മരണ കവാടം കടന്ന് ധ്യാനബുദ്ധൻ
text_fieldsവെള്ള പൂശിയ ജയിൽ മുറി, വെള്ള നിറത്തിലുള്ള വസ്ത്രം. ആ ശുഭ്രപശ്ചാത്തലത്തിൽ അവൾ നീല നിറുമുള്ള ഷാൾ പിരിച്ചുകുരുക്കുണ്ടാക്കി. ചിരിച്ചുകൊണ്ട് സഹ തടവുകാരി മുട്ടുകാലിൽ ഇരുന്നു. അവളുടെ പുറത്ത് ചവിട്ടിക്കറി ആ ജയിൽ മുറിയുടെ ചെറിയ വാതായനത്തിൻെറ അഴിയിൽ ആ നീല ഷാൾ കെട്ടി കുരുക്ക് കഴുത്തിലിട്ടു.പുറത്തുചവിട്ടിയ കാൽ നീങ്ങിയപ്പോൾ ഞരക്കം മുറുകിയപ്പോൾ സഹതടവുകാരി പ്രതീക്ഷയോടെ ചെറു ചിരിയുമായി മുകളിലേക്ക് നോക്കി.
ആ നീലക്കുരുക്കിൽ അവളില്ല. പകരം ഒരു പൂമ്പാറ്റ പതിഞ്ഞിരിക്കുന്നു. അത് മെല്ലേ ചിറകടിച്ച് ജാലകത്തിലൂടെ മഞ്ഞുപുതഞ്ഞ പാതയിലൂടെ പറന്നു. പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മഞ്ഞിൽ അയാൾ പുതഞ്ഞുകിടപ്പുണ്ടായിരുന്നു. തലക്കുചുറ്റും തൂവെള്ള മഞ്ഞിൽ പരന്ന ചുവപ്പുനിറം. അവൾ പതിയെ ആ കൈയിൽ ചെന്നിരുന്നു. അയാൾ കണ്ണ് തുറന്നു......(ഡ്രീം...2008 )...
രംഗം ചിത്രീകരിക്കുന്നതിനിടെ നടി ലീ നാ യങ് ജോയുടെ കഴുത്തിലെ കുരുക്ക് മുറുകി. സ്വാഭാവിക അഭിനയമാണെന്ന് സെറ്റിലുള്ളവർ കരുതി. ബോധംകെട്ട് അത്യാസന്ന നിലയിലെത്തിയ നടിയെ ആശുപത്രിയിലാക്കി. മരണത്തിൽ നിന്ന് കഷ്ടിച്ചാണ് ലീ നാ യങ് രക്ഷപ്പെട്ടതെന്നും കിം കി ദുക്കാണ് കാരണക്കാരനെന്നും മാധ്യമങ്ങളും ലോകവും വിധിച്ചു. മാനസികമായി തളർന്ന് വിഷാദരോഗം ബാധിച്ച് കിം മൂന്നുവർഷത്തോളം മൗനത്തിലായിരുന്നു. ആ കാലയളവിലെ മാനസികാവസ്ഥ 2011ൽ 'ആരിരങ്ങ്' എന്ന ചെറു ഡോക്യുമെൻററി സിനിമയാക്കി പിന്നീട് ചിത്രീകരിച്ചു.
'' മറ്റൊരു ലോകത്തേക്കുള്ള പ്രവേശനകവാടമാണ് മരണം. തികച്ചും ദുരൂഹമായ മറ്റൊരു ലോകം. മരണത്തെ അനുഭവിച്ചറിയാൻ പറ്റില്ല. മനസ്സിലാക്കാൻ പറ്റില്ല. മരണം എന്നത് തരം പ്രതീക്ഷയാണ്. അതിനെക്കുറിച്ച് നിങ്ങൾക്ക് കഥകളെഴുതാം കവിതകളെഴുതാം. സിനിമയെടുക്കാം. വ്യക്തിയെന്ന നിലക്ക് ഒരുവൻെറ ഒരുപാട് സ്വപ്നങ്ങളെ മരണം ബാക്കിയാക്കുന്നുണ്ട്. ഒരുവൻെറ ഭൂമിയിലെ ജീവിതത്തെ മരണം ചെറുതാക്കുന്നു. തീർച്ചയായും വ്യക്തിയെന്ന നിലക്ക് അത് പ്രയാസകരമാണ്. ''- അദ്ദേഹം 'ആരിരങ്ങി'ൽ പറയുന്നു.
