‘നിങ്ങളുടെ ഭാര്യ പറയുന്നതുപോലെ ചെയ്യുക’; വിവാഹ മോചന അഭ്യൂഹങ്ങൾക്കിടെ പുരുഷന്മാർക്ക് അഭിഷേകിന്റെ ഉപദേശം
text_fieldsമുംബൈ: കഴിഞ്ഞ ദിവസം ഫിലിംഫെയർ ഒ.ടി.ടി അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് നടൻ അഭിഷേക് ബച്ചൻ നൽകിയ ഉപദേശം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. നടി ഐശ്വര്യ റായിയുമായുള്ള ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുണ്ടെന്നും ഇരുവരും വൈകാതെ വിവാഹമോചിതരാകുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് അഭിഷേകിന്റെ ഉപദേശം. പുരുഷന്മാർക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളതെന്ന അവതാരകന്റെ ചോദ്യത്തിനാണ് ഫൺചാറ്റിൽ അഭിഷേക് തമാശ രൂപേണ മറുപടി നൽകിയത്. ‘നിങ്ങളുടെ ഭാര്യമാർ എന്തു പറയുന്നോ അതുപോലെ ചെയ്യുക’ എന്നായിരുന്നു അഭിഷേകിന്റെ മറുപടി.
വിമർശകരെ എങ്ങനെയാണ് പ്രകടനത്തിലൂടെ നാവടപ്പിക്കുന്നത് എന്ന ചോദ്യത്തിനും അഭിഷേകിന് മറുപടിയുണ്ടായിരുന്നു. ‘വളരെ ലളിതമാണത്. നമ്മൾക്ക് അതിൽ വലുതായൊന്നും ചെയ്യാനില്ല. സംവിധായകൻ എന്താണോ പറയുന്നത് അതുപോലെ ചെയ്യുക. അവനവന്റെ പണിയെടുത്ത് വീട്ടിൽപോവുക’. ഇതോടെ, വീട്ടിൽ ഭാര്യമാരുടെ നിർദേശം പിന്തുടരുന്നതു പോലെയാണല്ലോ അഭിഷേകിന്റെ നിർദേശം എന്നായിരുന്നു അവതാരകന്റെ കമന്റ്. ഇതിനോട്, ‘അതേ..എല്ലാ വിവാഹിതരായ പുരുഷന്മാരും അതാണ് ചെയ്യേണ്ടത്. നിങ്ങളുടെ ഭാര്യമാർ എന്താണോ പറയുന്നത് അത് ചെയ്യുക’ എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം. നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഇത് സ്വീകരിച്ചത്.
അഭിഷേകിന്റെ അഭിപ്രായ പ്രകടനത്തിന്റെ ദൃശ്യങ്ങൾ ഫിലിംഫെയർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്നീട് വൈറലായി. അടുത്തിടെ, ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഭാര്യ ഐശ്വര്യ റായിയെ അഭിഷേക് പ്രശംസിച്ചിരുന്നു. മകൾ ആരാധ്യക്ക് സ്നേഹനിധിയായ മാതാവാണ് ഐശ്വര്യയെന്ന് അദ്ദേഹം പറഞ്ഞു. ‘വീട്ടിൽനിന്ന് പുറത്തിറങ്ങി സിനിമകൾ ചെയ്യാൻ കഴിയുന്നത് ഭാഗ്യമായി ഞാൻ കരുതുന്നു. ഐശ്വര്യയാകട്ടെ ആരാധ്യയ്‌ക്കൊപ്പം താമസിച്ച് അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നു. അതിന് ഞാൻ അവളോട് വളരെയധികം നന്ദി പറയുകയാണ്’ -അഭിഷേക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.