‘നിങ്ങൾക്കു തരാൻ സെൻസേഷണൽ വാർത്തയില്ല’; വിവാഹ മോചന അഭ്യൂഹത്തിൽ പ്രതികരിച്ച് അഭിഷേക് ബച്ചൻ
text_fieldsറിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് ഒരുമിച്ച് എത്താതിരുന്നതോടെയാണ് ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹ ബന്ധം വേർപെടുത്തുകയാണെന്ന അഭ്യൂഹം വീണ്ടും പരന്നത്. ഐശ്വര്യ മകളോടൊപ്പം എത്തിയപ്പോൾ, അഭിഷേക് മറ്റ് കുടുംബാംഗങ്ങൾക്കൊപ്പമാണ് വിവാഹത്തിനെത്തിയത്. ഇതോടെയാണ് താരദമ്പതികൾ വേർപിരിയുകയാണെന്ന ചർച്ചകൾ വ്യാപകമായത്. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിഷേക് ബച്ചൻ.
“ഈ വിഷയത്തിൽ എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല. ഇങ്ങനെ ഒരു വിഷയം ചർച്ചയാക്കി ഊതി പെരുപ്പിച്ചത് നിങ്ങളാണ്. നിങ്ങൾക്ക് എപ്പോഴും എന്തെങ്കിലും കഥ വേണം. അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് എനിക്ക് മനസിലാക്കാൻ കഴിയും. ഞങ്ങൾ സെലബ്രിറ്റികളായതുകൊണ്ട് ഇങ്ങനെ പലതും നേരിടേണ്ടിവരും. അതു കുഴപ്പമില്ല. എന്തായാലും ഇപ്പോൾ നിങ്ങൾക്കു തരാൻ വേറെ സെൻസേഷണൽ വാർത്തകളൊന്നുമില്ല. ഇപ്പോഴും ഞങ്ങൾ വിവാഹിതരായി തന്നെ തുടരുകയാണ്” -അഭിഷേക് പറഞ്ഞു. അതേസമയം പ്രചരിക്കുന്ന വിഡിയോ എപ്പോഴത്തേതാണെന്ന് വ്യക്തമല്ല.
അതേസമയം കഴിഞ്ഞ വർഷം റിലീസായ ‘ഗൂമർ ’ ആണ് അഭിഷേകിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ബോക്സോഫീസിൽ അഞ്ച് കോടിയിൽ താഴെ മാത്രമാണ് ചിത്രത്തിന് നേടാനായ കലക്ഷൻ. ഷാറൂഖ് ഖാനോടൊപ്പം അഭിനയിച്ച കിങ്ങാണ് ഇനി പുറത്തുവരാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ അഭിഷേകിന് വില്ലൻ വേഷമാണെന്നാണ് വിവരം. കഴിഞ്ഞ വർഷം തന്നെ പുറത്തിറങ്ങിയ ‘പൊന്നിയിൻ സെൽവൻ 2’ ആണ് ഐശ്വര്യ അവസാനമായി പ്രത്യക്ഷപ്പെട്ട ചിത്രം. മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രത്തിന് 345 കോടി രൂപയാണ് കലക്ഷനായി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.