ഉർവശിയെ തേടിയെത്തിയത് അപൂർവ ബഹുമതി
text_fieldsനെടുമ്പാശ്ശേരി: ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലൂടെ നടി ഉർവശിയെ തേടിയെത്തിയത് അപൂർവ ബഹുമതി. ഏറ്റവും കൂടുതൽ തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടി എന്ന ബഹുമതിയാണ് ഇതോടെ ഉർവശി സ്വന്തമാക്കിയത്. ആറാം തവണയാണ് മികച്ച നടിക്കുള്ള അവാർഡ് ഉർവശി നേടുന്നത്. ‘തടവ്’ എന്ന സിനിമയിലൂടെ ബീന ആർ. ചന്ദ്രനും ഉർവശിക്കൊപ്പം മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു.
വീണ്ടും സംസ്ഥാന അവാർഡ് ലഭിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്ന് ഉർവശി പറഞ്ഞു. സിനിമയിൽ തന്നോടൊപ്പമുണ്ടായിരുന്ന പാർവതിയും മികച്ച അഭിനയമാണ് കാഴ്ചെവച്ചത്. അതുകൊണ്ടുതന്നെ തനിക്ക് അവാർഡ് ലഭിച്ചതിൽ പാർവതിക്കും പങ്കുണ്ട്. വളരെയേറെ ബുദ്ധിമുട്ടിയാണ് ‘ഉള്ളൊഴുക്കി’ലെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒട്ടേറെ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായി വന്നു. സത്യത്തിൽ കരയാതെ കരയുകയായിരുന്നു. കരയുന്നതിനെക്കാൾ പ്രയാസമാണ് കരച്ചിലടക്കാൻ. സംവിധായകനും മറ്റുള്ളവരും എല്ലാ സ്വാതന്ത്ര്യവും നൽകിയത് കഥാപാത്രത്തെ മികച്ചതാക്കാൻ സഹായിച്ചു. എല്ലാ വേഷവും പരമാവധി മനോഹരമാക്കാൻ ആത്മാർഥമായി ശ്രമിക്കാറുണ്ട്. അവാർഡ് കിട്ടണമെന്ന കാഴ്ചപ്പാടോടെ അഭിനയിക്കാറില്ലെന്നും ഉർവശി പറഞ്ഞു.
1989ൽ മഴവിൽകാവടി, വർത്തമാനകാലം, 1990ൽ തലയണമന്ത്രം, 1991ൽ ഭരതം, മുഖചിത്രം, കാക്കത്തൊള്ളായിരം, 1995ൽ കഴകം, 2006ൽ മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മുമ്പ് ഉർവശിക്ക് സംസ്ഥാന അവാർഡുകൾ ലഭിച്ചത്. 2006ൽ അച്ചുവിന്റെ അമ്മയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡും 1994ലും ‘95ലും തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളും ഉർവശിക്ക് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.