മലയാള സിനിമയിലെ ഒരു സംഭവവും മനസിലുണ്ടായിരുന്നില്ല; വാതിലുകൾക്ക് പിന്നിലുള്ളത് പറയാൻ ആഗ്രഹിച്ചു -ആനന്ദ് ഏകർഷി
text_fieldsആട്ടം സിനിമ എഴുതുമ്പോൾ മലയാള സിനിമയിലെ യാതൊരു സംഭവവും മനസിലുണ്ടായിരുന്നില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ആനന്ദ് ഏകർഷി. സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമം ഒരു കുറ്റകൃത്യമായി തന്നെ സിനിമയിൽ അവതരിപ്പിക്കണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നെന്ന് സംവിധായകൻ ദേശീയ മാധ്യമത്തിനോട് പറഞ്ഞു. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങൾ പുറം ലോകത്ത് എത്തിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാലത്തിലുള്ള ചോദ്യത്തിനാണ് സംവിധായകൻ മറുപടി നൽകിയത്.
'ആട്ടം എഴുതുമ്പോൾ ഒരു പ്രത്യേക കേസിനെക്കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. എന്റെ കഥയിൽ ലൈംഗികാതിക്രമം കുറ്റകൃത്യമായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.വാതിലുകൾക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് പറയാത്ത ,മാനങ്ങളെയും കാഴ്ചപ്പാടുകളെയും കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. സിനിമ മേഖലയിൽ എന്താണ് സംഭവിക്കുന്നതെന്നോ ഏതെങ്കിലും പ്രത്യേക കേസിനെക്കുറിച്ചോ ഞാൻ ചിന്തിച്ചിരുന്നില്ല'- ആനന്ദ് പറഞ്ഞു.
സിനിമ സെറ്റുകളിലെ സ്ത്രീ സുരക്ഷയെ കുറിച്ചും സംവിധായകൻ തന്റെ നിലപാട് വ്യക്തമാക്കി. 'മാറ്റങ്ങൾ കൊണ്ടുവരാൻ പ്രൊഡക്ഷൻ ഹൗസുകൾ ചില നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ധാരാളം വ്യവസ്ഥാപരമായ പ്രശ്നങ്ങളുണ്ട്. പരസ്പരം അറിയാത്ത ആളുകൾ ഒന്നിക്കുന്നതിന്‍റെ ഫലമാണ് മിക്ക സിനിമകളും. അവരുടെ പശ്ചാത്തലമോ മാനസികാവസ്ഥയോ അറിയില്ല. ഇതൊരു താൽക്കാലിക കാലയളവിലേക്കാണ്.എല്ലാ സിനിമയിലും ഒരു പാനൽ ഉണ്ടെങ്കിൽ, ഉത്തരവാദിത്തമുള്ള പെരുമാറ്റം ഉണ്ടാകും. ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. ഇത് എത്രയും വേഗം നടപ്പിലാക്കേണ്ട ഒരു പ്രധാന കാര്യമാണ്. ഈ പാനൽ ഒരാളോ ഒന്നിലധികം ആളുകളോ ആകട്ടെ. സിനിമയുടെ നിർമ്മാണത്തിലുടനീളം അവർ ഉണ്ടായിരിക്കണം'- സംവിധായകൻ പറഞ്ഞു.
നാടക സംഘത്തിനുള്ളിലെ അന്തർനാടകമാണ് ആട്ടം സിനിമ പറയുന്നത്. സാഹചര്യങ്ങൾക്ക് അനുസരിച്ച് വേഷങ്ങൾ മാറിയാടുന്ന അവസരവാദികളായ ആൺകൂട്ടത്തെയാണ് ആട്ടം പ്രതികൂട്ടിലാക്കി ചർച്ച ചെയ്യുന്നത്. കുറ്റവാളിക്കും കുറ്റകൃത്യത്തെ പരോക്ഷമായും പ്രത്യക്ഷമായും പിന്തുണക്കുന്നവർക്കുമെല്ലാം ഒരേ മുഖമാണെന്നാണ് ആട്ടം പറഞ്ഞുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.