുന്നത്. വില്ലനായ കുറുപ്പിനെ പേടിപ്പിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥെൻറ കഥാപാത്രത്തിനായുള്ള അന്വേഷണമാണ് വർഗീസ് മാത്യുവിൽ ചെന്നെത്തിയത്.
ചിത്രത്തിൽ ഏറ്റവുമധികം കൈയടി നേടിയ കഥാപാത്രമായിരുന്നു ഷൈൻ ടോം ചാക്കോയുടെ ഭാസിപിള്ള. ഷൈൻ ഭാസിപിള്ളയെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ഷൈനിെൻറ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളും വന്നിരുന്നു.
ഒന്നിനുപിറെക ഒന്നായി...
അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'ഒറ്റ്' എന്ന ചിത്രത്തിെൻറ കാസ്റ്റിങ് ഷനീം ആണ്. നിലവിൽ ഹിന്ദി ടെലിവിഷൻ താരമായ ഷഹീർ ഷൈഖിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിെൻറ ഷൂട്ടിങ് തിരക്കുകളിൽ മൂന്നാറിലാണ് ഇപ്പോൾ ഷനീം.
ആഷിഖ് അബുവും ശ്യാം പുഷ്കരനും പുതിയ സിനിമയുടെ ചർച്ചക്കായി ഷാരൂഖ് ഖാനുമായി ചർച്ച നടത്തിയപ്പോഴും ഷനീം ഒപ്പമുണ്ടായിരുന്നു. ഷാരൂഖിന് തിരക്കഥ ഇഷ്ടമായാൽ 2022ഒാടെ സിനിമ യഥാർഥ്യമാകും.
മലയാളത്തിൽ കാസ്റ്റിങ് ഡയറക്ടർ അല്ലെങ്കിൽ കാസ്റ്റിങ് ഏജൻസി ഇല്ല എന്ന് പറയാൻ കഴിയില്ല. എന്നാൽ സിസ്റ്റമാറ്റിക് രീതിയായിരുന്നില്ല ഉപയോഗിച്ചുവന്നിരുന്നത്. ഇപ്പോഴും പ്രൊഡക്ഷൻ കൺട്രോളർമാരും അസോസിയേറ്റുമാരുമാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുക. ബോളിവുഡിലാണെങ്കിൽ അവിടെ താരങ്ങൾക്ക് മാനേജർമാരും പി.ആർമാരുമെല്ലാം ഉണ്ടാകും. അവരോട് സംസാരിച്ച് കരാർ ഒപ്പിടണം. സിസ്റ്റമാറ്റിക് അപ്രോച്ചാണ് ഓരോ ഘട്ടത്തിലും. എന്നാൽ, ഇവിടെ സൗഹൃദങ്ങളുടെ പുറത്ത് ഉണ്ടാകുന്ന ചിത്രങ്ങളാണ് കൂടുതൽ.
കാസ്റ്റിങ് ഡയറക്ടറെ ഏൽപ്പിക്കുേമ്പാൾ ആദ്യം ഒാഡീഷനായിരിക്കും നടത്തുക. കുറുപ്പിൽ ഇതുവരെ കാണാത്ത മുഖങ്ങളും ശബ്ദങ്ങളും ലുക്കുമെല്ലാം കൊണ്ടുവരുന്നതിനായി നിരന്തരം പരിശ്രമിച്ചിരുന്നു. താരങ്ങളെ തെരഞ്ഞെടുക്കുക മാത്രമല്ല, നടീനടൻമാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത് കാസ്റ്റിങ് ഡയറക്ടർമാരുടെ ഉത്തരവാദിത്തമാണ്.
സംവിധായകനും തിരക്കഥാകൃത്തുമായുള്ള ആശയ വിനിമയമാണ് ഏറ്റവും പ്രധാനം. തിരക്കഥ ആദ്യം വായിക്കാനുള്ള അവസരം കാസ്റ്റിങ് ഡയറക്ടർമാർക്കും ലഭിക്കും. അപ്പോൾതന്നെ നിരവധി ഐഡിയകളും മുഖങ്ങളും മനസിൽ വരും. കുറുപ്പിൽ ഓരോ കഥാപാത്രങ്ങൾക്കും ഓരോ ഡിസൈൻ ഉണ്ടായിരുന്നു. അതിന് അനുസരിച്ചുള്ള കഥാപാത്രങ്ങളെ തെരഞ്ഞെടുക്കണം.
