സിനിമാ ജീവിതത്തിന്‍റെ 15ാം വാർഷികം; ആസിഫ് അലി നാളെ ഷാർജയിൽ
text_fieldsഷാർജ: അഭിനയ മികവിലൂടെ മലയാളത്തിലെ യുവ താരനിരയിൽ ശ്രദ്ധേയ സാന്നിധ്യമായ നടൻ ആസിഫ് അലി ഞായറാഴ്ച ഷാർജ എക്സ്പോ സെന്‍ററിലെത്തുന്നു. സിനിമാ ജീവിതത്തിന്‍റെ 15ാം വർഷികാഘോഷത്തിന്‍റെ ഭാഗമായാണ് ആസിഫ് അലി പ്രവാസി പ്രേക്ഷകരെ കാണാനും സംവദിക്കാനുമായി ഷാർജ എക്സ്പോ സെന്‍ററിലെ ‘ഫുഡോ ഫുഡ്’ വേദിയിലെത്തുന്നത്. ഗൾഫ് മേഖലയിലെ സാംസ്കാരിക തലസ്ഥാനമായ ഷാർജയിലെ പ്രൗഢ വേദിയായ എക്സ്പോ സെന്‍ററിൽ ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘ഫുഡോ ഫുഡ്’ മേളയുടെ സമാപന ദിനത്തിലാണ് താരം പ്രവാസി മലയാളികളുമായി സംവദിക്കുന്നത്. രാത്രി ഏഴ് മണിക്ക് നടക്കുന്ന ചടങ്ങിൽ ആസിഫ് അലിക്കൊപ്പം, നടി അനശ്വര രാജനും മറ്റു താരങ്ങളും യു.എ.ഇയിലെ പ്രവാസി മലയാളികളെ കാണാനെത്തുന്നുണ്ട്. ഇരുവരുടേയും പുതിയ സിനിമയായ രേഖാചിത്രത്തിന്‍റെ അണിയറപ്രവർത്തകരും വിശേഷങ്ങളുമായി വേദിയിലെത്തും.
2009ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന ചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ആസിഫ് അലി, അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിലും സിനിമക്ക് പുറത്തും നടത്തിയ കുലീനമായ ഇടപെടലുകളിലൂടെ പ്രേക്ഷക മനസ്സിൽ സവിശേഷമായ ഒരിടമാണ് കഴിഞ്ഞ ഒന്നര ദശാബ്ദത്തിലൂടെ ആസിഫ് അലി നേടിയെടുത്ത്. നിരവധി ലോകോത്തര താരങ്ങൾക്ക് വേദിയൊരുക്കിയ ഷാർജ എക്സ്പോ സെന്‍റർ താരത്തിന്‍റെ സിനിമ ജീവിതത്തിന്‍റെ 15ാം വാർഷികം ആഘോഷിക്കുമ്പോൾ പ്രവാസ മലയാളത്തിന്‍റെ ആദരം കൂടിയായി ഇത് മാറും.
വിവിധ സാസ്കാരിക ചടങ്ങുകളാൽ സമ്പന്നമായ ‘ഫുഡോ ഫുഡ്’ വേദിയിൽ തനത് അറബ് രുചികൾക്കൊപ്പം ഇന്ത്യൻ, ചൈനീസ്, ഫിലിപ്പൈൻസ്, കോണ്ടിനന്റൽ തുടങ്ങി പലതരം രുചികൾ ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്. നിരവധി മത്സരങ്ങൾ, മാജിക് ഷോ, പ്രമുഖ മ്യൂസിക് ബാൻഡുകൾ, വയലിൻ പ്രകടനങ്ങൾ, മെഹ്ഫിൽ അബൂദബി സംഘത്തിന്‍റെ മുട്ടിപ്പാട്ട് കലാപ്രകടനങ്ങൾ, കുട്ടികൾക്കായി ഫൺ ആൻഡ് ഗെയിം ആക്ടിവിറ്റീസ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിരുന്നു. വൈകുന്നേരം മൂന്നു മുതൽ രാത്രി 11വരെയാണ് വേദിയിൽ പരിപാടികൾ അരങ്ങേറുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.