'പിതാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സമയത്ത് അമേരിക്കയിലെ പഠനം നിർത്തി തിരിച്ചുപോന്നു'; അഭിഷേക് ബച്ചന്‍റെ വെളിപ്പെടുത്തൽ
text_fieldsമുംബൈ: പിതാവ് അമിതാഭ് ബച്ചൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയ സമയത്ത് അമേരിക്കയിലെ പഠിത്തം അവസാനിപ്പിച്ച് തിരിച്ചുപോരേണ്ടിവന്നുവെന്ന് അഭിഷേക് ബച്ചൻ. ആ സമയത്ത് പിതാവിനെ പിന്തുണക്കണമെന്ന ചിന്തയാണ് പഠനം ഉപേക്ഷിക്കാൻ കാരണമെന്നും ബോളിവുഡിലെ മുൻനിര നടന്മാരിലൊരാളായ അഭിഷേക് വ്യക്തമാക്കി.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം അമിതാഭ് ബച്ചൻ റോൾ തേടി യാഷ് ചോപ്രയുടെ അടുത്ത് പോയിരുന്നുവെന്നും അഭിഷേക് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
'ഞാൻ പറയുന്നത് സത്യമാണ്. തൊണ്ണൂറുകളിൽ ബോസ്റ്റണിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് എനിക്ക് അതൊഴിവാക്കി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. സാമ്പത്തികമായി വൻ തകർച്ച നേരിട്ടതിനാൽ പിതാവ് കഠിനപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. അദ്ദേഹം അമിതാഭ് ബച്ചൻ േകാർപറേഷൻ ലിമിറ്റഡ് (എ.ബി.സി.എൽ) തുടങ്ങിയതിനു ശേഷമുള്ള നാളുകളായിരുന്നു.
ഏതെങ്കിലും വഴിയിൽ അദ്ദേഹത്തെ സഹായിക്കാനുള്ള യോഗ്യതകളൊന്നും അന്ന് എനിക്കുണ്ടായിരുന്നില്ല. എന്നാൽ, മകനെന്ന നിലക്ക് ആ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരിക്കണമെന്ന് എനിക്ക് തോന്നി. എങ്ങനെയെങ്കിലും പിതാവിനെ സഹായിക്കാനുള്ള ചിന്തയായിരുന്നു മനസ്സിൽ. അതുകൊണ്ടാണ് ഞാൻ പഠനം നിർത്തി തിരിച്ചുപോന്നത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ ഞാൻ അദ്ദേഹത്തെ സഹായിക്കാൻ തുടങ്ങി. 'പ്രൊഡക്ഷൻ ബോയ്' ആയാണ് തുടക്കം.
അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി പിതാവ് എന്‍റെ അടുത്തുവന്നു. 'എന്‍റെ സിനിമകളൊന്നും വിജയിക്കുന്നില്ല. ബിസിനസും നന്നായി നടക്കുന്നില്ല. ഒന്നും ശരിയാകുന്നില്ല. ഇനി അടിസ്ഥാന പാഠങ്ങളിലേക്ക് തിരിച്ചുപോകണം. കരിയർ തിരിച്ചുപിടിക്കണം' -അദ്ദേഹം പറഞ്ഞു. പിറ്റേന്ന് രാവിലെ അദ്ദേഹം യാഷ് ചോപ്രയുടെ വീട്ടിലേക്ക് പോയി. 'നോക്കൂ, എനിക്ക് ജോലിയൊന്നുമില്ല. ആരും എനിക്ക് സിനിമ തരുന്നില്ല. എന്‍റെ സിനിമകളൊന്നും ക്ലിക്കാകുന്നുമില്ല. ഒരു സിനിമ തന്ന് സഹായിക്കണമെന്ന് പറയാനാണ് ഞാൻ വന്നത്'.
അതിനു പിന്നാലെയാണ് യാഷ് ചോപ്രയുടെ ബിഗ് ബജറ്റ് ചിത്രമായ 'മൊഹബ്ബത്തേനി'ൽ അമിതാഭ് അഭിനയിക്കുന്നത്. അതോടൊപ്പം ടെലിവിഷൻ ഷോയായ 'കോൻ ബനേഗാ ക്രോർപതി'യുടെ അവതാരകനുമായി. ഇത് രണ്ടും ബച്ചന്‍റെ പിന്നീടുള്ള ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.