നടൻ മാരിമുത്തു ഡബ്ബിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു; അവസാനം വേഷമിട്ടത് ജയിലറിൽ
text_fieldsചെന്നൈ: തമിഴ് നടനും സംവിധായകനുമായ ജി. മാരിമുത്തു ഡബ്ബിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. 58 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ 8.30ന് 'എതിര്‍ നീച്ചാല്‍' എന്ന ടെലിവിഷന്‍ ഷോയുടെ ഡബ്ബിങ്ങിനിടെ ചെന്നൈയിലെ സ്റ്റുഡിയോയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. രജനീകാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയലറിലാണ് അവസാനമായി വേഷമിട്ടത്.
ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പൊതുദർശനത്തിനായി ചെന്നൈയിലെ വസതിയിലേക്ക് മാറ്റും. ഇന്നുതന്നെ മൃതദേഹം ജന്മനാടായ തേനിയിലേക്ക് കൊണ്ടുപോകും. അവിടെയാകും സംസ്‌കാര ചടങ്ങുകൾ നടക്കുക.
ശക്തമായ അഭിപ്രായ പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നയാളായിരുന്നു മാരിമുത്തു. സിനിമ സംവിധാനം ചെയ്യുകയെന്ന മോഹത്തോടെ തേനിയിലെ വീടുവിട്ടിറങ്ങിയ അദ്ദേഹം 2008ല്‍ കണ്ണും കണ്ണും എന്ന ചിത്രം സംവിധാനം ചെയ്ത് തന്റെ സ്വപ്നത്തിലേക്ക് നടന്നുകയറി. 2014ല്‍ പുലിവാല്‍ എന്ന ചിത്രവും സംവിധാനം ചെയ്തു. 1999 മുതല്‍ അഭിനയരംഗത്തുണ്ട്. വാലി, ജീവ, പരിയേറും പെരുമാൾ, യുദ്ധം സെയ്, ആരോഹണം, കൊമ്പന്‍, മരുത് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഭാഗ്യലക്ഷ്മിയാണ് ഭാര്യ. അഖിലൻ, ഐശ്വര്യ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.