Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2021 1:11 PM IST Updated On
date_range 10 May 2021 1:11 PM ISTതീയറ്ററിൽ ചിരി, കൈയടി, ചൂളം വിളി; ആളുകൾ മാർട്ടിനെ പൊക്കിയെടുത്തു -സുഹൃത്തിനെ കുറിച്ച് എബ്രിഡ് ഷൈൻ
text_fieldsbookmark_border
സംവിധായകനും സുഹൃത്തുമായ മാർട്ടിൻ പ്രക്കാട്ടിനെ പ്രശംസിച്ച് സംവിധായകൻ എബ്രിഡ് ഷൈൻ. മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രം 'നായാട്ട്' കണ്ടതിന് പിന്നാലെയാണ് എബ്രിഡ് ഷൈനിന്റെ കുറിപ്പ്. നായാട്ട് കണ്ടപ്പോൾ ഒരു തിരക്കഥ കൈയൊതുക്കത്തോടെ, ഭംഗിയായി സംവിധാനം ചെയ്യാനുള്ള കൂട്ടുകാരന്റെ കഴിവ് കൂടി വരുന്നത് കണ്ട് അഭിമാനം തോന്നിയെന്നും എബ്രിഡ് കുറിച്ചു
എബ്രിഡ് ഷൈനിന്റെ വാക്കുകൾ:
മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട്
കഥയും റിവ്യൂവും അല്ല..
കുറേ വർഷങ്ങൾക്ക് മുൻപ് മാർട്ടിനും ഞാനും വർഷങ്ങളോളം ഒരുമിച്ചു ജോലി ചെയ്തു . ഒരു സ്റ്റുഡിയോയിൽ ഫോട്ടോ എടുത്ത് പരസ്പരം തെർമോകോൾ പിടിച്ചു കൊടുത്തു ഒരുമിച്ച് യാത്ര ചെയ്ത് കവർ പേജുകൾ മാറി മാറി എടുത്ത് 5 വർഷം. ഓഫിസിൽ പലപ്പോഴും സിനിമ ആയിരുന്നു ചർച്ച. അങ്ങനെ ഇരിക്കെ രഞ്ജിത്ത് സർ പ്രൊഡ്യൂസ് ചെയ്ത കേരള കഫെ എന്ന സിനിമയുടെ ഷൂട്ട് തുടങ്ങുന്നു എന്നറിഞ്ഞു. അതിലേ ബ്രിഡ്ജ് എന്ന അൻവർ റഷീദ് സാറിന്റെ ഫിലിമിൽ അസ്സിസ്റ്റ് ചെയ്യാൻ മാർട്ടിൻ പോയപ്പോൾ ലാൽ ജോസ് സർ സംവിധാനം ചെയ്ത മമ്മൂട്ടി സർ അഭിനയിച്ച പുറം കാഴ്ചകൾ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ആവാൻ ഉള്ള അവസരം എനിക്ക് ലാൽജോസ് സർ അനുഗ്രഹിച്ചു തന്നു.
മാർട്ടിന് പിന്നീട് മമ്മൂട്ടി സർ ഡേറ്റ് കൊടുത്തു. ബെസ്റ്റ് ആക്ടർ റിലീസ് ദിവസം സരിത–സവിത–സംഗീത തിയറ്റർ കോംപ്ലക്സിലേക്ക് മാർട്ടിന്റെ ഫ്ലാറ്റിൽ നിന്ന് മാർട്ടിനോടൊപ്പം കാറിൽ ഞാൻ മാത്രം ഉണ്ടായിരുന്നുള്ളൂ. ഫ്ലാറ്റിൽ നിന്ന് ഇറങ്ങുമ്പോൾ ലാഘവത്തോടെ മറ്റുള്ളവരോട് തിയറ്ററിൽ കാണാമെന്നു പറഞ്ഞാണ് എന്റെ കാറിൽ കയറിയത്. കാറിൽ മാർട്ടിന്റെ നിയന്ത്രണം വിട്ടു, കണ്ണുകൾ നിറഞ്ഞു. ആദ്യ ദിവസം ആദ്യ ഷോ.