കിം ആ ദുരൂഹ കവാടം കടന്നിരിക്കുന്നു. ഭ്രമാത്മകമായ അദ്ദേഹത്തിൻെറ ഭാവനയും സ്വപ്നങ്ങളും അവിടെയും പരന്നൊഴുകുന്നുണ്ടാകും. ഒരേ സമയം ബുദ്ധൻെറയും ചെകുത്താൻെറയും മനസ്സ് വായിച്ച ദ്വന്ദ വ്യക്തിത്വത്തിന് മുമ്പിൽ ആ ലോകം പരന്നുകിടപ്പുണ്ടാകും...പുതിയ ചിന്തകൾക്ക് ഉന്മാദം പകർന്ന്....
ആകാശത്ത് പെട്ടുപോയ ആ കപ്പലിൽ ജീവിച്ചിരിക്കുന്നവരായി പൂർണഗർഭിണിയായ അവളേ ഉണ്ടായിരുന്നുള്ളൂ. നാളെക്കുവേണ്ടിയുള്ള കരുതലിൽ വിത്തിനെയും കോഴിക്കുട്ടിയെയും വളർത്തിയ ആ വയോധികന് അവൾ നന്ദി പറഞ്ഞു. അയാൾ നൽകിയ വിത്ത് അവളുടെ കൈയിൽ നിറഞ്ഞിരിപ്പുണ്ടായിരുന്നു. മരിച്ചു കിടക്കുന്ന ഓരോരുത്തരുടെ പിളർന്ന ഭാഗങ്ങളിൽ അവൾ വിത്തുകൾ ഇട്ടു. അതിൽ കാമുകനും തൻെറ ഗർഭത്തിന് ഉത്തരവാദിയായ ആ വില്ലനുമൊക്കെയുണ്ടായിരുന്നു.
ആ വിത്തുകൾ ചെടികളായി. ഗർഭിണിയായ അവൾ അമ്മയായി. ചെടികൾ ഫലം തന്നു.അവൻ വലുതായി. അവൻ തപ്പിപ്പിടിച്ച് തോക്ക് കണ്ടെടുത്തപ്പോൾ ഭയം തോന്നി. ഒടുവിൽ കൗമാരക്കാരനായ അവൻെറ സ്പർശത്തിൽ അസ്വഭാവികത തോന്നിയപ്പോൾ അവൻെറ അച്ഛൻെറ ക്രൂരമുഖമാണ് മനസ്സിൽ വന്നത്. ഒടുവിൽ അവൻ അവളെ തേടിയിറങ്ങി. (ഹ്യൂമൻ-സ്പേസ്-ടൈം ആൻഡ് ഹ്യുമൻ - 2018)
''മനുഷ്യൻ ഒരു ഹിംസാത്മക ജീവിയാണ്. ആന്തരികമായ ഭീതി മൂലം സാമൂഹികമായ ക്രമങ്ങളോട് ഒത്തുപോകാവൻ ഉള്ളിലുള്ള ഈ ഹിംസയെ തടഞ്ഞുനിറുത്തുക മാത്രമാണ് മനുഷ്യൻ ചെയ്യുന്നത്. അതിനാലാണ് വന്യമൃഗങ്ങളേപ്പോലെ ക്രൂരത എൻെറ കഥാപാത്രങ്ങക്ക് വരുന്നത്. ഇതിൻെറ പേരിൽ ഒട്ടേറെ പഴി ഞാൻ കേട്ടു. എന്തിന് തവളെയും പാമ്പിനെയും മത്സ്യത്തെയും സിനിമയിൽ പീഡിപ്പിച്ചതിന് വരെ നിയമനടപടി നേരിട്ടു. നിങ്ങൾ, ബീഫും പോർക്കും, ചിക്കനുമൊക്കെ കഴിക്കുന്നുണ്ട്. അതിനായി അവയെ കൊല്ലുന്നുണ്ട്് . യഥാർഥ ജീവിതത്തിൽ ഇതിലേറെ ക്രൂരത കാട്ടാം''- ഒരു അഭിമുഖത്തിൽ കിം പറഞ്ഞു.
