'എന്നെയും ഷാരൂഖിനെയും സൽമാനെയുമെല്ലാം ജനം മറക്കും, പുതിയ താരങ്ങൾ വരും'; മൂവരും ഒന്നിച്ച് സിനിമ ചെയ്യാൻ ആഗ്രഹം -ആമിർ ഖാൻ
text_fieldsബോളിവുഡിലെ കിങ് ഖാൻമാരാണ് ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ മുന്നിലായിരിക്കും മൂവരുടെയും സ്ഥാനം. 90കളിൽ ബോളിവുഡിൽ തരംഗം തീർത്തവരാണ് മൂവരും. ഇന്നും അവരുടെ താരപദവി കാത്തുസൂക്ഷിക്കാൻ മൂവർക്കും സാധിക്കുന്നുമുണ്ട്.
'അവസാനത്തെ താരങ്ങൾ' എന്നൊരു വിശേഷണം പലപ്പോഴും ഖാൻമാർക്ക് ലഭിക്കാറുണ്ട്. ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനും നേടിയെടുത്ത താരപദവിയും സ്വീകാര്യതയും ഇനിവരുന്ന യുവനടന്മാർക്ക് അസാധ്യമാണെന്ന വിലയിരുത്തലിലാണ് 'ലാസ്റ്റ് ഓഫ് ദ സ്റ്റാർസ്' എന്ന വിശേഷണം ഇവർക്ക് നൽകുന്നത്.
'ഇൻസ്റ്റന്‍റ് ബോളിവുഡ്' ചാനലിൽ ആമിർ ഖാനുമായി നടത്തിയ അഭിമുഖത്തിൽ അവതാരകൻ ഇക്കാര്യം ചോദിക്കുന്നുണ്ട്. എന്നാൽ തങ്ങളല്ല അവസാന താരങ്ങളെന്നാണ് ആമിർ ഖാൻ പറയുന്നത്. 'ഞങ്ങൾക്ക് ശേഷം താരങ്ങളുണ്ടാവില്ല എന്ന് പറയുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും പലരും വരും. ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപോലും ഇല്ലാതെയാകും. നിങ്ങൾ ഞങ്ങളെ മറക്കുകയും ചെയ്യും. അതാണ് ലോകത്തിന്‍റെ തന്നെ ഒരു രീതി' -ആമിർ ഖാൻ പറഞ്ഞു.
മൂന്ന് ഖാൻമാരും ഒരുമിച്ച് വരുന്ന ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ആമിർ ഖാൻ ഈയിടെ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനാവശ്യമായ നല്ലൊരു തിരക്കഥക്കായി കാത്തിരിക്കുകയാണെന്നും ആമിർ വ്യക്തമാക്കി. ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ഇതുവരെയും ഒരു സിനിമയിൽ വന്നിട്ടില്ല. ഷാരൂഖിനൊപ്പം ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുകയാണ് -ആമിർ ഖാൻ പറഞ്ഞു.
ആമിർ ഖാനും സൽമാൻ ഖാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1994ൽ ഇറങ്ങിയ 'അണ്ഡാസ് അപ്നാ അപ്നാ' എന്ന ഹിറ്റ് കോമഡി ചിത്രമായിരുന്നു അത്. എന്നാൽ, ഷാരൂഖിനൊപ്പം ഒരു സിനിമയുമുണ്ടായില്ല. അതേസമയം, സൽമാനും ഷാരൂഖും കരൺ അർജുൻ (1995), കുഛ് കുഛ് ഹോത്താ ഹെ (1998), ഹം തുമാരെ ഹെയ്ൻ സനം (2005), പത്താൻ (2023) എന്നീ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്.
60കാരനായ ആമിർ ഖാൻ ഈയിടെ തന്‍റെ പുതിയ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ബംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റ് ആണ് ആമിറിന്‍റെ പുതിയ പങ്കാളി. '25 വർഷം മുമ്പാണ് ഞങ്ങൾ കണ്ടത്. ഇപ്പോൾ ഞങ്ങൾ പങ്കാളികളാണ്, പരസ്പരം പ്രതിബദ്ധതയുള്ളവരാണ്. ഒന്നര വർഷമായി ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നത്' -ആമിർ പറഞ്ഞു. മുൻ ഭാര്യമാരുമായി നല്ല ബന്ധം സൂക്ഷിക്കാൻ കഴിയുന്നതിൽ താൻ ഭാഗ്യവാനാണെന്നും ആമിർ കൂട്ടിച്ചേർത്തു. ഗൗരി എന്ന യുവതിയുമായി ആമിര്‍ ഡേറ്റിങ്ങിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
റീന ദത്തയാണ് ആമിറിന്‍റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ജുനൈദ്, ഇറ എന്നീ മക്കളുണ്ട്. 2005ൽ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തിരുന്നു. എന്നാൽ, 2011ൽ ഇരുവരും വേർപിരിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.