ഷാറൂഖും സൽമാനുമായുള്ള ചിത്രം; അത് ഉടൻ സംഭവിക്കുമെന്ന് ആമിർ ഖാൻ
text_fieldsഷാറൂഖ്, സൽമാൻ ഖാൻ എന്നിവർക്കൊപ്പം സിനിമ ചെയ്യുന്നതിനെക്കുറിച്ച് നടൻ ആമിർ ഖാൻ. ഇന്ത്യൻ സിനിമ പ്രേക്ഷകർ ഓൺസ്ക്രീനിൽ ഏറ്റവുമധികം കാണാൻ കാത്തിരിക്കുന്ന കോമ്പോയാണ് ഖാൻമാരുടേത്. പ്രേക്ഷകരെ പോലെ താനും അങ്ങനെയൊരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്നാണ് ആമിർ ഖാൻ പറയുന്നത്. അടുത്തിടെ സൗദി അറേബ്യയിൽ നടന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിലാണ് ഇക്കാര്യം പറഞ്ഞത്.
'ഏകദേശം ആറു മാസം മുമ്പ് ഞാനും ഷാറൂഖും സൽമാനും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. നമ്മൾ ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാനാണ് അവരോട് രണ്ടു പേരോടും പറഞ്ഞത്. അതിന് സൽമാനും ഷാറൂഖിനും വിയോജിപ്പ് ഇല്ലായിരുന്നു. സിനിമ ചെയ്യണമെന്നാണ് അവരുടെയും ആഗ്രഹം. ഉടൻ അങ്ങനെയൊരു സിനിമ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു നല്ല തിരക്കഥക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്'- ആമിർ പറഞ്ഞു.
ഷാറൂഖിനും സൽമാനുമൊപ്പം സഹകരിക്കുന്നതിനെക്കുറിച്ച് ആദ്യമായിട്ടല്ല ആമിർ ഖാൻ സംസാരിക്കുന്നത്. ഈ വർഷം ആദ്യം ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ എത്തിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം സിനിമ ചെയ്യുന്നതിനെക്കുറിച്ച് നടൻ പറഞ്ഞിരുന്നു. തന്റെ സിനിമ ജീവിതത്തിൽ അവരോടൊപ്പം( ഷാറൂഖ്, സൽമാൻ) ഒന്നിച്ചില്ലെങ്കിൽ താൻ പ്രേക്ഷകരോട് കാണിക്കുന്ന അനീതിയായിരിക്കുമെന്നും നല്ലൊരു കഥ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ആമിർ പറഞ്ഞിരുന്നു.
ആമിർ ഖാൻ അവസാനം സൽമാൻ ഖാനുമായി സഹകരിച്ചത് ആൻഡാസ് അപ്ന അപ്ന എന്ന ചിത്രത്തിലാണ്. മറുവശത്ത്, കുച്ച് കുച്ച് ഹോത്താ ഹേ, ഹം തുംഹാരേ ഹേ സനം, ട്യൂബ്ലൈറ്റ്, സീറോ, പത്താൻ, ടൈഗർ 3 തുടങ്ങിയ ഒന്നിലധികം സിനിമകളിൽ ഷാറൂഖും സൽമാനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.