നദിയിലെ ഉറച്ച വെള്ളത്തിൽ പിറകിൽ കെട്ടിയിട്ട കരിങ്കൽചക്രം അയാൾ ഉരുട്ടി. കൈയിൽ കറുത്ത ആ ബുദ്ധപ്രതിമ ഉണ്ടായിരുന്നു. ആ വലിയ കല്ല് വലിച്ച് നദി പിന്നിട്ട് മലയുടെ മുകളിലേക്ക് കയറി. ഇതിനിടെ പല തവണ വീണു. ബുദ്ധപ്രതിമ വഴുതിപ്പോയി. തിരിച്ചിറങ്ങി താങ്ങിപ്പിടിച്ച് വീണ്ടും കയറി. അപ്പോൾ അയാളുടെ മനസ്സിൽ കുഞ്ഞായിരിക്കേ താൻ കല്ല് കെട്ടിയിട്ടതിനെത്തുടർന്ന് ചത്ത മീനും ചത്ത പാമ്പുമൊക്കെയായിരുന്നു. അന്ന് ഗുരു, ആ ജീവികളെ പോയി നോക്കാൻ പറഞ്ഞ് വിട്ടപ്പോൾ അവ ചത്തത് കണ്ട് പൊട്ടിക്കരഞ്ഞിരുന്നു. അന്ന് ലോകമെന്തെന്ന് പഠിപ്പിച്ച ധാന്യഗുരുവും ഇന്നിതാ ഇല്ലാതായിരിക്കുന്നു. (സ്പ്രിങ് സമ്മർ ,ഫാൾ വിൻറർ ആൻഡ് സ്പ്രിങ്- 2003)
''ഓരോ സിനിമയും എനിക്ക് സ്വപ്നങ്ങളാണ്. മരണത്തോടെ ആ സ്വപ്നങ്ങളെല്ലാം പറന്നുപോകും. എൻെറ ഹൃദയ താളങ്ങളും ചിന്തകളുമാണവ. ഒറ്റപ്പെടലാണ് എന്നെക്കൊണ്ട് കഥകളെഴുതിപ്പിക്കുന്നത്. സിനിമയെടുപ്പിക്കുന്നത്. ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവരുന്ന കലാപങ്ങളാണ് ഞാൻ സിനിമകളിൽ പറയുന്നത്. ആദ്യ ചിത്രമായ ക്രൊക്കഡൈൽ തൊട്ട് മരണത്തെ സൂക്ഷിച്ചാണ് കൈകാര്യം ചെയ്തത്. മരണത്തെ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. എന്നാൽ ഡ്രീം എന്ന സെറ്റിൽ സഹപ്രവർത്തകക്ക് ഉണ്ടായ അപകടം എന്നെ ഒത്തിരി ചിന്തിപ്പിച്ചു. മരണത്തെക്കുറിച്ചും എൻെറ സിനിമകളെക്കുറിച്ചും എല്ലാം. സിനിമകളിൽ ഞാൻ ചെയ്തത് നൈതികമായി ശരിയാണോ എന്ന് ഇരുത്തി ചിന്തിപ്പിച്ചു. മാത്രമല്ല, മരണത്തെക്കുറിച്ച് എൻെറ കാഴ്ചപ്പാടിൽ മാറ്റം വന്നു.'' (ആരിരങ്ങ്-2011 )
