സംവിധായകൻ എന്നെ ഒഴിവാക്കി; മൾട്ടിസ്റ്റാർ ചിത്രം ചെയ്യുമ്പോൾ ഒരുകാര്യം ശ്രദ്ധിക്കാറുണ്ട് - ആമിർ ഖാൻ
text_fieldsസണ്ണി ഡിയോൾ, ജൂഹി ചൗള, ഷാറൂഖ് ഖാൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 1993ൽ യഷ് ചോപ്ര സംവിധാനം ചെയ്ത ചിത്രമാണ് ഡർ. ചിത്രത്തിൽ രാഹുൽ മെഹ്ര എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് ഷാറൂഖ് ഖാൻ അവതരിപ്പിച്ചത്. കഥാപാത്രം ഷാറൂഖിന് മികച്ച സ്വീകാര്യത നേടി കൊടുത്തു. എന്നാൽ ഈ കഥാപാത്രത്തിനായി നിർമാതാവും സംവിധായകനുമായ യഷ് ചോപ്ര ആദ്യം പരിഗണിച്ചത് ആമിർ ഖാനെയായിരുന്നു. കഥ ഇഷ്ടപ്പെട്ടിട്ടും ആമിർ ഈ ചിത്രം ചെയ്തില്ല. പിന്നീടാണ് ഷാറൂഖ് ഖാനിലെത്തിയത്.
നല്ല ചിത്രമായിട്ടും ഡർ ഉപേക്ഷിക്കാനുള്ള കാരണം പിന്നീട് ആമിർ വെളിപ്പെടുത്തി.'ഡറിന്റെ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. യഷ് ചോപ്ര വളരെ നല്ല സംവിധായകനാണ്. ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമയിൽ ഞാനൊരു പോളിസി പിന്തുടരുന്നുണ്ട്. രണ്ടോ അധികമോ നായകന്മാരുള്ള ചിത്രത്തിൽ എല്ലാവരുടെയും ഭാഗങ്ങൾ ഉൾപ്പെടുത്തി കഥപറയാൻ സംവിധായകരോട് അഭ്യർഥിക്കാറുണ്ട്. തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ വേണ്ടിയാണിത്. ഇങ്ങനെ സിനിമ ചെയ്യാനാണ് എനിക്ക് ഇഷ്ടം. സൽമാനൊപ്പം സിനിമ ചെയ്തപ്പോഴും ഇങ്ങനെ തന്നെയായിരുന്നു. എന്നാൽ യഷ് ജിക്ക് ഇതിനോട് താൽപര്യമില്ലായിരുന്നു. അദ്ദേഹം എന്നെ ഒഴിവാക്കി'-ആമിർ ഖാൻ പറഞ്ഞു.
ഈ ചിത്രവുമായി ബന്ധപ്പെട്ട് ഷാറൂഖ് ഖാനും സണ്ണി ഡിയോളും തമ്മിൽ ചില പ്രശ്നങ്ങൾ നടന്നിരുന്നു. ഇരുവരും വർഷങ്ങളോളം മിണ്ടിയില്ല. അന്ന് പുതുമുഖമായ ഷാറൂഖ് ഖാന് ചിത്രത്തിൽ കൂടുതൽ പ്രാധാന്യം നൽകിയതിൽ സണ്ണി ഡിയോളിന് അതൃപ്തിയുണ്ടായിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതായി. ഈ അടുത്തയിടക്കാണ് ഷാറൂഖ് ഖാനും സണ്ണി ഡിയോളും ദീർഘകാലത്തെ പിണക്കം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.