ലോകത്തു പല കോണിൽ നിന്നും ആളുകൾ വിളിച്ചു ആശംസകൾ പറയുന്നു. ഞങ്ങൾ ചെന്നപ്പോൾ തിയറ്റർ കോംപൗണ്ടിൽ ആള് കുറവ്. ' എന്തുവാടെ ആളില്ലേ ' മാർട്ടിൻ ചോദിച്ചു. 'ആള് വരും നമ്മൾ നേരത്തെ എത്തി 'എന്ന് ഞാൻ പറഞ്ഞു. 5 മിനിറ്റ് കഴിഞ്ഞപ്പോഴേക്ക് ആളുകൾ ഇരമ്പി എത്തി. ഹൗസ്സ്ഫുൾ ആയി. തിയറ്ററിൽ ചിരി, കൈയടി, ചൂളം വിളി.
പടം കഴിഞ്ഞു സംവിധായകനെ തിരിച്ചറിഞ്ഞ ആളുകൾ മാർട്ടിനെ പൊക്കിയെടുത്തു കൊണ്ട് പോയി. എന്റെ കണ്ണുകൾ നിറഞ്ഞു. മാർട്ടിന്റെ പേരും എന്റെ പേരും മാറി വന്നിരുന്നതിനാലാവാം ഓരോ സ്ഥലത്തു ചെല്ലുമ്പോൾ ആളുകൾ ചോദിക്കും കൂട്ടുകാരൻ ഡയറക്ടർ ആയല്ലോ എന്നാ പടം ചെയ്യുന്നത്.
മാർട്ടിൻ പടം ചെയ്തത് കൊണ്ടും ആ പടം വിജയം ആയതുകൊണ്ടുമാണ് ഞാൻ സംവിധായകൻ ആയത്. 1983 യുടെ കഥ നിവിനോട് പറഞ്ഞത് 10 മിനിറ്റ് കൊണ്ടാണ്. ആ 10 മിനുട്ടിൽ നിവിൻ പടം ചെയ്യാമെന്ന് സമ്മതിച്ചു. ബിജു ആവട്ടെ ആദ്യം നിവിൻ ഡേറ്റ് തന്ന ശേഷം ആണ് കഥ ഉണ്ടാവുന്നത്. 10 മിനിറ്റ് കൊണ്ട് പറഞ്ഞ കഥ, നിവിൻ എങ്ങനെ ആണ് സമ്മതിച്ചതെന്നു പിന്നീട് നിവിനോട് ചോദിച്ചിട്ടുണ്ട്. പറഞ്ഞ് വന്നത് മാർട്ടിൻ പ്രക്കാട്ട് എന്ന കൂട്ടുകാരനെക്കുറിച്ചാണ്.
1983 ഫസ്റ്റ് കട്ട് കണ്ട ശേഷം മാർട്ടിൻ പറഞ്ഞു. നിനക്ക് സ്റ്റേറ്റ് അവാർഡ് കിട്ടും എന്ന്. പറഞ്ഞത് പോലെ എനിക്കും നിവിനും അനൂപ് മേനോനും സ്റ്റേറ്റ് അവാർഡും ഗോപി സുന്ദറിന് നാഷനൽ അവാർഡും കിട്ടി. വൈകാതെ മാർട്ടിൻ ചാർളി ചെയ്ത് അവാർഡിന്റെ പെരുമഴ പെയ്യിച്ചു.
ഞങ്ങൾ രണ്ട് പേരും ആദ്യമായി അസ്സിസ്റ്റ് ചെയ്ത പടത്തിന്റെ പ്രൊഡ്യൂസർ രഞ്ജിത്ത് സാറിന് വേണ്ടി മാർട്ടിൻ ചെയ്ത 'നായാട്ട് ' ഇന്നാണ് കാണാൻ പറ്റിയത് നെറ്റ്ഫ്ലിക്സിൽ.
പടം റിലീസ് ചെയ്ത സമയത്തു' മഹാവീര്യർ 'പുതിയ ചിത്രത്തിന്റെ ഷൂട്ടിൽ ആയിരുന്നു. നായാട്ട് കണ്ടപ്പോൾ ഒരു സ്ക്രിപ്റ്റിനെ കൈയൊതുക്കത്തോടെ,വൃത്തിയായി ഭംഗിയായി സംവിധാനം ചെയ്യാനുള്ള കൂട്ടുകാരന്റെ കഴിവ് കൂടി കൂടി വരുന്നത് കണ്ട് വീണ്ടും വീണ്ടും അഭിമാനം തോന്നി.
സന്തോഷം.. നന്ദി..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story