ആ ദേശഭക്തി ഗാനം മറക്കാനാവില്ല. നദി കടന്നുവന്ന 'ചാരനെ' നാട്ടിലേക്ക് തിരിച്ചയക്കുകയാണെന്നറിഞ്ഞാണ് അയാൾ ഉച്ചത്തിൽ പാടിയത്. നിറകണ്ണുകളോടെ ,ആത്മരോഷത്തോടെ..തികഞ്ഞ ദേശീയ വാദിയായ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു അയാൾ. തികഞ്ഞ ഫാസിസ്റ്റ്. നദി അതിരിടുന്ന രാജ്യാതിർത്തി കടന്നുവന്ന ആ പാവം മുക്കുവൻ അവൻെറ കണ്ണിൽ രാജ്യദ്രോഹിയായിരുന്നു. ദേശഭക്തി ഒരുവനിൽ എങ്ങിനെ അന്ധത പടർത്തുന്നു എന്നതിൻെറ ഗംഭീര ദൃശ്യാവിഷ്കാരമായിരുന്നു അത്. ഇന്ത്യൻ സാമൂഹിക പശ്ചാത്തലത്തിൽ തുലനപ്പെടുത്താവുന്ന ഒട്ടേറെ ദൃശ്യങ്ങൾ കിം ഈ ചിത്രത്തിലൂടെ നൽകുന്നു.
ദക്ഷിണ കൊറിയക്കാരനായ നാം ചുല വൂ എന്ന നായകൻ ഉത്തരകൊറിയയിലെ തടങ്കലിൽ ചോദ്യം ചെയ്യലിന് ശേഷം നാട്ടിലേക്ക് ഇട്ട വസ്ത്രങ്ങൾ വലിച്ചെറിഞ്ഞാണ് യാത്രയാകുന്നത്.അവസാന ദൃശ്യത്തിൽ നദിയിലേക്ക് ഇറങ്ങുന്നത് വിലക്കി വെടിവെക്കാനാണ് ഉത്തരവ് എന്ന് പറയുന്ന പട്ടാളക്കാരോട് പറയുന്നു. ''എനിക്ക് മീൻപിടിക്കാൻ മാത്രമാണ് അറിയുന്നത്. കുടുംബത്തെ പോറ്റാൻ അതുമാത്രമാണ് വഴി ..നിങ്ങൾക്ക് എന്നെ തടയാനാകില്ല'' തീയുണ്ടകളേറ്റ് അയാൾ തൻെറ ചെറുബോട്ട് പായിച്ചു. (ദ നെറ്റ്-2016)
പ്രസിദ്ധനും വിവാദ നായകനുമായ കിം കി ദുക് അന്തരിച്ചുവെന്നാണ് പല വിദേശ മാധ്യമങ്ങളും എഴുതിയത്. ഒരേസമയം ധ്യാന ചിന്തയുടെയും അക്രമോത്സുകതയുടെയും ലൈംഗികതയുടെയും അതിപ്രസരമായിരുന്നു കിമ്മിൻെറ സിനിമകളിൽ. മീ ടൂ ആരോപണങ്ങൾ ഉൾപ്പെടെ വരികയും ചെയ്തിരുന്നു. സിനിമകളിൽ ജീവികളോട് കാട്ടിയ ക്രൂരത കാരണം വിലക്കുകളും നേരിട്ടു. സ്ത്രീകളെ അപമാനിക്കുന്നവയാണ് കിമ്മിൻെറ ചിത്രങ്ങൾ എന്ന് ഫെമിനിസ്റ്റുകൾ ആരോപിച്ചു.
