ഇന്നസെന്റിന്റെ കല്ലറ പിതാവിനരികെ
text_fieldsതൃശൂർ: ഇരിങ്ങാലക്കുടയുടെ മുക്കുംമൂലയും വാക്കിലൂടെയും എഴുത്തിലൂടെയും ലോകത്തിന് പരിചയപ്പെടുത്തിയ പ്രിയപ്പെട്ടവൻ അവസാനമായി ഇരിങ്ങാലക്കുട ടൗൺഹാളിലേക്ക് എത്തുമ്പോൾ സെന്റ് തോമസ് കത്തീഡ്രലിന്റെ കിഴക്കേ സെമിത്തേരിയിൽ അന്ത്യവിശ്രമത്തിന് കല്ലറ ഒരുങ്ങുകയായിരുന്നു.
ഇന്നസെന്റിന്റെ വീടായ പാർപ്പിടത്തിന് ഏകദേശം 200 മീറ്റർ മാത്രം അകലെയുള്ള സെമിത്തേരിയിൽ ചൊവ്വാഴ്ച രാവിലെ 10നാണ് സംസ്കാരം. പിതാവ് തെക്കേത്തല കൊച്ചുവറീതിന്റെ കല്ലറ കുടികൊള്ളുന്നതും ഇവിടെയാണ്. ഇന്നസെന്റിന്റെ വീടായ പാർപ്പിടം ആൾത്തിരക്കിനിടയിലും തിങ്കളാഴ്ച മൗനത്തിലായിരുന്നു. ആഘോഷങ്ങളോടും പെരുന്നാളുകളോടും എന്നും ആവേശം പുലർത്തിയിരുന്ന ഇന്നസെൻറ് ഒരുവർഷം മുമ്പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. നടൻ നെടുമുടി വേണു ഇന്നസെന്റിന്റെ ആദ്യ വീടിന് ഇട്ട പാർപ്പിടം എന്ന പേരുതന്നെയായിരുന്നു പിന്നീട് നാല് വീടിനും ഇട്ടത്.
പിണ്ടിപ്പെരുന്നാൾ പോകുന്നത് നന്നായി കാണാമെന്നായിരുന്നു പുതിയ വീട് പണിതത് എന്തിനാണെന്ന ചോദ്യത്തിനുള്ള ഇന്നസെന്റിന്റെ ഉത്തരം. ഒന്നോ രണ്ടോ സിനിമയിൽ അഭിനയിക്കുമ്പോഴേക്കും എറണാകുളത്തേക്ക് താമസം മാറ്റുന്ന പുതുതലമുറയോട് ഇരിങ്ങാലക്കുടയോടുള്ള തന്റെ ആത്മബന്ധവേരുകൾ കാണിച്ചായിരുന്നു മറുപടി. അത്രമാത്രം ആ നാടിനോടും വീടിനോടും അലിഞ്ഞുകിടന്നിരുന്നു ആ നടൻ.
ആ നാട്ടിലെ ഓരോ കവലകളിലെ കഥകളും ഓർമകളും ഒരുപാട് പറഞ്ഞുനടന്നിരുന്നു ഇന്നസെന്റ്. അത്രമേൽ സ്വീകാര്യത ഉണ്ടായിരുന്നതിനാലാണ് അദ്ദേഹം ജനപ്രതിനിധിയായതും. തന്റെ വാക്കിലും എഴുത്തിലും കഥാപാത്രങ്ങളായി സിനിമയിൽ കുടിയേറിയ ഒരുപാട് പേർ ഇന്നസെന്റിനെ അവസാനമായി കാണാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.