ഫോർമാറ്റിന്റെ പ്രശ്നമാണ് ഓസ്കറിൽ ഇന്ത്യൻ സിനിമകൾ ശ്രദ്ധിക്കാതെ പോകുന്നതെന്ന് ഷാറൂഖ്; ആ പറഞ്ഞത് ശരിയല്ലെന്ന് ആമിർ ഖാൻ
text_fieldsസിനിമ ഫോർമാറ്റിന്റെ പ്രശ്നംകൊണ്ടാണ് ഇന്ത്യൻ സിനിമകൾ ഓസ്‌കാറിൽ ശ്രദ്ധിക്കാതെ പോകുന്നതെന്നുള്ള നടൻ ഷാറൂഖ് ഖാന്റെ വാക്കുകളെ തള്ളി ആമിർ ഖാൻ. ആ പറഞ്ഞത് അംഗീകരിക്കുന്നില്ലെന്നും മികച്ച ചിത്രങ്ങൾ ശ്രദ്ധിക്കപ്പെടുമെന്നും ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ആമിർ വ്യക്തമാക്കി. ആമിർ തന്റെ ചിത്രമായ ലഗാനെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. ഇന്ത്യൻ സിനിമകളുടെ ഫോർമാറ്റിൽ മാറ്റം വരുത്തണമെന്നും രണ്ടര മണിക്കൂർ അഞ്ച് പാട്ടുകൾ എന്ന രീതി മാറണമെന്നുമാണ് ഷാറൂഖ് പറഞ്ഞത്.
'മൂന്ന് മണിക്കൂർ 42 മിനിറ്റാണ് ലഗാന്റെ ദൈർഘ്യം. ചിത്രത്തിൽ ആറ് പാട്ടുകൾ ഉണ്ടായിരുന്നു. അത് ഓസകറിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു. അക്കാദമി അവാർഡിലേക്ക് സിനിമ നോമിനേറ്റ് ചെയ്യപ്പെടണമെങ്കിൽ , അംഗങ്ങൾക്ക് നിങ്ങളുടെ സിനിമ ഇഷ്ടപ്പെടണം. വളരെ ദൈർഘ്യമേറിയ പാട്ടുകളുള്ള ഒരു സിനിമ അക്കാദമി അംഗങ്ങൾക്ക് ഒരു പ്രശ്നമല്ലെന്നാണ് ലഗാൻ ചൂണ്ടിക്കാട്ടുന്നത്.എന്റെ അഭിപ്രായത്തിൽ, നിങ്ങൾ ജോലിയെ ആശ്രയിച്ചാണ് കാര്യങ്ങൾ, മികച്ച രീതിയിൽ ജോലി ചെയ്യുക. എല്ലാവരും മനുഷ്യരാണ്. കൂടാതെ മറ്റുരാജ്യങ്ങളും മികച്ച സിനിമകൾ നിർമ്മിക്കുന്നുണ്ടെന്ന് നിങ്ങൾ അംഗീകരിക്കണം'- ആമിർ ഖാൻ പറഞ്ഞു.
മുമ്പ് നൽകിയൊരു അഭിമുഖത്തിലാണ് ലാഗൻ ചിത്രത്തിന്റെ ഓസ്കർ എൻട്രിയെക്കുറിച്ച് ഷാറൂഖ് ഖാൻ പറഞ്ഞത്. 'ആർട്ട്- കൊമേഴ്സ്യൽ ചിത്രത്തിന്റെ കോമ്പിനേഷനാണ് ലഗാൻ. വളരെ മികച്ച ചിത്രമാണ്. പക്ഷെ ഇന്ത്യൻ സിനിമയുടെ ഫോർമാറ്റ് മാറേണ്ടതുണ്ടെന്ന് തോന്നുന്നു. നിങ്ങളുടെ പാർട്ടിയിലേക്ക് എന്നെ ക്ഷണിച്ചാൽ, നിങ്ങൾ പറയുന്ന ഡ്രസ് കോഡ് ഞാൻ ധരിക്കണം. രണ്ടര മണിക്കൂറും അഞ്ച് പാട്ടുകളുമുള്ള സിനിമ അവിടെ പറ്റില്ല'.
97-ാമത് ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ലാപത ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആമിർ ഖാൻ ആണ്. രണ്ട് യുവ നവദമ്പതികളുടെ കഥയാണ് ചിത്രം പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഭർത്തൃവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് വധു മാറി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഹനു-മാൻ, കൽക്കി 2898 എ.ഡി, ആനിമൽ, ചന്തു ചാമ്പ്യൻ, സാം ബഹദൂർ, സ്വാതന്ത്ര്യ വീർ സവർക്കർ, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാനം, ജോറാം, കൊട്ടുകാലി, ജമ, ആർട്ടിക്കിൾ 370, ആട്ടം, ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, തങ്കലാൻ, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിങ്ങനെ 29 ചിത്രങ്ങളിൽ നിന്നാണ് ലാപതാ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ വർഷത്തെ എൻട്രി ജൂഡ് ആൻ്റണി സംവിധാനം ചെയ്ത 2018 ആയിരുന്നു. എന്നാൽ ചിത്രം, 96-ാമത് അക്കാദമി അവാർഡിൻ്റെ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയില്ല. തൊട്ടു മുൻപത്തെ വർഷം, എസ്എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനൽ ഗാനത്തിനുള്ള അക്കാദമി അവാർഡ് നേടി. കാർത്തികി ഗോൺസാൽവസിൻ്റെയും ഗുണീത് മോംഗയുടെയും ഡോക്യുമെൻ്ററി ദ എലിഫൻ്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെൻ്ററി (ഹ്രസ്വചിത്രം) വിഭാഗത്തിലും വിജയിച്ചിരുന്നു. ഷൗനക് സെന്നിൻ്റെ ഓൾ ദ ബ്രീത്ത്സ് മികച്ച ഡോക്യുമെൻ്ററി ഫീച്ചറിൻ്റെ അന്തിമ പട്ടികയിൽ ഇടം നേടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.