അതോടൊപ്പം മോർബിയസിൽ ലിംഗത്തിൽ സ്വയം വെടിപൊട്ടിക്കുന്ന കഥാപാത്രത്തിലൂടെ ആണധികാരത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ഫുകുഷിമ ആണവകേന്ദ്രത്തിൻെറ വികിരണ ആഘാതം ചിത്രീകരിച്ച സ്റ്റോപ്പ് സമൂഹചിന്ത ഉയർത്തുന്നതായിരുന്നു. മതകേന്ദ്രങ്ങളുടെ ആശയധാരക്കെതിരായിരുന്നു പല സിനിമകളും. സാധാരണ ജീവിത കാഴ്ചപ്പാടിൽ നിന്ന് ഉയർന്നുവന്ന് പരീക്ഷണ തെരുവുനാടകങ്ങളിലൂടെ വളർന്ന് സിനിമയിലെത്തിയപ്പോഴും ലാളിത്യം കൈവിട്ടിരുന്നില്ല.
ഒരു നിഴലായിരുന്നു അയാൾ. ഭർത്താവറിയാതെ അവൾക്കൊപ്പം എന്നും കഴിയാനുള്ള ജാരജീവിതത്തിനുള്ള ഒരു ഉടുപ്പ്. ശരീരത്തെ നിഴലിനുള്ളിൽ മറക്കാൻ മോഷ്ടാവായിരുന്ന അയാൾ പഠിച്ചത് അയാളുടെ ജയിൽ ജീവിതത്തിലായിരുന്നു. അവൾക്ക് വേണ്ടി മാത്രമായിരുന്നു ആ രണ്ടാംവരവ്.
അയാൾക്കൊപ്പം അവൾ കൂടിയത് അവിചാരിതമായിട്ടായിരുന്നു. നിരാശ മാറി ആഹ്ലാദം പൂത്തിറങ്ങിയ ദിനങ്ങൾ. ഒടുവിൽ അവ തല്ലിക്കെടുത്തി ഭർത്താവ് തിരിച്ചെത്തി.അയാൾ ജയിലിലാകുകയും ചെയ്തു. വീണ്ടും ജീവിതത്തിൽ ദു:ഖം പടർന്നപ്പോഴായിരുന്നു നിഴൽ നാടകവുമായുള്ള ഹൃദയം കവർന്ന മോഷ്ടാവിൻെറ തിരിച്ചുവരവ്...''നാം ജീവിച്ചിരിക്കുന്ന ലോകം യഥാർഥ്യമാണോ അതോ സ്വപ്നമാണോ എന്നറിയില്ലല്ലോ '' - സിനിമയുടെ അവസാനം കിം കി ദുക്ക് എഴുതി. (ത്രി അയേൺ - 2004)
പരംപീഡയും സ്വയം പീഡയും ആത്മപീഡയുമൊക്കെ ചേർന്നതാണ് തൻെറ ജീവിതമെന്ന് സ്വന്തം ജീവിതെത്തപ്പറ്റിയുള്ള കുമ്പസാരമായ 'ആരിരങ്ങ്' എന്ന ഡോക്യുമെൻററിയിൽ കിംകി ദുക്ക് പറയുന്നു. 2008ന് ശേഷമുള്ള മൂന്നുവർഷം ആരാരുമെത്താത്ത മലഞ്ചെരുവിലെ ടെൻറിൽ മദ്യപനായി കഴിച്ചുകൂട്ടിയ ദിനങ്ങളെക്കുറിച്ച് ഡോക്യുമെൻററിയിൽ തുറന്നുപറയുന്നുണ്ട് . ''സ്വാഭാവികമായും എൻെറ കഥാപാത്രങ്ങളിലും അവയുണ്ടാകും.
മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള മനസ്സും സ്വയം പീഡിപ്പിക്കാനും വിഷാദത്തിലാകാനുമുള്ള അവസ്ഥയുണ്ടായിട്ടുണ്ട്്. അതാണ് ജീവിതം. സ്നേഹം,വെറുപ്പ്, സംതൃപ്തി, നഷ്ടപ്പെടൽ മനസ്സിലാക്കൽ... ഇവയൊക്കെയാണ് ജീവിതത്തിൻെറ മുതൽക്കൂട്ടലും ജീവിതത്തിൻെറ ഇന്ധനവും. ഇതിനിടെ മറ്റുള്ളവർ ഏൽപ്പിക്കുന്ന വെറുപ്പി മുറിവുകൾ സുഖപ്പെടേണ്ടതുണ്ട് . മനുഷ്യൻെറ സ്വാഭാവിക തൃഷ്ണയിൽ നിന്നാണ് െവറുപ്പും അസൂയയും വിദ്വേഷവുമൊക്കെ ഉടലെടുക്കുന്നത്.ഇവയെ മറികടക്കാൻ ആന്തരിക യുദ്ധം തെന്ന വേണ്ടിവന്നേക്കും''- കിം പറയുന്നു. (ആരിരങ്-2011)
ഹോട്ടൽ മുറിയുടെ ജനാലയിൽ കയറിയിരുന്ന് കുട്ടുകാരിയെ നോക്കിയപ്പോൾ ചിരിയായിരുന്നു ആ പെൺകുട്ടിക്ക്. വേശ്യവൃത്തിക്ക് പിടികൂടാനെത്തിയ പൊലീസിനെ കണ്ട് അവൾ ഭയപ്പെട്ടിരുന്നില്ല, പകരം നിറഞ്ഞുനിന്നത് നിഷ്കളങ്കമായ ചിരി. ഞങ്ങൾ ഉപദ്രവിക്കില്ലെന്ന് ചാടാനൊരുങ്ങിയ അവളോട് മുറിയിലെത്തിയ പൊലീസുകാർ പറഞ്ഞു. പക്ഷേ പിന്തിരിയാൻ അവൾ ഒരുക്കമല്ലായിരുന്നു.
അവൾ ചാടുന്നതുകണ്ട് കൂട്ടുകാരി കണ്ണടച്ചു. മരിച്ചുകിടക്കുേമ്പാഴും ചുണ്ടിൽ ആ ചിരി കണ്ട് അവൾ പറഞ്ഞു'' നിറുത്ത് നിൻെറ ഈ ചിരി''. പക്ഷേ കരുതിവെച്ച ആ ചിരിക്ക് പിന്നാലെ അവൾ പോയി. കൂട്ടുകാരിയുടെ ശരീരം പങ്കിട്ടവരുടെ കൂടെ ശയിച്ച ശേഷം അവൾ പണം കൈമാറി. അവൾ പറഞ്ഞു-.''നിങ്ങൾ എെൻറ കൂട്ടുകാരിക്ക് നൽകിയ തുകയാണ്. സ്വീകരിക്കുക''. (സമരിറ്റൻ ഗേൾ-2004)
ഇനി ഈ വഴിത്താരയിൽ ഇത്തരത്തിലൊരാൾ വരില്ല. ലോകം മുഴുവൻ അറിയപ്പെട്ടിട്ടും സ്വന്തം നാട്ടിൽ നിന്ന് തിരസ്കൃതനായി, വിവാദങ്ങളേറെ ഏറ്റുവാങ്ങിയ ഒരാൾ. ഒരു പാതി കറുപ്പും മറുപാതി വെളുപ്പിലും തെളിയുന്ന ധ്യാന ബുദ്ധൻ. സ്പ്രിങ് സമ്മർ ,ഫാൾ വിൻറർ ആൻഡ് സ്പ്രിങ് എന്ന സിനിമയിൽ ചിത്രീകരിച്ചതിന് സമാനമായി ഒരു കൈയിൽ ബുദ്ധ വിഗ്രഹത്തിൻെറ തത്വചിന്താഭാരവും അരയിൽ കെട്ടിയിട്ട സ്വപ്നങ്ങളുടെ കൽക്കട്ടിയുമായി മരണ കവാടം കടന്നുള്ള കിം കി ദുക്ക് യാത്ര തുടരുകയായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.