'കാസ്റ്റിങ്' ചെറിയ കളിയല്ല
ഹോളിവുഡിലും ബോളിവുഡിലുമെല്ലാം കാസ്റ്റിങ് ഏജൻസി വലിയ തൊഴിൽ മേഖല കൂടിയാണ്. മലയാളത്തിലും അത്തരം മാറ്റങ്ങൾ സമയമെടുത്താണെങ്കിലും വരും. ആ മാറ്റത്തിെൻറ തുടക്കമായിരുന്നു കുറുപ്പ്. മുഖ്യ കഥാപാത്രങ്ങൾ മുതൽ ചെറിയ സീനുകളിൽ വന്നുപോകുന്ന കഥാപാത്രങ്ങൾക്ക് വേണ്ടിവരെ കാസ്റ്റിങ് നടത്തേണ്ടിവരും. ഒരു സിനിമയുടെ ഭാഗമായി ഓഡീഷൻ വിളിക്കുക, അഭിനയിപ്പിക്കുക, പരിശീലനം നൽകുക തുടങ്ങിയവയെല്ലാം വളരെ ആസ്വദിച്ച് ചെയ്യാൻ കഴിയുന്ന ജോലിയാണ്. എന്നാൽ ബോളിവുഡിലടക്കം കാസ്റ്റിങ് കൗച്ച് പോലെയുള്ള ആരോപണങ്ങൾ ധാരാളം ഉയർന്നുവന്നിട്ടുണ്ട്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കാസ്റ്റിങ് കൗച്ച് പോലെയുള്ളവ. പണ്ടുതൊട്ടേ ഇവയുണ്ട്, എന്നാൽ ഇപ്പോൾ കുറഞ്ഞുവരുന്നുണ്ട്. അതിന് മീ ടു മൂവ്മെൻറ്സിനും മറ്റും നന്ദി പറയണം. ഒരു സോഷ്യൽ മീഡിയ േപാസ്റ്റിലൂടെ കരിയർ എന്നെന്നേക്കുമായി നശിക്കും. ഒരുപാട് ആഗ്രഹിച്ചായിരിക്കും പുതുമുഖങ്ങൾ സിനിമയിൽ വരിക. അത് ചൂഷണം ചെയ്യുക എന്നത് ലോകത്തുതന്നെ ഒരാളോട് ചെയ്യാൻ പറ്റുന്ന ക്രൂരതയാണ്. നമ്മൾ സിസ്റ്റമാറ്റിക്കായി തൊഴിലിനെ സമീപിക്കുേമ്പാൾ നമ്മുടെ കൺമുന്നിൽവെച്ച് ഓരോരുത്തരുടെ കരിയർ മാറുന്നത് കാണാനാകും. അതിലാണ് സന്തോഷം. അതിൽ മറ്റുള്ളവരെ ഉപദ്രവിക്കാൻ നോക്കുക എന്നതല്ല എെൻറ പോളിസി.
ദുബൈയിൽ ഏഷ്യാവിഷൻ ഫാമിലി മാഗസിനിൽ സബ് എഡിറ്ററാണ് ഷനീമിെൻറ തുടക്കം. പിന്നീട് ഏഷ്യവിഷൻ മൂവി അവാർഡ്സിെൻറ പ്രമുഖ സംഘാടകനായി. സെലിബ്രിറ്റി ഇവൻറ് മാനേജറായും തിളങ്ങി. മഞ്ചേരി സ്വദേശിയായ മുഹമ്മദ് സെയ്ദ്, സക്കീന ദമ്പതികളുടെ മകനാണ് ഷനീം. ഷിഫ, സഫിയ എന്നിവരാണ് സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.